മന്‍സൂര്‍ വധക്കേസ്: ഗൂഢാലോചന ഉള്‍പെടെ ഷിനോസിന്റെ ഫോണില്‍ നിര്‍ണായക വിവരങ്ങളെന്ന് സൂചന
കണ്ണൂര്‍: പാനൂരില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. അതിനിടെ കേസില്‍ പിടിയിലായ ഷിനോസിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ വരെ പൊലിസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോണ്‍ വിശദ പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്. ഇന്ന് പതിനൊന്നു മണിയോടെ ഫോണിലെ സന്ദേശങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരം പൊലിസന് ലഭിച്ചേക്കും. അതിന് ശേഷം അന്വേഷണ സംഘം ഇന്ന് യോഗം ചേരും.
ഫോണില്‍ വാട്സ് ആപ് കോളുകള്‍ സന്ദേശങ്ങള്‍ തുടങ്ങിയവ ഉണ്ടെന്നാണ് വിവരം. അക്രമി സംഘത്തെ വിളിച്ചു ചേര്‍ത്തതും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ഇവരെ കോ ഓര്‍ഡിനേറ്റ് ചെയ്തതും വാട്സ് ആപ് വഴിയാണെന്നാണ് സൂചന. ചില സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായും കാണുന്നുണ്ട്. തിരിച്ചറിഞ്ഞ പതിനൊന്നില്‍ ഏഴുപേരും പരിസരവാസികളാണ്. ഇവരെ പിടികൂടിയിട്ടില്ല. എന്നാല്‍ ഇവര്‍ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഷിനോസിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കോടതി പരിസരത്ത് നേരത്തെ ചില കൊലപാതകക്കേസുകളില്‍ പ്രതിയാക്കപ്പെട്ടവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവരുടെ സഹായത്തോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ ഒളിവില്‍ പോയതെന്നും പൊലിസ് കരുതുന്നു.
ഡി.വൈ.എസ്.പി ഇസ്മാഈലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്. മുഖ്യ ആസൂത്രകന്‍ ഡി.വൈ.എഫ്.ഐ നേതാവ് കെ സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലിസ് പറയുന്നു. പിടിയിലായ ഷിനോസ് ഒഴികെ മറ്റെല്ലാവരും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."