വിചാരണ നേരിടാത്ത നീതിനിഷേധം
എൻ.കെ ഭൂപേഷ്
കഴിഞ്ഞയാഴ്ച എറണാകുളത്തെ ഹൈക്കോടതിക്കടുത്തുള്ള വഞ്ചി സ്‌ക്വയറിൽ ഒരു സമരം നടന്നു. 'മനുഷ്യാവകാശ പ്രസ്ഥാന'ത്തിന്റെ പ്രവർത്തകരായ അഡ്വ. തുഷാർ നിർമ്മൽ സാരഥിയും ജെയ്‌സൺ സി. കൂപ്പറിന്റെയും ഉപവാസമായിരുന്നു അത്. ഏഴുവർഷം മുമ്പായിരുന്നു തുഷാർ നിർമ്മൽ സാരഥിയേയും ജെയ്‌സൺ കൂപ്പറെയും കേരള പൊലിസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ഇവർക്കെതിരേ ചുമത്തുകയും ചെയ്തു. ഏതാനും ആഴ്ചകൾക്കുശേഷം ഇരുവരും ജാമ്യത്തിൽ പുറത്തിറങ്ങി. എന്നാൽ അവരിൽനിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ് അടക്കമുള്ള വസ്തുക്കൾ തിരികെനൽകിയിട്ടില്ല. ഇതുവരെ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടില്ല. കുറ്റപത്രം സമർപ്പിക്കണം അല്ലെങ്കിൽ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം. കേരളത്തിൽ അത്യപൂർവമായ സമരം. സമരം കഴിഞ്ഞെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണമുണ്ടായതായി അറിവില്ല.ഒരു കണക്കിന് തുഷാറും ജെയ്‌സണും ഭാഗ്യവാന്മാരാണ്. കാരണം രാജ്യത്തെ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് വിചാരണത്തടവുകാരെ പോലെ അവർക്ക് ജാമ്യമില്ലാതെ ജയിലിൽ കഴിയേണ്ടി വന്നിട്ടില്ല. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി പരിശോധിക്കുമ്പോൾ അത് ചെറിയ കാര്യമല്ല.
കഴിഞ്ഞ ദിവസം തന്നെയാണ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വിദ്യാർഥി നേതാവായിരുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത്. അദ്ദേഹം ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്നു. ഡൽഹിയിൽ നടന്ന വർഗീയകലാപവുമായി ബന്ധപ്പെട്ട് പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. സംഘർഷ മേഖലയിൽ സമാധാനാന്തരീക്ഷം ഉണ്ടാക്കാൻ അദ്ദേഹം ശ്രമിക്കുന്നതിന്റെ ചിത്രങ്ങളല്ലാതെ, വിധ്വംസക പ്രവർത്തനങ്ങളിൽ ഉമർ ഖാലിദ് ഏർപ്പെടുന്നതായുള്ള തെളിവുകൾ എന്തെങ്കിലും ഇതിനകം ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞതായി അറിവില്ല. എന്തായാലും ഉമർ ഖാലിദ് ഇപ്പോഴും വിചാരണത്തടവുകാരനായി ജയിലിൽ തുടരുന്നു. കോടതികൾ നിരന്തരമായി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷന്റെ ആവശ്യത്തിനനുസരിച്ച് തള്ളുകയും ചെയ്യുന്നു.
കുറ്റം തെളിയിക്കപ്പെടാതെ ജയിലുകളിൽ കഴിയേണ്ടിവരുന്നവരുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് മോദി സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷമുണ്ടായ പ്രവണതയൊന്നുമല്ല, നേരത്തെയും ഇങ്ങനെ തന്നെയായിരുന്നു. 1990 കൾക്കു ശേഷം വിചാരണയില്ലാതെ ജയിലിൽ കഴിയേണ്ടിവരുന്നവരുടെ കൂട്ടത്തിലുള്ള മുസ്‌ലിംകളുടെയും ദലിതരുടെയും എണ്ണം കൂടിയിട്ടുണ്ടാകാമെന്ന് മാത്രം. വൈകുന്ന നിയമ നടപടിതന്നെയാണ് ഇങ്ങനെ ജയിലിലടക്കപ്പെടുന്നവർക്ക് കിട്ടുന്ന ശിക്ഷ. നിയമത്തിന്റെ പരിശോധനയില്ലാതെ ഇങ്ങനെ ആയിരങ്ങൾ കുറ്റവാളികളായി ജീവിക്കുന്നു. നിയമപ്രക്രിയ നിലനിൽക്കുന്ന ഒരു രാജ്യത്താണ് ഇതു സംഭവിക്കുന്നത്.
വിചാരണയില്ലാതെ തടവനുഭവിക്കുന്നവരെക്കുറിച്ചുള്ള 2020ലെ കണക്കനുസരിച്ച് രാജ്യത്തെ ജയിലിലെ തടവുപുള്ളികളിൽ നാലിൽ മൂന്നും വിചാരണ നേരിടാത്തവരാണ്. 2020ലെ കണക്ക് മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ. ഒരോ വർഷവും തടവുകാരുടെ മൊത്തം എണ്ണത്തിൽ ഒരു ശതമാനം വർധനയുണ്ടാകുമ്പോൾ വിചാരണത്തടവുകാരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനയാണുണ്ടാകുന്നത്. 2020ലെ പ്രിസൺ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ പറയുന്നത് മൊത്തം തടവുകാരുടെ 76 ശതമാനവും വിചാരണത്തടവുകാരാണെന്നാണ്.
സ്റ്റാൻ സ്വാമിയുടെ ജയിലിനുള്ളിലെ മരണം ലോകം മുഴുവൻ വാർത്തയായിട്ടും രാജ്യത്തിന്റെ പ്രതിച്ഛായയെ കരുതിയെങ്കിലും വിചാരണത്തടവുകാരുടെ കാര്യത്തിൽ എന്തെങ്കിലും മനുഷ്യത്വപരമായ സമീപനത്തിന് ഇതുവരെ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ബെയ്ൽ ഈസ് ദ നോം എന്നൊക്കെ പറയുമെങ്കിലും വിചാരണത്തടവുകാരുടെ കാര്യത്തിൽ നീതിന്യായ സംവിധാനത്തെയും പലപ്പോഴും നീതിബോധമാണ് നയിക്കുന്നതെന്ന് പറയുക വയ്യ. കോയമ്പത്തൂർ സ്‌ഫോടന കേസിന്റെ ചരിത്രം നമുക്ക് അറിയാം. ഒമ്പത് വർഷം മഅ്ദനി ജയിലിൽ കഴിഞ്ഞു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു. ബംഗളൂരു സ്‌ഫോടന കേസിൽ തടവിൽ കഴിയുന്ന സകരിയയുടെ കഥ ഇപ്പോൾ വാർത്ത പോലുമാകുന്നില്ല.
വിചാരണത്തടവുകാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഇപ്പോൾ പറയാൻ കാരണം അബ്ദുൽ വഹാബ് എം.പി ഇക്കാര്യം പാർലമെന്റിൽ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ്. തെറ്റായി ജയിലിലടക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനനുസരിച്ച് നിയമ ഭേദഗതി വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
പരിഷ്‌കൃതസമൂഹത്തിന് അപമാനകരമായ, വർഷങ്ങളായി കുറ്റം തെളിയാത്തവരെ ജയിലിലടക്കുന്ന സമ്പ്രദായത്തിനെതിരേ രാഷ്ട്രീയപാർട്ടികൾ മാത്രമല്ല, കാലാകാലമായി നിയമവിദഗ്ധരും രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ലോ കമ്മിഷന്റെ തന്നെ ശുപാർശകൾ സർക്കാരിന് മുന്നിലുണ്ട്. അവസാനമായി ഇതുമായി ബന്ധപ്പെട്ട് ശുപാർശകൾ നൽകിയത് ലോ കമ്മിഷനാണ്. 'ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സമൂഹത്തിലെ പണക്കാരനും ഉന്നതങ്ങളിൽ സ്വാധീനമുള്ളവർക്കുമാണ് എളുപ്പത്തിൽ ജാമ്യം കിട്ടുന്നത്. അതൊരു സ്വാഭാവികതയായി തന്നെ മാറിയിരിക്കുകയാണ്. അതേസമയം, സാധാരണക്കാരും ദരിദ്രരും ജയിലുകളിൽ കഴിയുകയാണ്' മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബി.എസ് ചൗഹാൻ അധ്യക്ഷനായ ലോ കമ്മിഷൻ്റേതാണ് ഈ പരാമർശം. ഈ പശ്ചാത്തലത്തിൽ ജാമ്യം കിട്ടാനുള്ള വ്യവസ്ഥകളിൽ ഭേദഗതി വേണമെന്നായിരുന്നു കമ്മിഷന്റെ ശുപാർശ. ഏഴുവർഷം വരെ തടവു കിട്ടാവുന്ന ശിക്ഷയുടെ മൂന്നിലൊന്ന് അനുഭവിച്ചവർക്ക് ജാമ്യം നൽകാമെന്നതടക്കമുളള ഭേദഗതികളായിരുന്നു നിർദേശിക്കപ്പെട്ടത്. തടവറയിൽ കഴിയുന്ന വിചാരണത്തടവുകാരിൽ ബഹുഭൂരിപക്ഷവും നിരക്ഷരരോ, അല്ലെങ്കിൽ അർധനിരക്ഷരരോ ആണെന്ന കാര്യവും കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ലോ കമ്മിഷൻ ഇക്കാര്യത്തിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിക്കണമെന്നുള്ള ആവശ്യമാണ് ഇപ്പോൾ വീണ്ടും ഉയർന്നിട്ടുള്ളത്.
