മന്‍സൂര്‍ വധം: അന്വേഷണ സംഘത്തെ മാറ്റി; ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിക്രമനാണ് അന്വേഷണച്ചുമതല. എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിനു നേതൃത്വം നല്‍കും. കേരളത്തിനുപുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി ജി. സ്പര്‍ജന്‍കുമാര്‍ അന്വേഷണം ഏകോപിപ്പിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണസംഘത്തിനെതിരേ നേരത്തെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. നാലാം പ്രതിയായ ശ്രീരാഗ്, ഏഴാം പ്രതിയായ അശ്വന്ത് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെയാണെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലിസിന് കിട്ടിയത്.
പ്രതികളെല്ലാം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ബോംബെറിഞ്ഞതെന്നാണ് എഫ്.ഐ.ആറിലുള്ളത്. രണ്ടാം പ്രതി രതീഷിനെ കഴിഞ്ഞ ദിവസം വൈകീട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."