ഇന്ത്യക്ക് വെടിയേറ്റ 75 വര്ഷം
ദാമോദര് പ്രസാദ്
വധശിക്ഷ കാത്തുകഴിയുന്ന പിതാവിന്റെ ഘാതകനു രാമദാസ് ഗാന്ധി രണ്ടു കത്തുകൾ അയയ്ക്കുന്നുണ്ട്. രണ്ടിനും നാഥുറാം ഗോഡ്സെ മറുപടി കൊടുക്കുന്നുമുണ്ട്. ആദ്യമയച്ച കത്തിൽ രാമദാസ് ഗാന്ധി വ്യക്തമാക്കുന്നത് , വിചാരണക്കോടതി ഗോഡ്സെയ്ക്കു നൽകിയ ‘ശിക്ഷാവിധി അനുഭവിപ്പിക്കാതിരിക്കാൻ’ താൻ ഗവർണർ ജനറലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നാണ്. പ്രസ്തുത കത്തിൽ മഹാത്മാ ഗാന്ധിക്കെതിരേ ഗോഡ്സെ വിചാരണക്കോടതിയിൽ നൽകിയ പ്രസ്താവനയെ തള്ളുകയും ചെയ്യുന്നുണ്ട്. ഗോഡ്സെ നൽകിയ ഈ പ്രസ്താവനയാണ് പിന്നീട് ഗാന്ധിവധത്തിനുള്ള ഹിന്ദുരാഷ്ട്രവാദികളുടെ ന്യായീകരണമായി പ്രചരിക്കപ്പെട്ടിട്ടുള്ളത്.
വിചാരണക്കോടതി ഗാന്ധിയെ വധിച്ചതിനുള്ള ശിക്ഷയിൽ യാതൊരു ഇളവും നൽകുകയില്ല എന്നു തിരിച്ചറിഞ്ഞശേഷം അഭിഭാഷകരുടെ സഹായത്തോടെ തയാറാക്കിയതാണ് ഈ വിവാദ പ്രസ്താവനയെന്നാണ് ‘ഗാന്ധിയുടെ ഘാതകൻ: ഗോഡ്സെയുടെ ഹിന്ദുരാഷ്ട്ര സങ്കൽപം’ എഴുതിയ ദിരേന്ദ്ര കെ. ജാ വ്യക്തമാക്കുന്നത്. ധീരനായി സ്വയം പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒടുക്കംവരെ വധശിക്ഷയിൽനിന്ന് മോചനം ലഭിക്കാൻ ഗോഡ്സെ പലശ്രമങ്ങളും നടത്തിയിരുന്നു. ദിരേന്ദ്ര കെ. ജാ സൂചിപ്പിക്കുന്നത്, ഗാന്ധിയുടെ മകൻ രാമദാസ് ഗാന്ധി എഴുതിയ കത്തിനുള്ള മറുപടി വധശിക്ഷയിൽനിന്ന് ഇളവു ലഭിക്കുമോ എന്ന താൽപര്യംകൂടി പറയാതെ പറയുന്നവിധമാണ് തയാറാക്കിയത്.
ഗോഡ്സെയുടെ
വധശിക്ഷയും വാദങ്ങളും
ഗോഡ്സെക്ക് വധശിക്ഷ വിധിക്കപ്പെട്ടതിനുശേഷം ഉയർന്നുവന്ന ചർച്ചയാണ് ഗാന്ധിയുടെ മൗലിക വിശ്വാസപ്രമാണങ്ങൾക്കെതിരാണ് വധശിക്ഷ എന്നുള്ളത്. ഗാന്ധിയുടെ മകന്റെ ഗവർണർ ജനറലിനുള്ള അഭ്യർഥനയിലും പ്രതിധ്വനിച്ചത് പിതാവിന്റെ ഈ വിശ്വാസമാണ്. ഗാന്ധിയുടെ മകനെ നേരിൽ കാണാൻ ഗോഡ്സെ ഉൽക്കടമായ ആഗ്രഹം മറുപടിക്കത്തുകളിലൂടെ പ്രകടിപ്പിച്ചതിനു പിന്നിൽ തനിക്ക് മാപ്പു നൽകപ്പെടുകയും ഇതു വധശിക്ഷയിൽ ഇളവിനുള്ള കാരണമാകാമെന്നുമുള്ള പ്രതീക്ഷയിലാണ്.
