ഷെല്ലാക്രമണം നിർത്തണമെങ്കിൽ മരിയപോൾ കീഴടങ്ങണമെന്ന് പുടിൻ
മോസ്കോ
മരിയപോൾ കീഴടങ്ങിയെങ്കിലേ ഷെല്ലാക്രമണം നിർത്തുകയുള്ളൂവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇസ്തംബൂൾ ചർച്ച ഫലം കാണാത്ത സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം. അതിനിടെ മരിയപോളിലെ ഒരു പ്രസവാശുപത്രിയിലെ 70ലേറെ ഗർഭിണികളെയും ജീവനക്കാരെയും റഷ്യൻ സേന നിർബന്ധപൂർവം റഷ്യൻ പ്രദേശത്തേക്കു മാറ്റി. ഇവിടെ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് വിലയിരുത്തലുണ്ട്. മരിയപോളിലെ 20,000 പേരെ റഷ്യയിലെത്തിച്ചതായി ഉക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്തംബൂൾ ചർച്ചയോടെ ആക്രമണം കുറയ്ക്കുമെന്ന് റഷ്യ വ്യക്തമാക്കിയെങ്കിലും കീവിലും ചെർണിഹീവിലും വ്യോമാക്രമണം തുടരുകയാണെന്ന് മേഖലാ ഗവർണർ അറിയിച്ചു. കീവിനു സമീപം സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഇർപിൻ നഗരത്തിൽ ഇരു സേനകളും തമ്മിൽ കനത്ത പോരാട്ടം നടക്കുകയാണ്. മികോലേവിലെ മേഖലാ ഭരണവിഭാഗം കെട്ടിടത്തിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി ഉയർന്നു. റഷ്യ സൈന്യത്തെ പിൻവലിച്ചിട്ടില്ലെന്നും പുനർവിന്യസിക്കുകയാണെന്നും ഉക്രൈൻ സേന പറയുന്നു. ഉക്രൈൻ പ്രത്യാക്രമണത്തിന്റെ ശക്തി കുറക്കില്ലെന്ന് സെലൻസ്കി അറിയിച്ചു. അതേസമയം ഇസ്തംബൂൾ ചർച്ച കൊണ്ട് വലിയ ഫലമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു
ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഉപയോഗം ഈ വർഷം അവസാനത്തോടെ നിർത്തുമെന്ന് പോളണ്ട് അറിയിച്ചു. കൽക്കരി ഇറക്കുമതി മെയ് മാസത്തോടെയും അവസാനിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."