കെ.റെയില്‍ സമരം സുപ്രിംകോടതിക്കെതിരെ; യു.ഡി.എഫ് പിന്മാറണമെന്ന് കോടിയേരി
തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധം സുപ്രിംകോടതിക്കെതിരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍വേ സുപ്രിംകോടതി വരെ അംഗീകരിച്ചതാണ്. സുപ്രിംകോടതി വിധി വരുന്നതിനു മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേതെന്നും യു.ഡി.എഫ് പുനര്‍ചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞത് വീട്ടുകാരല്ല. യുഡിഎഫുകാരാണ്. യുഡിഎഫ് പിഴുത കല്ലുകള്‍ വീട്ടുകാര്‍ തന്നെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതിന് എല്‍ഡിഎഫ് സഹായിക്കുമെന്നും കോടിയേരി പറഞ്ഞു.
ഇപ്പോള്‍ കല്ലിടുന്നത് സാമൂഹ്യാഘാതപഠനത്തിനാണ്. സില്‍വര്‍ ലൈനിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ അവര്‍ക്ക് നോട്ടീസ് നല്‍കും. അതിന് ശേഷം പബ്ലിക് ഹിയറിങ് നടത്തും. വീടും കെട്ടിടങ്ങളും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസം എങ്ങനെ വേണമെന്ന കാര്യം അവരുമായി ചര്‍ച്ചചെയ്യും. അതില്‍ വിദഗ്ധരും ജനപ്രതിനിധികളുമുണ്ടാകും. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കും. അവരുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് എല്‍ഡിഎഫില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."