ഒളിമ്പിക്‌സിൽ റഷ്യൻ താരങ്ങളെ വിലക്കണം; ഇല്ലെങ്കിൽ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് യുക്രൈൻ
കൈവ്: 2024ൽ പാരീസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്‌സിൽ റഷ്യൻ താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി. ഇതുസംബന്ധിച്ച് സെലൻസ്‌കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് കത്തയച്ചു. റഷ്യൻ താരങ്ങളെ മത്സരിപ്പിച്ചാൽ തങ്ങൾ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
റഷ്യൻ താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും തീരുമാനത്തിൽ ഉറച്ചു നിൽക്കാനാണ് ഭാവമെങ്കിൽ ഗെയിംസ് ബഹിഷ്‌കരിക്കുമെന്നും സെലൻസ്കി ഇമ്മാനുവൽ മാക്രോണിന് അയച്ച കത്തിൽ പറയുന്നു. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ റഷ്യൻ താരങ്ങളെ മത്സരിക്കാൻ അനുവദിക്കുന്നത് തടയാൻ യുക്രൈൻ അന്താരാഷ്ട്ര ക്യാമ്പയിൻ ആരംഭിക്കുമെന്ന് വെള്ളിയാഴ്ച നടത്തിയ വീഡിയോ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
റഷ്യൻ താരങ്ങളെ ഗെയിംസിലേക്ക് പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. ഭീകരത സ്വീകാര്യമാണെന്ന് ലോകത്തെ അറിയിക്കുന്നതിനു വേണ്ടിയുള്ള ഐഒസിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇത്തരം ഗെയിംസുകൾ ആക്രമണത്തിനോ ഭരണകൂട വർഗീയതയ്ക്കോ വേണ്ടിയുള്ള പ്രചരണമായി റഷ്യ ഉപയോഗിക്കുമെന്നും ഇതിന് റഷ്യയെ അനുവദിക്കരുതെന്നും സെലൻസ്‌കി കൂട്ടിച്ചേർത്തു.
റഷ്യ - യുക്രൈൻ യുദ്ധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുക്രൈന്റെ വിഷയത്തിലുള്ള തീരുമാനം വരുന്നത്. അതേസമയം തന്നെ യുക്രൈനിൽ അഭിനിവേശം നടത്തുന്ന റഷ്യയെ കൈവിടാനും ഐഒസിക്ക് സാധിക്കില്ല. ഫലത്തിൽ എന്താകും ഐഒസി എടുക്കുന്ന നിലപാട് എന്നറിയാനുള്ള കാത്തിരിപ്പിലാണ് കായിക ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."