ഗാന്ധിയൻ വിശ്വാസങ്ങൾ പിന്തുടർന്നവർക്ക് സങ്കീർണ പ്രശ്നമാണ് വധശിക്ഷ എന്നുള്ളത്. ഇത് ഗാന്ധിയുടെ ഘാതകനെ സംബന്ധിച്ചിടത്തോളം പ്രധാനമാവുകയും ചെയ്തു. വധശിക്ഷയെ സംബന്ധിച്ചു 1949ൽ നടന്ന ഡിബേറ്റുകളുടെ സൂചനയായി രണ്ടു പ്രധാന ആലോചനകൾ ദിരേന്ദ്ര കെ. ജാ ഈ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. ഗോഡ്സെയുടെ ദയാഹരജി പഞ്ചാബ് ഹൈക്കോടതി തള്ളിയതിനു നാലു ദിവസങ്ങൾക്കുശേഷം അക്കാലത്തെ പ്രമുഖ പത്രം ‘ലീഡർ’ എഡിറ്റോറിയലിലൂടെ അവതരിപ്പിച്ചത് ഗോഡ്സെയെ വെറുതെ വിടണമെന്നാണ്. അവർ ഗോഡ്സെയുടെ ആരാധകരോ ഹിന്ദു മഹാസഭയുടെ പിന്തുണക്കാരോ ആയിരുന്നില്ല. അവരുടെ വാദമിതായിരുന്നു: ഗോഡ്സെയ്ക്ക് വധശിക്ഷ നൽകുന്നത് വഴി ആ ഹീന പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താവായ അയാൾക്ക് അനാവശ്യ രക്തസാക്ഷി പരിവേഷം നൽകാൻ ഒരുപക്ഷേ ഉപകരിച്ചേക്കും എന്നവർ ആശങ്കപ്പെട്ടു. ഗോഡ്സെ മാനവസമൂഹത്തിന്റെ മുഴുവൻ നിന്ദയും അവമതിപ്പും നേരിട്ടുകൊണ്ടു ജീവിക്കട്ടെ എന്നാണ് പത്രം പ്രസ്താവിച്ചത്. മാത്രവുമല്ല, ഗോഡ്സെയുടെ വധം അയാളുടെ പ്രത്യയശാസ്ത്രത്തെ അവസാനിപ്പിക്കുന്നില്ല എന്നും പത്രം താക്കീതു നൽകുന്നു. എന്നാൽ അക്കാലത്തെ പ്രമുഖ ഗാന്ധിയൻ മഷ്റൂവാല ഒക്ടോബർ 30നു ഗാന്ധിജിയുടെ ‘ഹരിജൻ’ പത്രത്തിൽ എഴുതിയ ലേഖനത്തിൽ വധശിക്ഷയുടെ ഭിന്നവശങ്ങൾ പരിശോധിക്കുകയുണ്ടായി. തന്റെ ഘാതകന് ഒരിക്കലും വധശിക്ഷ നൽകരുതെന്ന് തന്നെയായിരിക്കാം മഹാത്മാവിന്റെ നിലപാടെന്നും ഇതു മഹാത്മാവിനു മാത്രം സാധ്യമായ കാര്യമാണെന്നും എന്നാൽ ഭരണകൂടം എന്നത് മഹാത്മാ ഭരണകൂടമല്ലെന്നും അതിനു നിയമം എന്താണോ അനുശാസിക്കുന്നത് അതു മാത്രമേ നിർവഹിക്കാൻ കഴിയുകയുള്ളൂ എന്നുമാണ്. ഈ അഭിപ്രായഗതി കൂടുതൽപേരും പങ്കുവച്ചതോടെ ഗാന്ധിഘാതകന്റെ വധശിക്ഷയെ സംബന്ധിച്ചുള്ള ചർച്ചകൾക്ക് വിരാമമായി.
