അഷ്‌റഫ് ഗനി സമ്പൂര്‍ണ വഞ്ചകനെന്ന് മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടണ്‍: താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ രാജ്യംവിട്ട് ഓടിപ്പോയ അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി 'സമ്പൂര്‍ണ വഞ്ചകന്‍' ആയിരുന്നുവെന്ന് മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അധികാരത്തില്‍ തുടരാനുള്ള സ്വന്തം ആഗ്രഹത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഗനി എല്ലാ സമാധാന ചര്‍ച്ചകള്‍ക്കും വലിയ തടസ്സമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'നെവര്‍ ഗിവ് ആന്‍ ഇഞ്ച്: ഫൈറ്റ് ഫോര്‍ ദ അമേരിക്ക ഐ ലവ്' എന്ന തലക്കെട്ടില്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ തന്റെ പുസ്തകത്തിലാണ് പോംപിയോയുടെ നിശിത വിമര്‍ശനം. ഗനിയും അഫ്ഗാന്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയും വന്‍തോതില്‍ അഴിമതിയില്‍ ഏര്‍പ്പെട്ടിരുന്നതായും പോംപിയോ ആരോപിച്ചു. യുദ്ധം തകര്‍ത്ത രാജ്യത്തില്‍ നിന്ന് 2021 ഓഗസ്റ്റില്‍ വിജയകരമായി പുറത്തുകടക്കാനുള്ള യു.എസിന്റെ കഴിവിനെ ഗനിയുടെ നടപടികള്‍ പരിമിതപ്പെടുത്തിയെന്നും പുസ്തകത്തില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ 20 വര്‍ഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് ഓഗസ്റ്റ് 31നാണ് അമേരിക്ക ഈ രാജ്യത്തിനു നിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്നത്. യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുകയാണ് ഗനി. അമേരിക്കയുടെ പാവ സര്‍ക്കാരിനെ പ്രതിനിധീകരിക്കുകയായിരുന്നു ഗനിയെന്ന് അക്കാലത്ത് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
''ചര്‍ച്ചകള്‍ ത്വരിതഗതിയിലായപ്പോഴെല്ലാം അബ്ദുല്‍ ഗനി ഒരു പ്രശ്‌നമായിരുന്നു. കിം ജോങ് ഉന്‍, ഷി ജിന്‍പിങ്, വഌഡിമിര്‍ പുടിന്‍ തുടങ്ങി നിരവധി ലോക നേതാക്കളെ ഞാന്‍ കണ്ടുമുട്ടി. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ഗനി. എന്നിട്ടും അമേരിക്കന്‍ ജീവിതം പാഴാക്കുകയും അധികാരത്തില്‍ തുടരാനുള്ള സ്വന്തം ആഗ്രഹത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സമ്പൂര്‍ണ വഞ്ചകനായിരുന്നു ഗനി. തന്റെ അധികാരത്തിനു കോട്ടമുണ്ടാക്കുമെന്നതിനാല്‍, റിസ്‌ക് എടുക്കാന്‍ ഒരിക്കല്‍ പോലും അദ്ദേഹം തയ്യാറാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇത് എന്നെ വെറുപ്പിച്ചു''- പോംപിയോ തന്റെ പുസ്തകത്തില്‍ എഴുതി.
താലിബാനുമായുള്ള ചര്‍ച്ചകളില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാഗവാക്കായിരുന്നുവെന്നും പോംപിയോ വെളിപ്പെടുത്തി. ചര്‍ച്ചകളില്‍ പ്രത്യേക ദൂതനായി മുന്‍ നയതന്ത്രജ്ഞന്‍ സാല്‍മെ ഖലീല്‍സാദിനെ ട്രംപ് ഭരണകൂടം നിയമിച്ചിരുന്നു. ഗനി വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചത് വന്‍തോതിലുള്ള ക്രമക്കേട് നടത്തിയാണെന്നും പോംപിയോ വിമര്‍ശിക്കുന്നു.
പ്രതിവര്‍ഷം 56 ബില്യണ്‍ ഡോളര്‍ വിദേശ സഹായമായി ഞങ്ങള്‍ അക്കാലത്ത് അഫ്ഗാന് നല്‍കിയിരുന്നു. ഇതെല്ലാം അടിച്ചുമാറ്റിയ ഗനി അദ്ദേഹത്തിന്റെ ലോബികള്‍ക്കായി അമിതമായി ചെലവഴിച്ചുവെന്നും പോംപിയോ എഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."