പറവൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കൊച്ചി: പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേന്ദമംഗലം സ്വദേശി ജോര്‍ജ് (57) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് മൂന്ന് ദിവസം മുന്‍പാണ് ജോര്‍ജ് ആശുപത്രി വിട്ടത്. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണോ മരണം സംഭവിച്ചത് എന്ന കാര്യം വ്യക്തമാകുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ലോട്ടറി കച്ചവടക്കാരനാണ് ജോര്‍ജ്. നിര്‍മ്മാണ തൊഴിലാളിയായിരുന്ന ജോര്‍ജ്, പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്നാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ദേശീയപാത 66നു സമീപം പ്രവര്‍ത്തിച്ചിരുന്ന മജ്‌ലിസ് ഹോട്ടലില്‍നിന്ന് കുഴിമന്തി, അല്‍ഫാം തുടങ്ങിയവ കഴിച്ച എഴുപതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛര്‍ദി, വയറിളക്കം, പനി, വിറയല്‍, വയറുവേദന എന്നിവയെ തുടര്‍ന്ന് കുട്ടികളടക്കമുള്ളവരാണ് ചികിത്സ തേടിയത്.
പറവൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സ തേടി എത്തിയത്. സംഭവത്തിന് പിന്നാലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലിസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."