ഹിംസ, അഹിംസ
ഗാന്ധിയുടെ ഘാതകന്റെ വധശിക്ഷയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളിലെ ഗാന്ധിയനംശം പ്രധാനമാകുന്നത് എന്തുകൊണ്ടെന്നാൽ, ഗാന്ധി ആവിഷ്കരിക്കുകയും ജീവിതത്തിലൂടെ സാക്ഷാൽക്കരിക്കുകയും ചെയ്ത അഹിംസയുടെ ആശയം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ വധശിക്ഷയെ സംബന്ധിച്ചുള്ള സമീപനത്തിൽ പ്രധാനമാകുന്നു എന്നതിനാലാണ്. പ്രത്യേകിച്ചും ഇത് ഗാന്ധിയുടെ ഘാതകന്റെ കാര്യത്തിലായതുകൊണ്ടും. ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയത്തെ സ്വാധീനിച്ച പ്രമാദമായ ആശയധാരകളെല്ലാം ഹിംസക്ക് സാധൂകരണം നൽകുന്നവയായിരുന്നു. എന്നാൽ ഗാന്ധിയൻ ദർശനം മാത്രമാകണം രാഷ്ട്രീയത്തിൽ മനുഷ്യജീവന്റെ മാത്രമല്ല, സകല ജീവന്റെയും അമൂല്യതയെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ച ഏക രാഷ്ട്രീയ ദർശനം. സാമൂഹിക മാറ്റത്തിനും അധികാരം സ്ഥാപിക്കാനും ഹിംസയാകാം എന്ന തത്വത്തെയാണ് ഗാന്ധി നിരാകരിച്ചത്. അതായത്, മാർഗമല്ല ലക്ഷ്യമാണ് പ്രധാനമെന്ന ധാരണയെ തിരുത്തിക്കൊണ്ട് രണ്ടും തുല്യപ്രാധാന്യമർഹിക്കുന്നു എന്നാണ് ഗാന്ധിജി നിഷ്കർഷിച്ചത്.
ഗാന്ധിയുടെ പൗത്രൻ രാമചന്ദ്ര ഗാന്ധി മഹാത്മാവിന്റെ അന്ത്യയാത്രയെ കുറിച്ചാരംഭിക്കുന്ന ഓർമക്കുറിപ്പു പോലെയുള്ള ഒരു ലേഖനത്തിൽ നിരീക്ഷിച്ചത് ഗാന്ധി പവിത്രതയുടെ (sacred) സാധ്യതകളെ രാഷ്ട്രീയത്തിൽ അന്വേഷിച്ച ദാർശനികനാണ് എന്നാണ്. രാമചന്ദ്ര ഗാന്ധി പറയുന്നു- ‘നമ്മുടെ കാലത്തെ രാഷ്ട്രീയത്തിന്റെ പാവനത്വത്തിലേക്ക് അല്ലെങ്കിൽ രാഷ്ട്രീയ ജീവിതത്തിലെ വിശുദ്ധിയുടെ സാധ്യതകളിലേക്ക് ഗാന്ധി നമ്മുടെ ശ്രദ്ധ ആകർഷിച്ചു’. ഈ പാവനത്വം അല്ലെങ്കിൽ വിശുദ്ധി എന്നു പറയുന്നത് ജീവന്റെ അമൂല്യതയാണ്. ഇരുപതാം നൂറ്റാണ്ടിലെ വംശീയവാദത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ ഹോളോകാസ്റ്റിന്റെ പ്രയോഗങ്ങളെ സിദ്ധാന്തവൽക്കരിച്ചപ്പോൾ സമത്വവാദത്തിന്റെ ആധുനിക പാശ്ചാത്യരാഷ്ട്രീയം നവസമൂഹ നിർമാണത്തിനു എതിരുനിൽക്കുന്ന ശത്രുവർഗത്തെ ഉന്മൂലനം ചെയ്യുന്നതിൽ നൈതികമായി തെറ്റൊന്നുമില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. ഗാന്ധിയുടെ രാഷ്ട്രീയദർശനം പാവനത്വത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടാണ് നിദർശിച്ചത്. അഹിംസയും സത്യഗ്രഹവും പരസ്പരപൂരകമായ പ്രവർത്തനമായിക്കൊണ്ടു പ്രതിരോധത്തിന് പുതിയ രാഷ്ട്രീയമാനം നൽകുകയായിരുന്നു ഗാന്ധിജി. രാഷ്ട്രീയപ്രയോഗങ്ങളിലെ സത്യഗ്രഹം എന്നതിലൂടെ ഗാന്ധിജി ആവിഷ്കരിച്ചത് പാവനത്വത്തിന്റെയും ജീവന്റെ അമൂല്യതയെയും കുറിച്ചുള്ള വളരെ ബൃഹത്തും സാർവത്രികവുമായ തത്വസംഹിതയാണ്.
