ആമപ്പൊയില്‍ ഗവ. എല്‍.പി സ്‌കൂളില്‍ ഇനി പ്രഭാതഭക്ഷണവും
കാളികാവ്: ആമപ്പൊയില്‍ എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഇനി പ്രഭാത ഭക്ഷണവും. 'ആരോഗ്യത്തോടെ തുടങ്ങാം...ആനന്ദിച്ചു പഠിക്കാം' എന്ന ലക്ഷ്യത്തോടെ പി.ടി.എയാണ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. വണ്ടൂര്‍ ഉപജില്ലയില്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം ഒരുക്കിയ ആദ്യ വിദ്യാലയമായി ആമപ്പൊയില്‍ സ്‌കൂള്‍ മാറി.
ആഴ്ചയില്‍ ഒരു ദിവസമാണ് പ്രഭാത ഭക്ഷണം നല്‍കുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ എല്ലാ ദിവസവും ഭക്ഷണം നല്‍കാനുള്ള പരിപാടിയുണ്ടെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. 6,000 രൂപയാണ് ഒരു ദിവസത്തെ ചെലവ്. ഇഡ്ഡലി, ഉഴുന്നു വട, സാമ്പാര്‍, ചട്ണി, ചായ എന്നിവയടങ്ങുന്നതാണ് ഭക്ഷണം. വിദ്യാലയത്തിലെ 300 കുട്ടികളും ഒന്നിച്ചിരുന്നാണ് നല്ല പ്രാതല്‍ ഭക്ഷണം കഴിച്ചത്. എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അദ്ദേഹം കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ ഭക്ഷണം ഒരുക്കിയത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ആശ്വാസമായിട്ടുണ്ട്. നാട്ടുകാര്‍ക്കൊപ്പം അധ്യാപകര്‍ കൂടി സാമ്പത്തികസഹായം ചെയ്താണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. പ്രദേശത്തെ പട്ടിണി രഹിത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി അരി ശേഖരിച്ച് ആമപ്പൊയിലിലെ അര്‍ഹരായ വീടുകളില്‍ കുട്ടികള്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സമ്പൂര്‍ണ വിജ്ഞാന ഗ്രാമമാക്കി മാറ്റുന്നതിന് സ്‌കൂള്‍ കേന്ദ്രീകരിച്ച് മുതിര്‍ന്നവര്‍ക്കായി ക്ലാസ് നടത്തുന്നുണ്ട്. വി.പി അസ്മാബി അധ്യക്ഷയായി. പ്രധാനാധ്യാപകന്‍ എന്‍.ബി സുരേഷ് കുമാര്‍ പി.ടി.എ പ്രസിഡന്റ് എം.എ ഷുക്കൂര്‍, വണ്ടൂര്‍ എ.ഇ.ഒ നരേന്ദ്രന്‍, പി.ടി മുഹമ്മദ് ഹാരിസ്, മുഹമ്മദ് മുനീര്‍, പൊറ്റയില്‍ റഷീദ്, ഫ്രാന്‍സിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."