ഒരു സൈക്കിളിന്റെ കഥ, 74കാരൻ കുഞ്ഞുട്ടിയുടെ ജീവിതത്തിന്റെയും
അശ്റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി (മലപ്പുറം)
ഈ സൈക്കിൾ ഒരു ചരിത്രമാണ്. 74 വയസുകാരൻ മൊയ്തീൻകുട്ടി (കുഞ്ഞുട്ടി)യുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ചരിത്രം. അരനൂറ്റാണ്ടിലേറെയായി സൈക്കിളിൽ മുന്നേറുകയാണ് കൊണ്ടോട്ടി തുറക്കൽ കൊടവണ്ടിയിൽ തൊണ്ടിപ്പറമ്പൻ മൊയ്തീൻകുട്ടി എന്ന കുഞ്ഞുട്ടി.
പത്താം വയസിൽ സൈക്കിൾ വാടകയ്ക്കെടുത്ത് പഠിച്ചതു മുതലാണ് സ്വന്തമായി സൈക്കിൾ വേണമെന്ന ആഗ്രഹം മുളച്ചപൊട്ടിയത്. എന്നാൽ സൈക്കിൾ വാങ്ങാൻ പണമുണ്ടായിരുന്നില്ല. കിട്ടുന്ന ഒരു അണക്ക് സൈക്കിൾ മണിക്കൂറിനു വാടയ്ക്കെടുത്ത് കറങ്ങി മോഹം സഫലീകരിച്ചു. സ്കൂളിൽ ആറാം ക്ലാസ് വരെയായിരുന്നു പഠനം. പിന്നീട് നാടുവിട്ടു. മധ്യപ്രദേശ്, തമഴ്നാട്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെല്ലാം ജോലിനോക്കി. അപ്പോഴും സൈക്കിൾ സഫാരിക്ക് മാറ്റമുണ്ടായില്ല. നാട്ടിലെത്തി 24ാം വയസിലാണ് സ്വന്തമായി ഒരു സൈക്കിൾ സ്വന്തമാക്കിയത്. അവനെ പിന്നീടൊരിക്കലും കുഞ്ഞുട്ടി കൈവിട്ടതുമില്ല. തുരുമ്പും കേടുപാടുകളും വരുമ്പോൾ അറ്റകുറ്റപ്പണി നടത്തിയും പെയിന്റിങ് ചെയ്തും മക്കളെപ്പോലെ സൈക്കിൾ കൊണ്ടുനടന്നു. ഇതിനിടയിൽ വിദേശത്തേക്ക് ജോലിക്ക് പോയപ്പോഴും സൈക്കിൾ വീട്ടിൽ സൂക്ഷിച്ചു.
പ്രായം 74 ആയിട്ടും ഇന്നും കുഞ്ഞുട്ടി ആ സൈക്കിളിൽ തന്നെയാണ് യാത്ര. ആദ്യകാലത്ത് കൊണ്ടോട്ടിയിലേക്ക് പോകുമ്പോൾ വിദ്യാർഥികൾ പിറകിൽ കയറുമായിരുന്നുവെന്ന് കുഞ്ഞുട്ടി പറയുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരുന്നതും അത്യാവശ്യത്തിന് പുറത്തുപോകാനും സൈക്കിൾ തന്നെയാണ് ഇന്നും ആശ്രയം. കുഞ്ഞുട്ടി തന്റെ സൈക്കിളുമായി ജീവിതത്തിന്റെ ചക്രംചവട്ടി മുന്നേറുകയാണ്. ഇന്ധനവില ദിനേന വർധിക്കുന്ന കാലത്ത് പണച്ചെലവില്ലാതെ ആരോഗ്യം വീണ്ടെടുക്കാൻ ഇതുവഴി സാധിക്കുന്നുണ്ടെന്ന് പറഞ്ഞ് കുഞ്ഞുട്ടി സൈക്കിളിലേറി, യാത്ര തുടർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."