HOME
DETAILS

റോഹിംഗ്യകള്‍ക്ക് എവിടെയാണഭയം?

  
backup
April 10 2021 | 03:04 AM

65937887-2


ഇന്ത്യയില്‍ പൗരന്മാരുടെ അവകാശങ്ങള്‍ വലിയ രീതിയില്‍ കവര്‍ന്നെടുക്കാന്‍ തുടങ്ങിയത് എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. ഇവിടെ ജനിച്ചു വളര്‍ന്ന മുസ്‌ലിംകളെ അപര മുദ്രകുത്തി രാജ്യഭ്രഷ്ടരാക്കുക എന്നത് സംഘ്പരിവാര്‍ അജന്‍ഡയാണ്. പൗരാവകാശങ്ങള്‍ ഇല്ലാതാക്കി തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കാനുള്ള നിഗൂഢ പദ്ധതിയും ആവിഷ്‌ക്കരിച്ചത് അവരുടെ ബുദ്ധികേന്ദ്രങ്ങള്‍ തന്നെ. അന്യായമായ അറസ്റ്റുകളിലൂടെ വിചാരണയില്ലാതെ കാലങ്ങളോളം തടങ്കലില്‍ പാര്‍പ്പിക്കുന്നതും പ്രത്യേക സൈബര്‍ സെല്ലുകള്‍ രൂപീകരിച്ചും മാധ്യമങ്ങളെ സ്വാധീനിച്ചും മുസ്‌ലിംകള്‍ക്കെതിരേ ദുഷ്പ്രചാരണം നടത്തുന്നതും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. ഇതിനിടയിലാണ് മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രമായ ബാബ്‌രി മസ്ജിദ് പൊളിച്ച് അവിടെ രാമക്ഷേത്രം പണിതുകൊണ്ടിരിക്കുന്നതും. അത് അവസാനത്തേതായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങള്‍. ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്താണെന്ന സംഘ്പരിവാര്‍ പരാതിയെത്തുടര്‍ന്ന് അവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ വാരണസി കോടതി ഉത്തരവിട്ടിരിക്കുകയാണ്. നാളെ ഏതെങ്കിലും വിഗ്രഹം പള്ളിക്കകത്ത് നിന്ന് കണ്ടെടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ല. ബാബ്‌രി മസ്ജിദിനുള്ളില്‍ നിന്ന് വിഗ്രഹം കണ്ടെടുത്തതായിരുന്നു ആ പള്ളി തകര്‍ക്കുന്നതിന് വഴിവച്ചത്. നാളെ ഗ്യാന്‍വാപി പള്ളിയിലും വിഗ്രഹം സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടേക്കാം.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ആരുടെ അധീനതയിലായിരുന്നോ ആരാധനാലയങ്ങള്‍ അത് അങ്ങനെ തന്നെ തുടരണമെന്ന നിയമവും ഇല്ലാതാക്കാന്‍ പോവുകയാണ്. ഇതാണ് ഇന്ത്യയുടെ നിലവിലെ അവസ്ഥയെങ്കില്‍ തൊട്ടയല്‍ രാജ്യമായ മ്യാന്മറിലെ റോഹിംഗ്യകള്‍ അഭയത്തിനുവേണ്ടി അലയുകയാണ്. പിറന്ന നാട്ടില്‍നിന്ന് അവര്‍ ആട്ടിയോടിക്കപ്പെട്ടു. പലരെയും കൂട്ടത്തോടെ കൊന്നൊടുക്കി. കുടിലുകളില്‍ അഭയം തേടിയ കൊച്ചു കുഞ്ഞുങ്ങളടക്കമുള്ളവരെ ജീവനോടെ ചുട്ടെരിച്ചു.
2016-17 കാലത്ത് മ്യാന്മറില്‍ ഒരു ദശലക്ഷം റോഹിംഗ്യന്‍ വംശജര്‍ ജീവിച്ചിരുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ബുദ്ധിസ്റ്റ് തീവ്രവാദികളും പട്ടാളവും ചേര്‍ന്ന് ഇവരില്‍ പലരേയും കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. അതേ പട്ടാളം തോക്കും മര്‍ദനോപകരണങ്ങളുമായി പൊതുജനങ്ങള്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍. നിത്യേനയെന്നോണം നൂറ് കണക്കിന് മ്യാന്മര്‍ പൗരന്മാരാണ് പട്ടാളത്തിന്റെ ബുള്ളറ്റുകള്‍ക്ക് ഇരയായാവുന്നത്. കാവ്യനീതിക്കപ്പുറം ഫാസിസത്തിന്റെ നിലപാടുകൂടിയാണിത്. ഫാസിസത്തിന് ഫാസിസത്തെയല്ലാതെ മറ്റൊന്നിനേയും അംഗീകരിക്കാനാവില്ല.


