തെരഞ്ഞെടുപ്പിലുയരാത്ത ജീവല്‍പ്രശ്‌നങ്ങള്‍
ഭരണത്തുടര്‍ച്ചയോ അതോ ഭരണമാറ്റമോ വേണ്ടതെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ അലര്‍ച്ചകളില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാതെ പോയത് നിരവധി ജീവല്‍പ്രശ്‌നങ്ങളാണ്. ആഴക്കടലില്‍ തുടങ്ങി ക്യാപ്റ്റനാര് എന്ന അടുക്കളപോരില്‍ വരെ എത്തിനിന്ന വിവാദങ്ങളാണ് 15ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൊണ്ടാടിയത്. പരിസ്ഥിതി, ആദിവാസി - ദലിത്, ന്യൂനപക്ഷ വിഷയങ്ങളും ഭരണകൂട ഭീകരത, വര്‍ഗീയത, കൊലപാതകരാഷ്ട്രീയം ഇതൊന്നും എന്തുകൊണ്ടാണ് കേരളത്തിന്റെ ഭാവിയുടെ വിധിയെഴുത്താകുന്ന തെരഞ്ഞെടുപ്പിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടാതെ പോയത്?
കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാന്തരീക്ഷത്തില്‍ വന്ന മാറ്റം വളരെ വലുതാണ്. പീഡനത്തിനും അക്രമത്തിനും ഇരയായ സ്ത്രീകളുടെയും കുട്ടികളുടെയും ദലിതരുടെയും ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരുടെയും എണ്ണം കൂടി. ഇക്കാലങ്ങളില്‍ കൊലചെയ്യപ്പെട്ടവരും ഏറെയാണ്. അക്രമത്തിന്റെയും അസമത്വത്തിന്റേയും കണക്കെടുപ്പില്‍ കേരളവും വ്യത്യസ്തമായിരുന്നില്ല. ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ക്കു കുറവുണ്ടായിരുന്നില്ല.
നെയ്യാറ്റിന്‍കരയിലെ മൂന്നു സെന്റ് ഭൂമിയില്‍നിന്ന് മരണത്തിലേക്ക് കുടിയിറക്കപ്പെട്ട മാതാപിതാക്കള്‍ക്കു കുഴിമാടം വെട്ടുന്നതിനിടെ പതിനേഴുകാരനായ ദലിത് ബാലന്‍ രഞ്ജിത്ത് ഭരണവര്‍ഗത്തിന് നേരെ ചൂണ്ടിയ വിരല്‍ ഇപ്പോഴും താണിട്ടില്ലെങ്കിലും പ്രതിപക്ഷ നേതാക്കള്‍ അതു കണ്ടില്ല. വാളയാറിലെ വിലാപങ്ങള്‍ക്കും അവര്‍ ചെവികൊടുത്തില്ല. മുന്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഡല്‍ഹിയിലെ നിര്‍ഭയ പീഡനം തുടര്‍ന്നുള്ള മിക്ക തെരഞ്ഞെടുപ്പിലും വിഷയേമോ ചര്‍ച്ചയോ ആയിരുന്നു. അതിന്റെ അലയൊലികള്‍ കേരളത്തിലും ഇക്കാലത്തെ തെരഞ്ഞെടുപ്പുകളിലുണ്ടായി. ഡല്‍ഹിയിലെ മാത്രമല്ല കേരളത്തിലെ തെരുവുകളിലും സ്ത്രീകള്‍ സുരക്ഷിതമായിരിക്കണമെന്ന മുദ്രാവാക്യം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാം കേട്ടു. പെരുമ്പാവൂരിലെ ജിഷ കൊലക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ മുറവിളികള്‍. ഇതിനേക്കാള്‍ ക്രൂരമായിരുന്നു വാളയാറില്‍ ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു ദലിത് സഹോദരിമാരുടെ പീഡന മരണം. വാളയാര്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിലും മുഖ്യമന്ത്രി മത്സരിച്ച ധര്‍മടത്ത് വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ഥിത്വത്തോടെയും ഈ രണ്ടു കുട്ടികളും പീഡനവും ഓര്‍മിക്കപ്പെട്ടുവെങ്കിലും ഇതെന്തുകൊണ്ട് ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷത്തിന് പോലും കഴിഞ്ഞിട്ടില്ലെന്നതാണ് ഏറെ ഗൗരവം. മാവോയിസ്റ്റു വേട്ടയും ഏറ്റുമുട്ടല്‍ കൊലകളും നമുക്ക് വിടാം. പക്ഷേ, കോഴിക്കോട്ടെ അലനേയും ത്വാഹയേയും ഭരണകൂട ഭീകരതയുമായി താരതമ്യം ചെയ്യാന്‍ പ്രതിപക്ഷം ഒരു ചെറിയ ശ്രമം എങ്കിലും നടത്തിയോ?