ഹിംസ അരുതെന്നും ആത്മത്യാഗം പരമപ്രധാനമെന്നും ഗാന്ധിജി നിഷ്കർഷിക്കുമ്പോൾ പാവനമായ ഒരാശയത്തെ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് ഉൾച്ചേർക്കുകയാണ്. ജീവന്റെ അമൂല്യതയെ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുകവഴി ഇരുപതാം നൂറ്റാണ്ടിലെ അധികാരത്തിലേറിയിരുന്ന പാശ്ചാത്യമായ കമ്മ്യൂണിസ്റ്റ്, ഫാസിസ്റ്റ്, ഉദാരവാദ ആശയഗതികളിൽ നിന്ന് വേറിട്ട ജീവിതവ്യവസ്ഥാ ദർശനമാണ് ഗാന്ധി ആവിഷ്കരിച്ചത്. മാത്രവുമല്ല, ഈ ദർശനത്തിന്റെ പ്രയോഗസ്ഥാനത്തു നിൽക്കുന്നതാകട്ടെ ഓരോ വ്യക്തിയും. ഗാന്ധി ദാർശനികമായ ഒരു ചിന്താപദ്ധതി വികസിപ്പിച്ച് അതിനെ അടിസ്ഥാനമാക്കി പ്രയോഗമാതൃകകളെ ആവിഷ്കരിക്കുകയായിരുന്നില്ല. വ്യക്തിയെ തന്നെ പരീക്ഷണ കേന്ദ്രമാക്കിക്കൊണ്ടു പ്രയോഗത്തിലൂടെ ആശയലോകം സൃഷ്ടിക്കുകയായിരുന്നു. പാശ്ചാത്യമായ കാഴ്ചപ്പാടിൽ ഗാന്ധിയെ ദാർശനികനായി വിലയിരുത്താനുമാകില്ല. ഈ വിചാരമാതൃകയുടെ എതിർസ്ഥാനത്താണ് പാശ്ചാത്യമായ വംശീയരാഷ്ട്രീയത്തിൽ പ്രചോദനമുൾക്കൊണ്ട ഹിന്ദുരാഷ്ട്ര വാദത്തിന്റെ പ്രയോക്താവായ ഗോഡ്സെയുടെ രാഷ്ട്രീയം സ്ഥിതിചെയ്യുന്നത്. ഗാന്ധിക്കെതിരേ ഗോഡ്സെയെ പ്രതിഷ്ഠിക്കുന്നതുതന്നെ ഉചിതമായ കാര്യമല്ല. ഗാന്ധിയും ഗോഡ്സെയും തമ്മിൽ സംവാദാത്മകതയ്ക്ക് ഒരു സാധ്യതയുമില്ല. ഹീനതയുടെ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയ വ്യക്തിത്വമെന്നല്ലാതെ മറ്റു വ്യക്തിപരമോ ചിന്താപരമോ ആയ ഒരു സവിശേഷതയും നാഥുറാം ഗോഡ്സെയ്ക്കില്ല എന്നുള്ളതാണ് യാഥാർഥ്യം. വിദ്വേഷ രാഷ്ട്രീയം വ്യക്തിസത്തയിലേക്ക് വിലയിപ്പിച്ചുവെന്നല്ലാതെ ആ വ്യക്തിത്വത്തിന് മറ്റു യാതൊരുവിധ പ്രത്യേകതയുമില്ല. അപരവിദ്വേഷവും ഹിംസയുടെ ദർശനവുമാണ് ഗോഡ്സെയെ സ്വാധീനിച്ച വിചാരഗതിയുടെ ഏക സവിശേഷത.