മ്യാന്മറിലെ റോഹിംഗ്യകള്‍ കൂട്ടമായി കൊലചെയ്യപ്പെട്ടപ്പോഴും ആട്ടിയോടിക്കപ്പെട്ടപ്പോഴും സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് വാങ്ങിയ ഓങ് സാന്‍ സൂചി ശബ്ദിച്ചില്ല. അവരില്‍ നിന്ന് നൊബേല്‍ പ്രൈസ് തിരികെ വാങ്ങണമെന്ന് ലോകമൊട്ടാകെ മുറവിളിയുയര്‍ന്നിട്ടും സൂചി ഒരക്ഷരം മിണ്ടിയില്ല. ഒടുവില്‍ പട്ടാള ഭരണകൂടം അറസ്റ്റ് ചെയ്ത് തടങ്കലിട്ടപ്പോള്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാനും ആരും ഉണ്ടായില്ല.


ലോകത്തിലെ ഏറ്റവും വലിയ പീഡിത ന്യൂനപക്ഷമെന്ന് 2013 ല്‍ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിംഗ്യകളുടെ പീഡനപര്‍വം താണ്ടല്‍ ഇതുവരെ അവസാനിച്ചിട്ടില്ല. പൗരത്വം നിഷേധിക്കപ്പെട്ട ഈ ജനതയ്ക്ക് അത് സമ്പാദിക്കാനുള്ള എല്ലാ വഴികളും മ്യാന്മര്‍ പട്ടാള ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്. തിരിച്ചറിയല്‍ കാര്‍ഡ് പോലും ഭരണകൂടം ഇവര്‍ക്ക് നല്‍കുന്നില്ല. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞു കയറിയവരാണെന്ന് ആക്ഷേപിച്ചാണ് മ്യാന്മര്‍ ഭരണകൂടം അവരെ ആട്ടിയോടിച്ചുകൊണ്ടിരിക്കുന്നത്.
ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യന്‍ ജനത, എങ്ങും കരയ്ക്കടുക്കാനാകാതെ നടുക്കടലില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം കൂട്ടമരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന കരളലിയിക്കുന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും റോഹിംഗ്യകള്‍ അഭയാര്‍ഥികളായി കഴിയുകയാണിന്ന്. 2015ല്‍ തുടങ്ങിയ അഭയാര്‍ഥി പ്രവാഹം അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലും ഇന്ത്യയിലും എത്തിയിട്ടുണ്ട്. നാടുകടത്തല്‍ ഭീതിയിലാണ് ഇന്ത്യയിലെത്തിയ റോഹിംഗ്യകള്‍.
ഒരു വിഭാഗം റോഹിംഗ്യരെ നാടുകടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരിക്കുകയാണ്. മ്യാന്മറിലെ വംശീയ ഉന്മൂലനത്തില്‍ നിന്ന് അഭയംതേടി ഇന്ത്യയിലെത്തിയ റോഹിംഗ്യരെയാണ് മതിയായ മാനദണ്ഡങ്ങളും നടപടികളും പാലിച്ച് നാടുകടത്താന്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയത്. ജമ്മു കശ്മിരില്‍ തടവിലാക്കപ്പെട്ട റോഹിംഗ്യന്‍ വംശജരെ മോചിപ്പിക്കണമെന്നും അവരുള്‍പ്പെടെയുള്ളവരെ മ്യാന്മറിലേക്ക് നാടുകടത്തരുതെന്നും ആവശ്യപ്പെട്ട് ഇന്ത്യയിലെ റോഹിംഗ്യന്‍ വംശജനായ മുഹമ്മദ് സലീമുല്ല