മാവോയിസ്റ്റ് ലഘുലേഖയുടെ പേരില്‍ സി.പി.എം പാര്‍ട്ടി അംഗങ്ങള്‍ കൂടിയായിരുന്ന പന്തീരാങ്കാവിലെ അലന്‍ ശുഹൈബും ത്വാഹാ ഫസലും അറസ്റ്റിലായതും യു.എ.പി.എ വകുപ്പു പ്രകാരം പൊലിസ് കേസെടുത്തു അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയതുമെല്ലാം ഏറെ രാഷ്ട്രീയ വിവാദത്തിന് അക്കാലത്തു കാരണമായിരുന്നു. പിന്നീട് എന്‍.ഐ.എ കോടതി തന്നെ അന്വേഷണ ഏജന്‍സിയെ രൂക്ഷമായി വിമര്‍ശിച്ചു ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു. ഇതില്‍ ത്വാഹയുടെ ജാമ്യം ഹൈക്കോടതി പിന്നീട് റദ്ദാക്കിയെങ്കിലും അലന്റേയും ത്വാഹയുടെയും അറസ്റ്റും വിവാദങ്ങളും മുന്‍നിര്‍ത്തി യു.എ.പി.എയും അതിന്റെ ദുരുപയോഗവും ഇവിടെ തെരഞ്ഞെടുപ്പ് ചര്‍ച്ചയായില്ല. തീര്‍ന്നില്ല, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ലോക്കപ്പുകളില്‍ പൊലിഞ്ഞ ജീവനുകള്‍ എത്രയാണെന്ന കണക്കു ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവുചര്‍ച്ചകളില്‍ എങ്കിലും ഉയര്‍ത്തിയോ? അഴിമതിക്കും സ്വജനപക്ഷപാതത്തിനുമപ്പുറം മനുഷ്യാവകാശ ലംഘനവും ഉയര്‍ത്തുന്ന ഭീകരത കൂടിയുണ്ടിവിടെ. യു.ഡി.എഫിനും കോണ്‍ഗ്രസിനും അത്ര പെട്ടെന്ന് മറക്കാനാകുമോ തിരുവനന്തപുരത്തെ ഉദയകുമാറിനെ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ഫോര്‍ട്ട് പൊലിസ് സ്റ്റേഷനില്‍ ഉരുട്ടലിന് വിധേയമായി ക്രൂരമായി കൊല്ലപ്പെട്ടതായിരുന്നു ഉദയകുമാര്‍. 2016ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും ഈ ഉരുട്ടിക്കൊലയായിരുന്നു. എന്നാല്‍, ഈ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ ലോക്കപ്പുകളില്‍ പൊലിഞ്ഞ് 22 ജീവനുകളായിരുന്നുവെന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ആരും ചര്‍ച്ച ചെയ്തില്ല.
