സിൽവർ ലൈൻ ഇരകൾക്കൊപ്പമെന്ന് ക്രൈസ്തവ സഭകൾ, വെട്ടിലായി കേരള കോൺഗ്രസ് (എം)
പി.കെ മുഹമ്മദ് ഹാത്തിഫ്
കോഴിക്കോട്
ഇടത് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സിൽവർ ലൈനെതിരേ ക്രൈസ്തവ സഭകൾ പരസ്യമായി രംഗത്ത്.
റെയിൽപാത കടന്നു പോകുന്ന മധ്യകേരളത്തിലെ പ്രബല സമുദായങ്ങളായ സഭകൾ സിൽവർ ലൈൻ വിരുദ്ധ സമരത്തെ അനുകൂലിക്കുകയും തങ്ങൾ ഇരകൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചതും സർക്കാരിനെയും കേരള കോൺഗ്രസ് (എം)നേയുമാണ് വെട്ടിലാക്കിയത്. സിറോ മലബാർ കത്തോലിക്ക, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമ്മ, സി.എസ്.ഐ എന്നീ സഭകളാണ് പദ്ധതിക്കെതിരേ മുന്നോട്ടുവന്നത്.
സിൽവർ ലൈൻ വിരുദ്ധ സമരങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ വൈദികർ സമരക്കാർക്ക് പിന്തുണയുമായും രംഗത്തുണ്ട്. സർക്കാരിനെ വിമർശിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിൽ ലേഖനമെഴുതിയിരുന്നു. ഇരകളെ ചോദ്യം ചെയ്യുകയും നിശബ്ദമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം ലേഖനത്തിൽ പറഞ്ഞത്. ചെങ്ങന്നൂരിൽ സമരക്കാർക്ക് നേരെയുണ്ടായ പൊലിസ് നടപടിക്ക് പിന്നാലെ കെ.സി.ബി.സിയുടെ ജാഗ്രതാ കമ്മിഷനും പദ്ധതിയെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. സിൽവർ ലൈനിനെതിരേ ആദ്യമായി രംഗത്തു വന്നത് മാർത്തോമ്മ സഭയായിരുന്നു. സഭയുടെ ആഭിമുഖ്യത്തിൽ നടന്ന മാരാമൺ കൺവൻഷനിലാണ് പദ്ധതി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതാണെന്നും അതിൽ നിന്ന് പിൻമാറണമെന്നും ആവശ്യമുന്നയിച്ചത്.
ഇടത് അനുഭാവിയും യാക്കോബായാ സഭയുടെ തിരുവല്ല ഭദ്രാസന ബിഷപ്പുമായ ഗീവർഗീസ് മാർ കൂറിലോസും സിൽവർ ലൈൻ പദ്ധതിക്കെതിരേ പരസ്യ നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്. നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന വികസന മാതൃകകൾ ആവശ്യമില്ലെന്നായിരുന്നു ഓർത്തഡോക്‌സഭ ചെങ്ങന്നൂർ ഭദ്രാസന ബിഷപ്പ് തോമസ് മാർ തിമോത്തിയോസ് പറഞ്ഞത്.
പദ്ധതിക്കെതിരേ കൂടുതൽ സഭകൾ രംഗത്തു വന്നതോടെ ഇടതുമുന്നണിയിലുള്ള കേരള കോൺഗ്രസ് (എം) ആണ് കൂടുതൽ പ്രതിസന്ധിയിലാകുന്നത്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പും, കത്തോലിക്കാ മെത്രാൻ സമിതിയും പദ്ധതിക്കെതിരേ മുന്നോട്ടു വന്നതോടെ കോട്ടയം, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകൾക്കു പുറമേ കത്തോലിക്കർ തിങ്ങിപ്പാർക്കുന്ന മലബാറിലെ മലയോര മേഖലകളിലും സ്വാധീനമുള്ള കേരള കോൺഗ്രസ് (എം) വിഷമവൃത്തത്തിലാണിപ്പോൾ. സി.പി.എം നേതൃത്വത്തിൽ സിൽവർ ലൈൻ അനുകൂല പ്രചാരണ പരിപാടികൾ നടത്തുമ്പോൾ സഭയുടെ നിലപാടിനെ തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥയിലാണ് പാർട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."