നല്‍കിയ ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നിലവില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 150 ഓളം റോഹിംഗ്യന്‍ വംശജരാണ് ജമ്മു സബ് ജയിലില്‍ കഴിയുന്നത്. ഇവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും തങ്ങളെ നാടുകടത്തരുതെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. കേസില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച സുപ്രിംകോടതി, നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ച് അവരെ മ്യാന്മറിലേക്ക് നാടുകടത്താന്‍ അനുവദിക്കുകയായിരുന്നു.
അഭയാര്‍ഥികളെ മാത്രമല്ല, രാജ്യത്തേക്ക് വന്നവരെയെല്ലാം രണ്ടും കൈയും നീട്ടി സ്വീകരിച്ച മഹിതപാരമ്പര്യമാണ് ഇന്ത്യയുടേത്. അവരില്‍ ഭരണാധികാരികളും രാജാക്കന്മാരും സ്‌നേഹദൂതരും മുനിവര്യന്‍മാരും സൂഫികളും മതപുരോഹിതരും മിഷനറിമാരും എല്ലാം ഉണ്ടായിരുന്നു. പാകിസ്താന്‍ ആഭ്യന്തര യുദ്ധത്തില്‍ ആയിരങ്ങളാണ് അഭയാര്‍ഥികളായി ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തിയത്. അവരെ ആട്ടിയോടിക്കണമെന്നാരും ആവശ്യപ്പെട്ടിരുന്നില്ല. ഇന്ത്യയുടെ സവിശേഷമായ നാനാത്വത്തിലെ ഏകത്വം എന്നതിന്റെ അടിസ്ഥാനം ഈ സ്വാംശീകരണമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു വന്നവര്‍ക്കൊപ്പം അവരുടെ സംസ്‌കാരത്തേയും ഇന്ത്യ ആത്മാവില്‍ ഏറ്റുവാങ്ങി. ഇന്ത്യയെ ബഹുസ്വര സമൂഹമായി രൂപപ്പെടുത്തിയെടുത്തത് ഇവിടേക്കൊഴുകിയ ജനതയും അവരുടെ സംസ്‌കാരവുമാണ്. രാജ്യത്തിന്റെ ശക്തി ഈ ബഹുസ്വര സമൂഹത്വത്തിന്റെ ഐക്യമാണ്. എന്നാല്‍ അടുത്ത കാലത്തായി ഈ പൈതൃക സ്വത്വത്തെ തകര്‍ത്തെറിയുവാനും പകരം ഹിന്ദുത്വത്തിലൂന്നിയ ഏകശിലാ ഭരണം സ്ഥാപിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.


അഭയം പ്രാപിച്ച റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കുവാന്‍ ഇന്ത്യന്‍ ഭരണകൂടം കാണിക്കുന്ന വ്യഗ്രത അണിയറയില്‍ നടക്കുന്ന ഗൂഢാലോചനകളുടെ ഫലമാണ്. മറ്റൊരു രാജ്യവും അവരുടെ നാട്ടില്‍ അഭയം തേടിയ റോഹിംഗ്യന്‍ ജനതയെ നാടുകടത്താന്‍ കാണിക്കാത്ത ഉത്സാഹമാണ് നമ്മുടെ ഭരണകൂടം പ്രകടിപ്പിക്കുന്നത്. അഭയാര്‍ഥികളെന്ന് മുദ്രകുത്തി യഥാര്‍ഥ ഇന്ത്യക്കാരെയും നാടുകടത്താന്‍ ഭരണകൂടം നടത്തുന്ന കുത്സിത ശ്രമങ്ങളും ഈ അത്യുത്സാഹത്തിനു പിന്നിലുണ്ടാവാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago