ജിദ്ദ എസ്.ഐ.സി 'മനുഷ്യ ജാലിക 2023' സംഘടിപ്പിച്ചു
ജിദ്ദ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ വിവിധ പ്രാവിശ്യകളില്‍ സംഘടിപ്പിച്ചു വരുന്ന മനുഷ്യ ജാലിക എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ വിപുലമായി സംഘടിപ്പിച്ചു.
എസ് ഐ സി ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമെ ജിദ്ദയിലെ സാമൂഹ്യ രാഷ്ട്രീയ സംഘടന ഭാരവാഹികളും മനുഷ്യ ജാലികയില്‍ കണ്ണികളായി. ബാഗ്ദാദിയ്യയിലെ എസ് ഐ സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മനുഷ്യ ജാലിക എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു.
പ്രമുഖ പ്രഭാഷകനും എസ് വൈ എസ് നേതാവും ജംഇയ്യത്തുല്‍ ഖുതബാ ജനറല്‍ സെക്രട്ടറിയുമായ നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. വര്‍ഗീയ സംഘടനകള്‍ രാജ്യത്തെ പകുത്തെടുക്കാന്‍ തുടങ്ങിയപ്പോഴാണ് 'സമസ്ത'യുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തില്‍ 'മനുഷ്യ ജാലിക' ആരംഭിച്ചതെന്നു അദ്ദേഹം പറഞ്ഞു. മനുഷ്യ ജാലികയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയം കാലം ചെല്ലുന്തോറും പ്രസക്തി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ദേശീയത ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിശാലമാണ്. സംഘ് പരിവാറിന്റെ സങ്കുചിത ദേശീയത രാജ്യം ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഭൂരിപക്ഷത്തെ മാത്രമല്ല, ന്യുനപക്ഷങ്ങളെക്കൂടി അംഗീകരിക്കലാണ് ജനാധിപത്യം എന്നും അദ്ദേഹം വിശദീകരിച്ചു.
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ഭരണം നടത്തിയിരുന്ന സമൂതിരിയുടെ ഉപദേഷ്ടാവായിരുന്ന ശൈഖ് മഖ്ദൂമാണ് ഇന്ത്യന്‍ മതേതരത്വത്തിന് അടിത്തറ പാകിയത്. വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ സമൂതിരി നിയോഗിച്ച കുഞ്ഞാലി മരക്കാരുടെ സംരക്ഷണത്തിലാണ് എഴുത്തച്ഛന്റെ രാമായണം പിറന്നതെന്നും നാസര്‍ ഫൈസി വിശദീകരിച്ചു.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുസ്തഫ ലത്തീഫി, ബഷീര്‍ ദാരിമി തളങ്കര, ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ലത്തീഫ് മുസ്‌ലിയാരങ്ങാടി, നാസര്‍ വെളിയങ്കോട്, മജീദ് പുകയൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
തുടര്‍ന്ന് നടന്ന മനുഷ്യ ജാലികയില്‍ ഉസ്മാന്‍ എടത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി മോഡറേറ്റര്‍ ആയിരുന്നു. എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതവും അന്‍വര്‍ ഫൈസി നന്ദിയും പറഞ്ഞു. മുസ്തഫ ഫൈസി ചേറൂര്‍, അഷ്‌റഫ് ദാരിമി, എം. സി സുബൈര്‍ ഹുദവി പട്ടാമ്പി, അന്‍വര്‍ ഹുദവി, മുഹമ്മദ് റഫീഖ് കൂളത്ത്, വിഖായ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."