2016 സെപ്റ്റംബര്‍ 16ന് മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ടയര്‍ മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത അന്‍പതു വയസുകാരന്‍ അബ്ദുല്‍ ലത്തീഫ് പിണറായി സര്‍ക്കാരിന്റെ കാലത്തെ ലോക്കപ്പിലെ ആദ്യ രക്തസാക്ഷിയായി. വയോധികയെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ ഇക്കഴിഞ്ഞ ജനുവരി 11 ന് ഉദയംപേരൂര്‍ പൊലിസ് അറസ്റ്റു ചെയ്തു ക്രൂരമര്‍ദനത്തിനിരയാക്കി രണ്ടു ദിവസത്തിനുശേഷം സബ് ജയിലില്‍ മരിച്ച കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖിന്റേതാണ് ലോക്കപ്പു മുറികളില്‍ പൊലിഞ്ഞ ഒടുവിലത്തെ ജീവന്‍. ഉദയകുമാറിനെ എങ്ങനെയാണോ ഉരുട്ടിക്കൊന്നത് അതിനേയും അമ്പരിപ്പിക്കുന്ന ക്രൂരതയാണ് രാജ്കുമാറിന് നേരിടേണ്ടി വന്നത്. 2019 ജൂണ്‍ 21 ന് നെടുങ്കണ്ടം പൊലിസ് സ്‌റ്റേഷനില്‍ വച്ച് ക്രൂരമായ മൂന്നാം മുറയ്ക്കും ഉരുട്ടലിനും വിധേയമായിട്ടാണ് പീരുമേട് ഹരിത ചിട്ടിത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര്‍ മരിച്ചത്.
കേരളം നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏതെങ്കിലും മുന്നണികളുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലോ രാഷ്ട്രീയഅജന്‍ഡയിലോ സ്ഥാനം പിടിച്ചിട്ടില്ല. പൗരത്വ സര്‍വേയും പൗരത്വ ഭേദഗതി നിയമവും ആരൊക്കെ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു. വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നതു പോലെയാണ് കേരളത്തില്‍ വിധിയെഴുത്തു നടന്നതെങ്കില്‍ എന്‍.ഡി.എക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പിക്ക് വോട്ടുവിഹിതം കൂടുന്നതായിരിക്കും ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പിയും ആര്‍.എസ്.എസും ഉള്ളിലൊളിപ്പിച്ചിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭീകരതയെ തുറന്നുകാട്ടാന്‍ എതെങ്കിലുള്ള ശ്രമങ്ങള്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ നടത്തിയിരുന്നോ. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ വേട്ടയും ദലിത് പീഡനങ്ങളും എന്തുകൊണ്ടാണ് ചര്‍ച്ചയാകാതിരുന്നത്. അതിനു പകരം താനാണ് അടുത്ത മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന ഇ. ശ്രീധരനെയും ശോഭാ സുരേന്ദ്രന്റേയും കെ. സുരേന്ദ്രന്റെയും പടലപിണക്കങ്ങളും മുന്‍നിര്‍ത്തി ബി.ജെ.പി രാഷ്ട്രീയം ചാനലുകള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഇരുമുന്നണികളുടെ നേതാക്കളും അതിന് കൊഴുപ്പേകി. തലസ്ഥാനത്തെ പുതിയ ആസ്ഥാന മന്ദിരത്തില്‍ 'മുഖ്യമന്ത്രി'യ്ക്കായി ഒരു മുറിവരെ മാറ്റിവച്ച പാര്‍ട്ടിയാണ് ബി.ജെ.പി എന്നത് മറക്കരുത്. കേരളത്തില്‍ സ്വീകാര്യമാകുക ഇവിടത്തെ പൈങ്കിളി രാഷ്ട്രീയമാണെങ്കില്‍ ആ മേലങ്കി അണിഞ്ഞും ഇവിടെ കാലുറപ്പിക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതാണ് ഇത്തരം വിവാദ കഥകള്‍ക്കു പിന്നിലെ അജന്‍ഡകളും.
തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള അജന്‍ഡകള്‍ നിര്‍ണയിക്കുന്നതില്‍ വരെ സമൂഹമാധ്യമങ്ങള്‍ക്കും അവയെ നിയന്ത്രിക്കുന്ന സൈബര്‍ പോരാളികള്‍ക്കും ഇടപെടാന്‍ കഴിഞ്ഞുവെന്നതാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഒരിക്കല്‍ കൂടി തെളിയിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലേമുക്കാലിലേറെ നീണ്ട വര്‍ഷത്തെ പ്രശ്‌നങ്ങളൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. സ്വര്‍ണക്കടത്തു വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ഉയര്‍ന്ന ആരോപണത്തെ പോലും ഈ തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ യു.ഡി.എഫിനായില്ല. പകരം പ്രചാരണത്തിന്റെ ഒന്നരമാസം പുതിയ പുതിയ വിഷയങ്ങളായിരുന്നു യു.ഡി.എഫ് ഉയര്‍ത്തിയതും ചര്‍ച്ച ചെയ്തതും. ഇതില്‍ നെല്ലേത് പതിരേത് എന്ന് തിരിച്ചറിയുന്നതിനു മുന്‍പ് തന്നെ വോട്ടര്‍മാര്‍ ബൂത്തിലെത്തി.
എല്‍.ഡി.എഫും സി.പി.എമ്മും ആഗ്രഹിച്ചതുപോലെ തന്നെ യു.ഡി.എഫും മുഖ്യമന്ത്രിയെ തന്നെ കേന്ദ്രീകരിച്ചു ആരോപണങ്ങളും വാക്‌പോരും നടത്തി. എല്‍.ഡി.എഫിന്റെയോ സി.പി.എമ്മിന്റേയോ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല 'ക്യാപ്റ്റന്‍' എന്ന വാക്ക് ഇതോടെ സ്വീകാര്യമായത്. ക്യാപ്റ്റന്‍ സ്ഥാനം എല്‍.ഡി.എഫ് പക്ഷത്തു നിന്നും ചാര്‍ത്തി നല്‍കിയതോടെ കൂടുതല്‍ കരുത്തനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന ചിത്രം മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഒരര്‍ഥത്തില്‍ പ്രതിപക്ഷവും പങ്കാളികളായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ വിവാദങ്ങളില്‍പ്പെട്ടു രാജിവച്ച മന്ത്രിമാരുണ്ടായിരുന്നു. ബന്ധുനിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളുണ്ട്. കേരളം വലിയ വില കൊടുക്കേണ്ടി വന്ന പ്രളയം സര്‍ക്കാരിന്റെ നിസംഗതയില്‍ നിന്നുണ്ടായതാണെന്ന പഠന റിപ്പോര്‍ട്ടുമുണ്ട്. ഇതൊന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൗരവമായ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷത്തിനായില്ല.
സര്‍വേകളില്‍ കേന്ദ്രീകരിച്ചു ഭരണത്തുടര്‍ച്ചയെന്ന എല്‍.ഡി.എഫ് വാദത്തെ എതിര്‍ക്കാനുള്ള നീക്കം മാത്രമായിരുന്നു യു.ഡി.എഫിന്റേത്. അതിനിടെ പ്രതിപക്ഷം മറന്നുപോയത് അഞ്ചു വര്‍ഷം തെരുവില്‍ നടത്തിയ സമരങ്ങളായിരുന്നു, ഇവിടുത്തെ സാധാരണക്കാര്‍ നേരിട്ട ജീവല്‍പ്രശ്‌നങ്ങളായിരുന്നു. ദൃശ്യമാധ്യമങ്ങള്‍ അവരുടെ അജന്‍ഡയ്ക്കനുസരിച്ച് വിഷയങ്ങള്‍ തീരുമാനിച്ച് ചര്‍ച്ചയും സംവാദങ്ങളും നടത്തിയപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ഈ പൈങ്കിളി രാഷ്ട്രീയത്തിന്റെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."