മരിക്കാത്ത ഗാന്ധിദർശനങ്ങൾ
ഡോ. എം. ഹരിപ്രിയ
1948 ജനുവരി 30 വെള്ളിയാഴ്ച്ചയായിരുന്നു മഹാത്മാവെന്ന ആ മഹാമനീഷി അവസാനമായി കണ്ണടച്ച ദിനം. ഇന്നേക്ക് 75 വര്‍ഷങ്ങള്‍. ആദിനം ഐക്യരാഷ്ട്രസഭ പതാക പകുതി താഴ്ത്തി ബഹുമാനം പ്രകടിപ്പിച്ചു. ഇന്ത്യയോടൊപ്പം ലോകം മുഴുവന്‍ വിലപിച്ചു. ഗാന്ധിയില്ലാത്ത ഇന്ത്യ എന്നത് വാക്കുകള്‍ക്കും ചിന്തകള്‍ക്കും അജ്ഞാതമാണ്. ഗാന്ധിവധം കൊണ്ട് ഗാന്ധിയെയും ഗാന്ധിയന്‍ ആദര്‍ശങ്ങളെയും ഇല്ലാതാക്കാന്‍ കഴിയും എന്ന സത്യാനന്തരകാല ചിന്തയില്‍നിന്ന് ആയുധം എടുത്തവര്‍ ഇന്ന് തിരിച്ചറിയുകയാണ്, വെടിയുണ്ടകള്‍ക്ക് തുളച്ചുകയറാന്‍ കഴിഞ്ഞത് മഹാത്മാവിന്റെ ശരീരത്തില്‍ മാത്രമാണെന്ന്. അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന ഇന്ത്യന്‍ ജനത ആ പാതകളെ പിന്തുടരുകയാണിന്നും. ബര്‍ണാഡ് ഷാ പറഞ്ഞതുപോലെ നല്ലതായിരിക്കുക എന്നത് എത്ര അപകടകരമാണെന്ന് ഗാന്ധിയിലൂടെ നാം കണ്ടറിയുന്നു.
സ്വാതന്ത്ര്യസമരത്തെ മുന്നില്‍നിന്ന് നയിക്കുമ്പോള്‍ കേവലമായ അധികാര കൈമാറ്റം അല്ലെന്നും വിദേശ നിയന്ത്രണത്തില്‍ നിന്നുള്ള പൂര്‍ണ സ്വാതന്ത്ര്യവും പരിപൂര്‍ണ സാമ്പത്തിക സ്വാതന്ത്ര്യവും ആണെന്നും ഗാന്ധിജി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒരു ഭാഗത്ത് രാഷ്ട്രീയ സ്വാതന്ത്ര്യവും മറുഭാഗത്ത് സാമ്പത്തിക സ്വാതന്ത്ര്യവും. ഇനി രണ്ട് ഭാഗങ്ങള്‍ കൂടിയുണ്ട്. ഒന്ന് സന്മാര്‍ഗികവും സാമൂഹികവും ആണെങ്കില്‍ മറ്റൊന്ന് ധര്‍മ്മമാണ്. ഇതിനെ സ്വരാജിന്റെ സമചതുര്‍ഭുജം എന്ന് ഗാന്ധിജി വിളിച്ചു. ഏതെങ്കിലും ഒരു ഭാഗം ശരിയായില്ലെങ്കില്‍ ആകൃതിയാകെ തെറ്റുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
രാഷ്ട്രം എന്ന ഗാന്ധിയന്‍ സങ്കല്‍പം തീര്‍ത്തും മതേതരമായിരുന്നു. രാജ്യത്തെ പൊതു നിയമങ്ങള്‍ അനുസരിക്കുന്നിടത്തോളം ഏതൊരു പൗരനും യാതൊരു തടസവും കൂടാതെ തന്റെ മതവിശ്വാസം ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ദേശീയ പ്രസ്ഥാനത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഗാന്ധിജി മതേതരത്വം ഉയര്‍ത്തിക്കാട്ടി. ഇന്ത്യന്‍ സമൂഹത്തില്‍ ജാതീയമായി നിലനില്‍ക്കുന്ന തട്ടുകള്‍ ദേശീയ ഏകീകരണത്തിന് പ്രതിബന്ധമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ അടിവരയിട്ട മതേതരത്വം തുടര്‍ച്ചയായ വര്‍ഗീയ വിഷമൊഴുക്കി അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. മതേതരത്വം എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. മതേതരനാവുക എന്നതിനര്‍ഥം മതം ഉപേക്ഷിക്കുക എന്നതല്ല. മറിച്ച് സ്വന്തം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ മറ്റുമതസ്ഥരുടെ സ്വാതന്ത്ര്യങ്ങളെ ഹനിക്കാതിരിക്കല്‍ കൂടിയാണത്.
