പൂജയ്‌ക്കെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പൂജാരി അറസ്റ്റിൽ
തൃശൂർ: പൂജ നടത്താനെന്നു പറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽനിന്ന് ലക്ഷക്കണക്കിനു രൂപയും ആഭരണങ്ങളും തട്ടിയെടുത്തു മുങ്ങിയ കേസിൽ പൂജാരി അറസ്റ്റിലായി. ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തുന്നതിനും പുതിയ വിഗ്രഹങ്ങൾ, ഗോളക, ദേവിക്കുള്ള ആഭരണങ്ങൾ എന്നിവ നിർമിച്ചുതരാമെന്നും പറഞ്ഞ് പല തവണകളിലായി 14,25,000 രൂപയും ആഭരണങ്ങളും കൈപ്പറ്റി മുങ്ങിയ കേസിൽ ഒളരിക്കര പുല്ലഴി രാഗേഷ് കുമാറാ( 45)ണ് നെടുപുഴ പൊലിസിന്റെ പിടിയിലായത്.
2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് പ്രതി ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ തന്ത്രിയായിരുന്നത്. സാധനങ്ങൾ തരാമെന്ന് പറഞ്ഞ തിയതികൾ മാറിയതോടെയാണ് ഭാരവാഹികൾക്ക് സംശയം തോന്നിയത്. പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോവുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയുടെ അതിർത്തിയിൽ അണ്ടത്തോടുള്ള മറ്റൊരു ക്ഷേത്രത്തിൽ ശ്രീഹരി എന്ന പേരിൽ പൂജ ചെയ്യുന്നതായി അറിഞ്ഞത്. പൊലിസ് എത്തിയ സമയം അവിടെനിന്നു മുങ്ങി. തുടർന്ന് രാത്രിയോടെ അമ്പലം അടയ്ക്കാൻ തിരികെ വന്നപ്പോഴാണ് വടക്കേക്കാട് പൊലിസിന്റെ കൂടി സഹായത്തോടെ നെടുപുഴ പൊലിസ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരേ പേരാമംഗലം പൊലിസ് സ്റ്റേഷനിൽ അടിപിടി കേസുമുണ്ട്.
നെടുപുഴ പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി.ജി ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ തോമസ്, പൗലോസ്, ബാലസുബ്രഹ്മണ്യൻ, എ.എസ്.ഐ രാംകുമാർ, സിവിൽ പൊലിസ് ഓഫിസർമാരായ ശ്രീനാഥ്, പ്രവീൺ, പ്രിയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."