പൊന്നാനി ടൂറിസം ഡെസ്റ്റിനേഷന്‍: പഠനം ആരംഭിച്ചു
പൊന്നാനി: ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ച പൊന്നാനി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള പഠനം ആരംഭിച്ചു.
വിവിധ ടൂറിസം പദ്ധതികളുടെ നടപ്പിലാക്കലിനു വേണ്ടിയുള്ള സമഗ്ര റിപ്പോര്‍ട്ട് തയാറാക്കാനാണു പഠനം ആരംഭിച്ചിട്ടുള്ളത്. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് വിദഗ്ധര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് തയാറാക്കുന്നത്.
പൊന്നാനിയില്‍ നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയിലും കലക്ടറുടെ ചേംബറിലും നടന്ന യോഗങ്ങളില്‍ സ്പീക്കര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണു സമഗ്ര പഠന റിപ്പോര്‍ട്ട് തയാറാക്കുന്നത്.
ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ച മണ്ഡലത്തിലെ നിലവിലെ പദ്ധതികളായി നിള ഹെറിറ്റേജ് മ്യൂസിയം പദ്ധതി, കര്‍മ പുഴയോരം റോഡ്, ബിയ്യം പാലം ടൂറിസം പദ്ധതി എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രൊജക്ടാണ് നടപ്പില്‍വരുത്താന്‍ ഉദ്ദേശിക്കുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി കനോലി കനാല്‍ മാലിന്യമുക്തമാക്കി പുഴയോര ഭിത്തി നിര്‍മിച്ച് മനോഹരമായ നടപ്പാതകള്‍ നിര്‍മിച്ച് ജല ടൂറിസത്തിനുള്ള സാധ്യതകളും ആരായുന്നുണ്ട്.
കര്‍മ റോസിനെയും കനോലി കനാലിനെയും മുനമ്പം ബിവി തീര്‍ഥാടന കേന്ദ്രത്തെയും മാട്ടുമ്മല്‍ ബീച്ച്, കാഞ്ഞിരമുക്ക് പുഴ, ബിയ്യം എന്നിവയെ ബന്ധിപ്പിച്ചു നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപരേഖ തയാറാക്കിയിട്ടുണ്ട്.
ഇതിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ഈശ്വരമംഗലത്ത് 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും. എം.എല്‍.എ ഫണ്ടില്‍നിന്നുള്ള പണംകൊണ്ടു നിര്‍മിക്കുന്ന നിള ഹെറിറ്റേജ് പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ബിയ്യം പാലം പാര്‍ക്ക് അടുത്ത ദിവസംതന്നെ ഉദ്ഘാടനം ചെയ്യാനാകും.
സമഗ്ര റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, ഡി.ടി.പി.സി ആര്‍ക്കിടെക്റ്റ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോട്ട് മാര്‍ഗം കനോലി കനാലിലും ബിയ്യം കായലിലും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."