182 റഷ്യന്‍ കമ്പനികള്‍ക്ക് ഉക്രൈന്‍ ഉപരോധം; സ്വത്തുക്കള്‍ തങ്ങളുടെ പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് സെലെന്‍സ്‌കി
കീവ്: 182 റഷ്യന്‍, ബെലാറഷ്യന്‍ കമ്പനികള്‍ക്കും മൂന്ന് വ്യക്തികള്‍ക്കും കൂടി ഉക്രൈന്‍ ഉപരോധം ഏര്‍പ്പെടുത്തി. ഉക്രൈനുമായുള്ള മോസ്‌കോയുടെയും മിന്‍സ്‌കിന്റെയും ബന്ധം തടയുന്നതിനായി പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി കൈക്കൊണ്ട ഏറ്റവും പുതിയ നടപടികളുടെ ഭാഗമാണിത്.
ഉക്രൈനിലെ അവരുടെ സ്വത്തുക്കള്‍ തടഞ്ഞുവെച്ചതായും അവ തങ്ങളുടെ പ്രതിരോധത്തിനായി ഉപയോഗിക്കുംമെന്നും സെലെന്‍സ്‌കി ഒരു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. നാഷണല്‍ സെക്യൂരിറ്റി ആന്റ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫ് ഉക്രൈന്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം, ഉപരോധമേര്‍പ്പെടുത്തിയ കമ്പനികള്‍ പ്രധാനമായും ചരക്ക് ഗതാഗതം, വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കല്‍, രാസ ഉല്‍പ്പാദനം എന്നിവയുമായി ബന്ധപ്പെട്ടവയാണ്.
പൊട്ടാഷ് വളം നിര്‍മാതാവും കയറ്റുമതിക്കാരുമായ റഷ്യയുടെ യുറല്‍ക്കലി, ബെലാറസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊട്ടാഷ് നിര്‍മാതാക്കളായ ബെലാറസ്‌കാലി, ബെലാറഷ്യന്‍ റെയില്‍വേ, ട്രാന്‍സ്‌പോര്‍ട്ട് ലീസിങ് കൈകാര്യം ചെയ്യുന്ന റഷ്യയുടെ വി.ടി.ബി-ലീസിങ്, ഗാസ്‌പ്രോംബാങ്ക് ലീസിങ് എന്നീ കമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം നൂറുകണക്കിന് റഷ്യന്‍, ബെലാറഷ്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉക്രൈന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."