ഗോഡ്സെയുടെ
രൂപാന്തരങ്ങൾ
ഗാന്ധിയുടെ നിസഹകരണ പ്രസ്ഥാനം രാജ്യമാകെ പ്രകമ്പനംകൊണ്ടിരുന്ന വേളയിൽ വളരെ ഒരു ഹ്രസ്വഘട്ടത്തിൽ മാത്രം ഗാന്ധി നേതൃത്വം നൽകിയ അധിനിവേശവിരുദ്ധ പ്രസ്ഥാനത്തിൽ ഗോഡ്സെ പങ്കെടുത്തിരുന്നു എന്നാണ് ദിരേന്ദ്ര കെ. ജാ പറയുന്നത്. പക്ഷേ, അധികകാലം ഇത് നീണ്ടുനിന്നില്ല. വളരെ വൈകാതെ വിനയാക് ദാമോദർ സവർക്കറുടെ വ്യക്തിത്വത്തിലേക്കും സവർക്കറുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കും ഗോഡ്സെ ആകർഷിക്കപ്പെട്ടു. ചിത്പാവൻ ബ്രാഹ്മണ ജാതിയിൽ പിറന്ന ഗോഡ്സെയുടെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ ജാതീയമായ ബാന്ധവവും നിർണായകമായി. അധിനിവേശ വിരുദ്ധ പ്രക്ഷോഭത്തിന്റെ മൂർധന്യ ഘട്ടത്തിൽ കൊളോണിയൽ ഭരണത്തെ നേരിട്ടു എതിർക്കാതെ മുസ്ലിം വിരുദ്ധ പ്രചാരണത്തിൽ പ്രാമുഖ്യം നൽകി സ്വാതന്ത്ര്യപോരാട്ടത്തെ വിഭജിക്കുന്ന രാഷ്ട്രീയമാണ് സവർക്കർ ആവിഷ്കരിച്ചത്. ഈ രാഷ്ട്രീയത്തെ അനുധാവനം ചെയ്ത ഗോഡ്സെ ഒരുഘട്ടത്തിൽ ഗാന്ധിജിയുടെ നിസഹകരണ സമരത്തിൽ പങ്കെടുത്തുവെന്നതല്ലാതെ സ്വാതന്ത്ര്യസമരത്തിൽ പിന്നീട് ഒരു ഘട്ടത്തിലും അണിചേർന്നിരുന്നില്ല. ഗാന്ധിയുടെ വ്യക്തിത്വത്തോടും രാഷ്ട്രീയത്തോടുമുള്ള വിദ്വേഷം ഗോഡ്സെയിൽ രൂഢമൂലമാകുന്നത് ഹിന്ദുരാഷ്ട്രവാദ സംഘടനകളോട് ചേർന്നു പ്രവർത്തിക്കാൻ തുടങ്ങുന്നതോടെയാണ്.
പരീക്ഷകളിലൊക്കെ പരാജയപ്പെട്ട ഗോഡ്സെ വീട്ടിലെ പ്രാരാബ്ധങ്ങൾ നിമിത്തം എന്തെങ്കിലും തൊഴിൽ സ്വീകരിക്കാൻ നിർബന്ധിതനായി. ബന്ധുവിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് ടൈലറിങ് പഠിച്ച ഗോഡ്സെ തുന്നൽക്കട ആരംഭിച്ചു. സ്ത്രീകളും മുസ്ലിം ജനവിഭാഗങ്ങളുമാണ് കൂടുതലായും ഈ തൊഴിൽ മേഖലയിലുള്ളതിനാൽ ബ്രാഹ്മണനായ ഗോഡ്സെ ഈ തൊഴിൽ തുടർന്നുകൊണ്ടുപോകുന്നതിൽ താൽപര്യം കാണിച്ചിരുന്നില്ല. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ഗോഡ്സെ കുടുംബം പാർത്തിരുന്നത്. ഇവിടെവച്ചാണ് ലിമായേ എന്ന സവർക്കർ ആരാധകനെ പരിചയപ്പെടുന്നതും രാഷ്ട്രീയ സ്വയം സേവക് സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമാകുന്നതും. സാംഗ്ലി പ്രദേശത്തെ പ്രചാരവേലയുടെ ചുമതലയാണ് ഗോഡ്സെക്ക് ആദ്യം നൽകുന്നത്. വൈകാതെ സംഘടന പ്രവർത്തനങ്ങളിൽ പൂർണമായും മുഴുകുകയായിരുന്നു. എങ്കിലും സംഘത്തിൽ ഔപചാരികമ അംഗത്വമെടുത്തിരുന്നില്ല.
