'ഡി.എഫ്.ഒയുടെ അപ്പനാണോ പടയപ്പ?; അളിയനാണോ അരിക്കൊമ്പന്‍' വനംവകുപ്പിനെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: ഇടുക്കിയിലെ വന്യമൃഗശല്യത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്.
'വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ക്ക് ഓമനപ്പേരുകളിട്ട് ആനന്ദം കൊളളുകയാണ്. ഡി.എഫ്.ഒയുടെ അപ്പനാണോ പടയപ്പ. അളിയനാണോ അരിക്കൊമ്പന്‍' സി.വി.വര്‍ഗീസ് പരിഹസിച്ചു. എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ ജനരോഷം ഉണ്ടാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ശാന്തന്‍പാറ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു.സി.പി.എം.ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ശാന്തന്‍പാറ,ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരി ക്കൊമ്പന്‍, ചക്കക്കൊമ്പന്‍, മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാരെ നാട് കടത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എ.സി. റൂമുകളില്‍ വിശ്രമിക്കുകയാണെന്നും അക്രമകാരികളായ ആനകളെ ഓമനപ്പേരിട്ട് ആനന്ദം കൊള്ളുകയാണെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്ത സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖാമൂലം ഉറപ്പ് നല്‍കും വരെ പ്രതിഷേധം തുടരാനാണ് സി.പി.എം. തീരുമാനം.അക്രമകാരികളായ ആനകളെ മാറ്റുന്നതിന് ശിപാര്‍ശ നല്‍കുമെന്നും ഈ മാസം 31 ന് മന്ത്രിതല ചര്‍ച്ച നടത്തുമെന്നും വനം വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."