കൊളോണിയല്‍ വിരുദ്ധ ദേശീയതയുടെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ഇന്ത്യന്‍ മതേതരത്വത്തെ വ്യത്യസ്ത ചിഹ്നങ്ങള്‍ ഉയര്‍ത്തി വിള്ളലുണ്ടാക്കാന്‍ ശ്രമം നടക്കുമ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് പ്രചോദനം നല്‍കുന്നത് ഗാന്ധിയന്‍ വാക്കുകള്‍ തന്നെയാണ്.
ദരിദ്രനാരായണന്മാരുടെ ഇന്ത്യയില്‍ ദാരിദ്ര്യത്തെ ഗാന്ധിജി സമരായുധമാക്കി. തൊഴിലെടുക്കാനും അതിലൂടെ സമ്പാദിച്ച് അഭിമാനത്തോടെ ജീവിക്കാനും പ്രേരിപ്പിച്ച അദ്ദേഹം വ്യക്തികളില്‍ സ്വാഭിമാനവും സ്വാശ്രയത്വവും വളര്‍ത്തി. എന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സത്യം, അഹിംസ, മാനവസേവ തുടങ്ങിയ ആശയങ്ങളെല്ലാം ദേശീയ സ്വാതന്ത്ര്യസമരത്തിന് ശക്തമായ ബഹുജന അടിത്തറ നല്‍കി. സാധാരണക്കാരന്റെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന സമരമുഖങ്ങളാണ് ഗാന്ധിജി തുറന്നത്. ലളിതവും കാപട്യമില്ലാത്തതും എന്നാല്‍ മൂര്‍ച്ചയേറിയതും ആയിരുന്നു ഇവയെല്ലാം. സ്വന്തമായി വസ്ത്രം ഇല്ലാത്ത ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷത്തെ നയിക്കുന്ന നേതാവ് ജനതയുടെ വേഷം സ്വയം സ്വീകരിച്ചു.
ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ജനതയുടെ ഇല്ലായ്മയും ആവശ്യങ്ങളും കണ്ടെത്തി അത് നേടിയെടുക്കുന്നതിന് അവര്‍ക്കൊപ്പം നിന്നു. പട്ടിണി ജീവിതചര്യയായിരുന്ന സാധാരണക്കാരനോട് നിരാഹാരത്തിന്റെ ശക്തി സമരരൂപത്തില്‍ പ്രകടമാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രത്യേകിച്ച് അര്‍ധ പട്ടിണിയും മുഴുപട്ടിണിയും ആഘോഷമാക്കിയിരുന്ന സ്ത്രീകള്‍ ഗാന്ധിയന്‍ സമരമാര്‍ഗമായ നിരാഹാര വ്രതത്തില്‍ ആകൃഷ്ടരായി. മാന്യമായ വസ്ത്രം എന്നത് ഉപരിവര്‍ഗത്തിന്റെ കുത്തകയായി നിലനില്‍ക്കുകയും ജാതീയ വേര്‍തിരിവ് പോലും വസ്ത്രം ഉപയോഗിച്ച് നടത്തുകയും ചെയ്തപ്പോള്‍ ഗാന്ധിജി ചര്‍ക്കയെ സമരായുധമാക്കി ഇന്ത്യന്‍ സമരമുഖത്തിന് ഏക വസ്ത്ര സങ്കല്‍പം നല്‍കി. ഖാദി എന്നത് ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും തൊഴിലിന്റെയും ചിഹ്നമായി ഉയര്‍ന്നു.
ഒരുപിടി ഉപ്പിന് ആണവായുധത്തെക്കാള്‍ പ്രഹരമുണ്ടാക്കാന്‍ കഴിയുമെന്ന് മഹാത്മജി തെളിയിച്ചു. ദണ്ഡി കടപ്പുറത്ത് ഒരുപിടി ഉപ്പ് മഹാത്മജിയുടെ കൈക്കുമ്പിളില്‍ ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ വിവിധ തീരങ്ങളില്‍ ലക്ഷക്കണക്കിന് സമരഭടന്മാര്‍ ഉപ്പു നിയമം ലംഘിച്ചു. രണ്ടാം ലോകമഹായുദ്ധ ശേഷവും ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള അനുകൂല നിലപാട് സ്വീകരിക്കാത്ത ബ്രിട്ടനോട് 'ക്വിറ്റ് ഇന്ത്യ' പറയാനും രാജ്യത്തെ ജനതയോട് സ്വന്തം രാജ്യത്തിനുവേണ്ടി 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന് നിര്‍ദേശിച്ചതും മഹാത്മജിയാണ്. നിരാഹാരവും മൗനവ്രതവും അഹിംസയും ലാളിത്യവും ഉറച്ച വിശ്വാസവും കൊണ്ട് ഇന്ത്യന്‍ ജനതയുടെ മനസിന്റെ അടിത്തട്ടില്‍ ചിരപ്രതിഷ്ഠ നേടിയ പ്രിയ ബാപ്പുജിയെ കേവലം പിസ്റ്റള്‍ കൊണ്ട് വധിക്കാം എന്ന് കരുതിയവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലായിരുന്നു എന്നാണ് തിരിച്ചറിയേണ്ടത്.
ന്യൂനപക്ഷങ്ങളും ദലിതുകളും ഭരണഘടനയുടെ ഫെഡറല്‍ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും വേട്ടയാടപ്പെടുന്ന അത്യന്തം ആപല്‍ക്കരമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. സാധാരണ ജനത ഭക്ഷണ, വസ്ത്ര, സഞ്ചാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നു. മതസ്വാതന്ത്ര്യവും മതേതരത്വം മൂല്യങ്ങളും ആസൂത്രിതമായി ഇല്ലാതാക്കപ്പെടുന്നു. ചിന്തിക്കാനും എഴുതാനും പറയാനും സാധിക്കാത്ത അവസ്ഥ. അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പുസ്തകത്താളുകളില്‍ മടക്കിവച്ച ദുഃഖകരമായ അവസ്ഥ.
ഭരണഘടനയെ അപ്രസക്തമാക്കുന്ന വിധം പൗരത്വ നിയമവും മറ്റും നടപ്പിലാക്കുന്നു. ഇന്ത്യന്‍ ബഹുസ്വരതയെയും നാനാത്വത്തിലെ ഏകത്വത്തെയും ഇല്ലാതാക്കി ഭരണഘടനയുടെ വിശാല അര്‍ഥങ്ങളെ ഒതുക്കി വയ്ക്കുന്ന വര്‍ത്തമാനകാലത്ത് ഗാന്ധിയന്‍ രാഷ്ട്ര- സാമൂഹിക- ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് പ്രതിഷേധത്തിന്റെ ഉത്തമ മാതൃകയായി മാറുകയാണ്.
ഗാന്ധിയെ മറക്കുന്നിടത്താണ് ഇന്ത്യയുടെ പരമാധികാരത്തിനും സ്വാശ്രയത്വത്തിനും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരേ ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് വേരോട്ടം ഉണ്ടാകുന്നത്. സത്യത്തെ ഉരകല്ലാക്കി തന്റെ ചെയ്തികള്‍ക്ക് മാറ്റു നോക്കിയിരുന്ന ഗാന്ധിജിയെ സത്യാനന്തരകാലം അപനിര്‍മിതി നടത്തുകയാണ്.
ഗാന്ധിജിയുടെ ജീവിതവും രക്തസാക്ഷിത്വവും വര്‍ഗീയതയ്‌ക്കെതിരായ മതേതര ജനാധിപത്യത്തിനു വേണ്ടിയായിരുന്നു. ഭൂരിപക്ഷ ശബ്ദത്തിനിടയിലും ന്യൂനപക്ഷസ്വരം ഉയര്‍ന്നു കേള്‍ക്കാന്‍ വേണ്ടി പ്രയത്നിച്ചു. മാറ്റിനിര്‍ത്തപ്പെട്ടവനെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കുന്നതിന് വേണ്ടിയായിരുന്നു. സര്‍വോപരി ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഇടം ഒരുക്കുന്നതിനു വേണ്ടിയായിരുന്നു.
ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് കോര്‍പറേറ്റ് മൂലധനത്തിന്റെ പിന്തുണയോടെ ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയം കൈയാളുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യവും പരമാധികാരവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
സ്വാശ്രയത്വത്തെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്ത് ഭിന്നിപ്പിച്ച് ഭരിക്കലിന്റെ കൊളോണിയല്‍ തന്ത്രം പയറ്റുമ്പോള്‍, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യ ശക്തിയെ ഖാദി നൂലിന്റെ ശക്തികൊണ്ട് നേരിട്ട മഹാത്മജിയുടെ ആശയങ്ങള്‍ നമ്മെ മുന്നില്‍നിന്നു നയിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."