ഇക്കാലത്തു സംഘ് പരിപാടികളിൽ പങ്കെടുത്ത് വി.ഡി സവർക്കറുമായി അടുത്ത സമ്പർക്കം പുലർത്തി. സവർക്കറിനെക്കുറിച്ച് അടുത്ത അനുയായികൾ പ്രചരിപ്പിച്ചിരുന്ന ആത്മത്യാഗതിന്റെ കഥകൾ ഗോഡ്സെയെ സവർക്കറുടെ കടുത്ത ആരാധകനാക്കി മാറ്റിതീർത്തു. ഈ ഘട്ടത്തിലാണ് സവർക്കറുടെ ഹിന്ദു മഹാസഭയുടെ നേതൃത്വത്തിലേക്ക് ഗോഡ്സെ ഉയരുന്നത്. എന്നാണ് കൃത്യമായി ഹിന്ദു മഹാസഭയിൽ ചേർന്നതെന്നതിനുള്ള രേഖകൾ ലഭ്യമല്ല. ഫാസിസത്തെയും നാസിസത്തെയും അനുകരിച്ചിരുന്ന ഈ സംഘടനകൾക്ക് സ്വേച്ഛാധിപതി (ഡിക്റ്റേറ്റർ) എന്ന പദവി വലിയ ബഹുമതിയായിരുന്നു. ഈ ഘട്ടത്തിലാണ് രാമചന്ദ്ര എന്ന പേര് മാറ്റി നാഥുറാം എന്ന ആദ്യനാമം ഗോഡ്സെ ഔപചാരികമായി സ്വീകരിക്കുന്നത്.
ഗാന്ധിവധവും
ആർ.എസ്.എസും
സവർക്കറുടെ സ്വാധീനത്തിനു പൂർണമായും വിധേയമാകുന്നതോടെ നാഥുറാം ഗോഡ്സെയുടെ ആകെയുള്ള ജീവിത ലക്ഷ്യമെന്നത്, ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നതായി. ഗോഡ്സെയുടെ വ്യക്തിത്വ പരിണാമ ഘട്ടത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ഭാഗമായി ഗോഡ്സെ പ്രവർത്തിച്ചിട്ടുണ്ട്. ഗോഡ്സെയുടെ ആർ.എസ്.എസ് ബന്ധം എന്നും വിവാദമായ കാര്യമാണ്. ഗാന്ധിവധത്തിനു തൊട്ടുപിന്നാലെ ആർ.എസ്.ആസ് ഗോഡ്സെയെ തള്ളിപ്പറയുന്നുണ്ട്. ഗോൾവാൾക്കറാണ് ആർ.എസ്.എസിന്റെ നേതൃത്വത്തിൽ അപ്പോൾ. ഗോഡ്സെയെ തള്ളിപ്പറയുക മാത്രമേ ആ വേളയിൽ അവർക്കു മുമ്പിലുണ്ടായിരുന്ന ഏകവഴി. ഗോഡ്സെയും ഗാന്ധിവധത്തിലെ കൂട്ടുപങ്കാളി നാരായൺ ആപ്തെയും രാഷ്ട്രീയപ്രവർത്തന ലക്ഷ്യംവച്ച് രാഷ്ട്രീയ ഹിന്ദുദൾ എന്ന സംഘടനയ്ക്കും രൂപംനൽകുന്നുണ്ട്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേകത പൊതുപ്രവർത്തനങ്ങൾക്ക് ഒരു സംഘടനയും രഹസ്യപ്രവർത്തനങ്ങൾക്ക് മറ്റു സംഘടനകളും എന്നതാണ്. ഗാന്ധിവധത്തിനു ശേഷം ഗോഡ്സെയെ തള്ളിപ്പറയുകയും ഗാന്ധിവധത്തെ അപലപിക്കുകയും ചെയ്ത ആർ.എസ്.എസ് വധത്തിന്റെ തലേനാൾ വരെ ഗാന്ധിയെ ആക്ഷേപിച്ചിരുന്നു എന്നാണ് ദിരേന്ദ്ര ജാ വ്യക്തമാക്കുന്നത്.
