ഗ്യാന്‍വാപി പള്ളിക്കും ബാബരി മസ്ജിദിന്റെ ദുര്‍വിധിയോ?: പള്ളിയ്ക്കുള്ളില്‍ ആര്‍ക്കിയോളജി വകുപ്പ് പരിശോധന നടത്തണമെന്ന് കോടതി ഉത്തരവ്
ലഖ്നൗ: വരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്താണെന്ന സംഘ്പരിവാര്‍ വാദത്തിന്റെ അടിസ്ഥാനത്തില്‍ പള്ളിയ്ക്കുള്ളിലും അനുബന്ധ ഭൂമിയിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ വരാണസി കോടതിയുടെ ഉത്തരവ്.
സിവില്‍ കോടതി ജഡ്ജി അശുതോഷ് തിവാരിയുടേതാണ് ഉത്തരവ്.
വരാണസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തോട് തൊട്ടടുത്ത് നില്ക്കുന്ന ഗ്യാന്‍വാപി മസ്ജിദ് ബാബരി മസ്ജിദിന് പിന്നാലെ വിശ്വഹിന്ദുപരിഷത്ത് അവകാശവാദമുന്നയിച്ച രണ്ടാമത്തെ പള്ളിയാണ്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് 2000 കൊല്ലം പഴക്കമുള്ള ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മിച്ചതെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗവും ഉന്നയിക്കുന്ന വാദത്തിന് ആവശ്യമായ തെളിവുകളോ ജീവിച്ചിരിക്കുന്ന സാക്ഷികളോ ഇല്ലാത്ത സാഹചര്യത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധന നടത്തട്ടേയെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ക്ഷേത്രം തകര്‍ത്ത് ഔറംഗസീബ് പള്ളി നിര്‍മിച്ചുവെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. പള്ളിക്കമ്മിറ്റി ഇതിനെ എതിര്‍ത്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വസ്തുത എന്തെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. പള്ളിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ പള്ളിക്കമ്മിറ്റി റവന്യൂ രേഖകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ കോടതി തള്ളി. ഈ തര്‍ക്കത്തില്‍ റവന്യുരേഖകള്‍ അവലംബിക്കാവുന്ന തെളിവല്ലെന്നായിരുന്നു ഇതിന് കോടതിയുടെ കണ്ടെത്തല്‍. കേസ് മെയ് 31ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."