ഓൺലൈൻ വ്യാപാരം 'കഞ്ഞികുടി മുട്ടിക്കുന്നു'വെന്ന് വ്യാപാരി വ്യവസായി സമിതി സംഘടനാ റിപ്പോർട്ട്
കണ്ണൂർ: ഓൺലൈനായി അവശ്യവസ്തുക്കൾ എത്താത്ത വീടുകൾ ഇല്ലാതായതോടെ സംസ്ഥാനത്ത് വ്യാപാരികളുടെ കഞ്ഞികുടി മുട്ടിയെന്ന് സി.പി.എം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ സംഘടന റിപ്പോർട്ട്. കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന മേഖല, ഏരിയാ സമ്മേളനങ്ങളിൽ സംസ്ഥാന നേതാക്കൾ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിലാണ് ഓൺലൈൻ വ്യാപാരം വ്യാപാരികളുടെ വയറ്റത്തടിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നത്.
ഓൺലൈൻ വ്യാപാരം സജീവമായതോടെ യുവത എന്ന ഒരുതലമുറ പൂർണമായും വ്യാപാര സ്ഥാപനങ്ങളിൽനിന്ന് അകന്നു. മൊബൈലുണ്ടെങ്കിൽ എല്ലാ സാധാനങ്ങളും വീട്ടുമുറ്റത്തെത്തുമെന്ന അവസ്ഥയും മാളുകളും ടൗൺഷിപ്പുകളും പോലുള്ള വലിയ സംരംഭങ്ങൾ വന്നതും ചെറുകിട, ഇടത്തരം വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഗൂഗിൾ പേയും ഓൺലൈൻ വ്യാപാരവും വന്നതാണ് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിച്ചത്. ഓൺലൈൻ വ്യാപാരത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും എന്നാൽ, നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.
യുവതയുടെയും ഉപഭോക്താക്കളുടെയും അഭിരുചിക്കും ആവശ്യത്തിനും അനുസരിച്ച് നമ്മളും മാറേണ്ടതുണ്ട്. തൊണ്ണൂറുകളിലെ പുത്തൻ സാമ്പത്തിക നയമാണ് ഇത്തരമൊരവസ്ഥയിൽ വ്യാപാരികളെ കൊണ്ടെത്തിച്ചത്. ചൈനയുടെ ഉൽപന്നങ്ങൾ നാടുനീളെ ചെറിയ വിലയ്ക്ക് വിറ്റഴിക്കപ്പെടുന്നു. ചൈനീസ് ഉൽപന്നങ്ങൾ പലതും ആളുകളെ ഭ്രമിപ്പിക്കുന്നതാണ്. ചൈനീസ് വ്യാപാരികൾ ഇപ്പോൾ അവരുടെ ഉൽപന്നങ്ങളുമായി നാട്ടിൻപുറത്ത് പോലും എത്തിക്കഴിഞ്ഞു. ഉദാരവൽക്കരണ നയങ്ങൾ വിപണിയെ അങ്ങനെ മാറ്റിമറിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
വ്യാപാര മേഖലയിലേക്കുള്ള ആളുകളുടെ തള്ളിക്കയറ്റവും വ്യാപാരികളെ ബാധിച്ചിട്ടുണ്ട്. വാങ്ങുന്നവരേക്കാൾ വിൽക്കുന്നവരാണ് കൂടുതൽ. റോഡുകളുടെ അരികുവശങ്ങൾ മുഴുവൻ വ്യാപാരികൾ കൈയടക്കി. 2019ൽ സമ്മേളനം നടക്കുമ്പോൾ 1,35,000 അംഗങ്ങളുണ്ടായിരുന്ന സംഘടനയ്ക്ക് ഇപ്പോൾ രണ്ടു ലക്ഷത്തിന് മുകളിൽ അംഗങ്ങളുണ്ടെന്നും സംസ്ഥാന സമ്മേളനത്തിൽ അംഗത്വ സ്‌ക്രൂട്ടിനി കഴിയുന്നതോടെ അത് മൂന്ന് ലക്ഷത്തിലെത്തും. ചെറുകിട വ്യാപാരികളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറേണ്ട കാലമായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."