ഒറ്റയടിക്കുള്ള മാറ്റത്തിനു കാരണം ഗാന്ധിവധം സൃഷ്ടിച്ച ആഘാതത്തിൽ ഹിന്ദുരാഷ്ട്രവാദമുയർത്തിയ സംഘടനകളൊക്കെ ബഹുജനരോഷം നേരിട്ടു എന്നതാണ്. ഹിന്ദു മഹാസഭയും സവർക്കറും ഭയചകിതരായി ചുവടുമാറ്റി. രാഷ്ട്രീയചരിത്രത്തിൽനിന്ന് ഏതാണ്ട് ബഹിഷ്കൃതമാവുക തന്നെ ചെയ്തു. ഗാന്ധിയെ വധിക്കുന്നതോടെ തനിക്കു വലിയ പിന്തുണ ലഭിക്കുമെന്ന് ഗോഡ്സെ പ്രതീക്ഷിച്ചിരുന്നു. അത് അസ്ഥാനത്തായി എന്നുമാത്രമല്ല, തീർത്തും ഒറ്റപ്പെടുകയും ചെയ്തു. ഇതിൽ അയാൾ അതീവ ഖിന്നനായിരുന്നു എന്നാണ് ജാ സൂചിപ്പിക്കുന്നത്. ഹിന്ദുരാഷ്ട്രവാദ സംഘടനകളെയെല്ലാം ഭയം ഗ്രസിച്ചു. വീരനായി അനുയായികൾക്ക് ഇടയിൽ അറിയപ്പെട്ടിരുന്ന സവർക്കറുടെ കാര്യമാണ് ഏറ്റവും പരിതാപകരമായത്. ഹിന്ദുത്വവാദികൾക്കിടയിൽ ധീരനായി തെറ്റിദ്ധരിക്കപ്പെട്ടിരുന്ന സവർക്കർ ഭയചകിതനാവുകയും ഏതു നിലയിലും ഗാന്ധിവധത്തിന്റെ ആരോപണത്തിൽ നിന്ന് രക്ഷപ്പെടുക എന്നതുമാത്രമായി പിന്നീടുള്ള ഓരോ ചുവടിൻ്റെയും പിന്നിലുള്ള പ്രേരണ.
ആസൂത്രണങ്ങൾ
ദിരേന്ദ്ര കെ. ജാ ഈ പുസ്തകത്തിൽ പറയുന്നത്, രാഷ്ട്രീയപ്രവർത്തനത്തിന്റെ ആദ്യഘട്ടം മുതൽ സവർക്കർ ഉത്തരവാദിത്വമേൽക്കേണ്ടി വരുന്ന തീരുമാനങ്ങളിൽനിന്നും നടപടികളിൽനിന്നും തന്ത്രപൂർവം ഒഴിഞ്ഞുനിൽക്കാനുള്ള പ്രവണത കാണിച്ചിരുന്നു എന്നാണ്. സ്വന്തം സുരക്ഷയാണ് ഏറ്റവും പ്രധാനമായി കണ്ടിരുന്നത്. ഗാന്ധിയുടെ വ്യക്തിസവിശേഷതയിൽ ഏറ്റവും പ്രധാനമായിരുന്നത് സ്വന്തം ജീവൻതന്നെ സമർപ്പിച്ചുകൊണ്ടുള്ള പോരാട്ടമാണ്. അതായത് ആത്മത്യാഗം. അത്തരത്തിലുള്ള ആത്മത്യാഗത്തിന്റെ ഉന്നതബോധം ഗോഡസെയ്ക്കോ അയാളുടെ മാർഗദർശികൾക്ക് ആർക്കും തന്നെയുണ്ടായിരുന്നില്ല. സവർക്കറെ പോലെ ശിഷ്യൻ ഗോഡ്സെയും ഗാന്ധിയെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെങ്കിലും അതു നിർവഹിക്കാൻ ആദ്യഘട്ടത്തിൽ മടിച്ചിരുന്നു. മറ്റൊരാളെക്കൊണ്ട് നിർവഹിപ്പിച്ച് മാറിനിൽക്കാനുള്ള ശ്രമം ഗോഡ്സെ നടത്തിയിരുന്നു. ഗാന്ധിയെ വധിക്കാനുള്ള ആദ്യശ്രമത്തിനു 1948 ജനുവരി 20 ഗോഡ്സെയുടെ സഹകൂട്ടാളികളായ മദൻലാൽ പാഹ്വായെയും ദിഗംബർ ബാഡ്ജെയുമാണ് ചുമതലപ്പെടുത്തിയത്. ബോംബെറിഞ്ഞ് കൊല്ലാനായിരുന്ന പരിപാടി. കാറിൽ ദൂരെ മാറിനിന്ന് നിരീക്ഷിക്കുകയാണ് ഗോഡ്സെയും ആപ്തെയും ചെയ്തത്. ഒരുതവണ ബോംബെറിഞ്ഞതോടെ ഇവരെല്ലാം ഭയചകിതരാവുകയും അവിടെനിന്ന് ഓടിരക്ഷപ്പെടുകയുമാണ് ചെയ്തത്. പാഹ്വ അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, അന്നുതന്നെ ഗോഡ്സെയും ആപ്തെയും ഡൽഹിയിൽ നിന്ന് രക്ഷപ്പെടുകയാണ്. ബോംബെയിലേക്ക് തിരികെ രക്ഷപ്പെടാൻ ട്രെയിൻ കയറിയ ഗോഡ്സെയും ആപ്തെയും കാൺപൂർ സ്റ്റെൻഷനിൽ ഒരു രാത്രി തങ്ങുന്നുണ്ട്. അന്നാണ് ഗോഡ്സെ ഗാന്ധിയെ വധിക്കാനുള്ള ചുമതല സ്വയമേറ്റെടുക്കുന്നത്. അതിനുശേഷം മഹാത്മാവിനെ വധിക്കുക എന്ന ഉദ്ദേശത്തോടെ ബോംബെയിൽനിന്ന് പുതിയ പിസ്റ്റളുമായി വന്ന ഡൽഹിയിൽ വന്ന ഗോഡ്സെയും ആപ്തെയും ആ ഹീനകൃത്യം നിർവഹിച്ചത് ജനുവരി 30, 1948നാണ്. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷം നമ്മൾ ശരിയാംവണ്ണം ആഘോഷിക്കുകയുണ്ടായി. ഗാന്ധിവധത്തിന്റെ എഴുപത്തിയഞ്ചാം വർഷമാണ് കടന്നുപോകുന്നത്.
മഹാത്മാ ഗാന്ധിയെ വധിക്കുന്നതിനു മുമ്പ് ആദ്യം ഗോഡ്സെയും കൂട്ടരും ആസൂത്രണം ചെയ്തത് മുഹമ്മദ് അലി ജിന്നയെ വധിക്കാനായിരുന്നു. ദിരേന്ദ്ര കെ. ജാ പറയുന്നത്, ഗോഡ്സെയും ആപ്തെയും ഇതിനായി പരിശ്രമിച്ചിരുന്നുവെന്നുമാണ്. പക്ഷേ, പല തടസങ്ങളും കാരണമത്രേ ആ പദ്ധതി നടപ്പാവാതെ പോയത്. ഒരുവേള അതു സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യൻ ഹോളോകാസ്റ്റ് എന്നു വിളിക്കുന്ന വിഭജനത്തെ തുടർന്നുള്ള മനുഷ്യക്കുരുതികൾ അടങ്ങാവണ്ണം അതിഭീതിദമായേനെ. വംശീയ വർഗീയവാദികൾ ആഗ്രഹിച്ചിരുന്നതും അതാകണം. എന്നാൽ ഗാന്ധി വധത്തിന്റെ ആഘാതം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ മറ്റൊരു രീതിയിലായിരുന്നു മാറ്റമുണ്ടാക്കിയത്. ഒരു ഹിന്ദു മതഭ്രാന്തൻ ഗാന്ധിയെ വധിച്ചത് ഇന്ത്യയെ മാത്രമല്ല, ലോകത്തെയാകെ നടുക്കിക്കളഞ്ഞു.
ഈ കൊടുംനടുക്കത്തിന്റെ ആദ്യ പ്രത്യാഘാതമെന്നു പറയുന്നത്, അതുവരെ ശമിക്കാതെ തുടർന്നിരുന്ന മത, വംശീയം കൊലപാതകങ്ങളും അക്രമങ്ങളും പൊടുന്നനെ നിലച്ചു എന്നതാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ പാവനത്വം കൂട്ടക്കുരുതികൾക്ക് വിരാമമിട്ടു. എത്രയെത്രയോ വിലപ്പെട്ട മനുഷ്യജീവനുകൾ ഈക്കരണത്താൽ കൊലക്കത്തിയിൽനിന്ന് രക്ഷനേടി. ലോകത്തെയാകെ തന്നെ ദുഃഖത്തിലാഴ്ത്തിയ ആ മൂഹൂർത്തതിൽ വംശീയവും വർഗീയവുമായ വിദ്വേഷത്തിന്റെയും ഹീനതയുടെയും പ്രത്യശാസ്ത്രത്തിനെതിരേ ബാപ്പുവിന്റെ പവിത്രരാഷ്ട്രീയം വിജയംവരിക്കുകയായിരുന്നു, ആ മഹത്തായ രക്തസാക്ഷിത്വത്തിലൂടെ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."