സമസ്ത ബുക്ക് ഡിപ്പോയും സുപ്രഭാതവും ഇനി സൗരോർജത്തിൽ പ്രവർത്തിക്കും
കോഴിക്കോട്
സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ബുക്ക് ഡിപ്പോയും സുപ്രഭാതം ദിനപത്രത്തിന്റെ കോഴിക്കോട് കോർപറേറ്റ് ഓഫിസും ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. പത്രം ഓഫിസ്, ബുക്ക് ഡിപ്പോ, പ്രസ് തുടങ്ങിയ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള മുഴുവൻ വൈദ്യുതിയുമാണ് ഉൽപാദിപ്പിക്കുന്നത്. 250ലധികം സൗരോർജ്ജ പാനലുകളിൽ നിന്നായി 120 കിലോവാട്ടാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക. ഒരു ദിവസം ഏകദേശം 500 യൂനിറ്റ് വൈദ്യുതിയാണ് ഇവിടെനിന്നും ഉൽപാദിപ്പിക്കുന്നത്.
കോഴിക്കോട് സൗത്ത് ബീച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്‌സോളാർ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് ബാറ്ററിയില്ലാതെ ഓൺഗ്രിഡ് പ്രൊജക്ടായി സൗരോർജ പാനലുകൾ സ്ഥാപിച്ചത്. സൗരോർജ വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓൺ കർമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാർ അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രാർഥന നിർവഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ, ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി കൂരിയാട്, സമസ്ത മുശാവറ അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, വി. മൂസക്കോയ മുസ് ലിയാർ, ആദൃശേരി ഹംസക്കുട്ടി മുസ് ലിയാർ, വിദ്യാഭ്യാസ ബോർഡ് അംഗങ്ങളായ എം.സി മായിൻ ഹാജി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, കൊടക് അബ്ദുറഹിമാൻ മുസ് ലിയാർ സംബന്ധിച്ചു. ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ സ്വാഗതവും കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."