രാജ്യത്തെ നിയമങ്ങൾ അതത് കാലത്തിന്റെ ആവശ്യത്തിനനുസരിച്ചും സമൂഹത്തിലെയും ലോകത്തിലെയും മാറ്റങ്ങൾക്ക് അനുസരിച്ചും എങ്ങനെ മാറ്റണമെന്ന് നിർദേശിക്കുകയെന്നതാണ് ലോ കമ്മിഷന്റെ ഉത്തരവാദിത്വം. ഇപ്പോഴാണെങ്കിൽ ലോ കമ്മിഷന് അധ്യക്ഷൻ പോലുമില്ല. ഫലത്തിൽ ലോ കമ്മിഷൻ തന്നെയില്ല. അതായത് നിയമത്തിൽ കാലികമായി വരുത്തേണ്ട ഭേദഗതികളെകുറിച്ച് നിയമനിർമാണ സഭകൾക്ക് പുറത്തുനിന്ന് നിർദേശിക്കുന്ന സംവിധാനം തന്നെ ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുകയാണെന്ന് സാരം.
ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യത്തിന് നിരക്കാത്ത ലോ കമ്മിഷൻ ശുപാർശകൾ നേരത്തെയും അംഗീകരിക്കപ്പെട്ടിട്ടില്ല. സൈനികർക്കുള്ള പ്രത്യേക അവകാശ നിയമം(അഫ്‌സ്പ) പിൻവലിക്കണമെന്നായിരുന്നു ജസ്റ്റിസ് ജീവൻ റെഡ്ഡി അധ്യക്ഷനായ ലോ കമ്മിഷൻ 2005ൽ ശുപാർശ ചെയ്തത്. എന്നാൽ അത് അംഗീകരിക്കപ്പെട്ടിട്ടില്ല. ഇന്നും സൈനികർക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം, ജനങ്ങൾക്കെതിരായ ഭരണകൂടത്തിന്റെ മർദന ഉപകരണമായി തുടരുന്നു.
'തെറ്റായി' ജയിലിലടക്കപ്പെടുന്നത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണെന്ന് തിരിച്ചറിയുന്ന ഒരു ഭരണകൂടത്തിന് മാത്രമേ, ജാമ്യവ്യവസ്ഥകൾ ലഘൂകരിച്ച് നീതിയിലധിഷ്ഠിതമായ വ്യവസ്ഥയ്ക്കുവേണ്ടി ശ്രമിക്കാൻ പറ്റൂ. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇപ്പോൾ അത്തരമൊരു സാഹചര്യമില്ല. അതുകൊണ്ട് നിയമം കുറ്റക്കാരെന്ന് കണ്ടെത്താത്തവരും പൊലിസിന്റെയും ഭരണകൂടത്തിന്റെയും താൽപര്യത്തിന്റെ പുറത്തുമാത്രം ജയിലിൽ കഴിയേണ്ടിവരുന്ന അവസ്ഥ ഇനിയും തുടരുമെന്ന് തന്നെയാണ് ആശങ്കപ്പെടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."