അഫ്ഗാനുള്ള 60 കോടി ഡോളർ സഹായം ലോകബാങ്ക് മരവിപ്പിച്ചു
ന്യൂയോർക്ക്
പെൺകുട്ടികൾക്കുള്ള ഹൈസ്‌കൂൾ പഠനം താലിബാൻ സർക്കാർ നിഷേധിച്ചതിനെ തുടർന്ന് ലോകബാങ്ക് അഫ്ഗാനുള്ള 60 കോടി ഡോളറിന്റെ നാലു പദ്ധതികൾ റദ്ദാക്കി. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം എന്നീ മേഖലകളിൽ സഹായം നൽകുന്നതിനുള്ള പദ്ധതികൾക്കായി അഫ്ഗാൻ പുനർനിർമാണ ട്രസ്റ്റ് ഫണ്ട് (എ.ആർ.ടി.എഫ്) ആണ് യു.എൻ ഏജൻസികൾ വഴി തുക നൽകാനിരുന്നത്. എന്നാൽ വനിതകൾക്കും പെൺകുട്ടികൾക്കുമുള്ള സേവനങ്ങൾ ലഭ്യമാക്കിയാലേ ഈ തുക നൽകാനാകൂവെന്ന് ലോകബാങ്ക് അറിയിച്ചു. പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ പഠനം നിഷേധിച്ചതിനെ തുടർന്ന് താലിബാനുമായി കഴിഞ്ഞയാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച യു.എസ് ഒഴിവാക്കിയിരുന്നു.
ആറിന് മുകളിലുള്ള ക്ലാസുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു താലിബാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാസങ്ങളായി അടഞ്ഞുകിടന്ന സ്‌കൂളുകൾ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചുകൊണ്ട് വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആറാം ക്ലാസ് മുതലുള്ള പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചത്. ഇസ്‌ലാമിക നിയമത്തിനും അഫ്ഗാൻ സംസ്‌കാരത്തിനും അനുസൃതമായി ഒരു പദ്ധതി തയാറാക്കുന്നത് വരെ പെൺകുട്ടികൾക്കുള്ള സ്‌കൂളുകൾ അടച്ചിടുമെന്നാണ് താലിബാൻ സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്.
എ.ആർ.ടി.എഫിൽ നിന്നുള്ള 100 കോടി ഡോളർ അഫ്ഗാനിലെ വിദ്യാഭ്യാസ-ആരോഗ്യ-കൃഷി തുടങ്ങിയ പദ്ധതികൾക്കായുപയോഗിക്കാൻ ഈമാസം ഒന്നിനാണ് ലോകബാങ്ക് എക്‌സിക്യൂട്ടീവ് ബോർഡ് അനുമതി നൽകിയത്. തുക താലിബാൻ അധികൃതരുടെ കൈകളിലെത്താതെ യു.എൻ ഏജൻസികളും സന്നദ്ധ സംഘടനകളും വഴി വിതരണം ചെയ്യാനായിരുന്നു പദ്ധതി.
20 വർഷം നീണ്ട അധിനിവേശത്തിനു ശേഷം യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന അഫ്ഗാൻ വിട്ടതോടെ ഓഗസ്റ്റിലാണ് അഫ്ഗാൻ പുനർനിർമാണ ട്രസ്റ്റ് ഫണ്ട് മരവിപ്പിച്ചത്. വിദേശ സർക്കാരുകളും അഫ്ഗാനുള്ള സഹായം അതോടെ നിർത്തലാക്കി. ഇത് അഫ്ഗാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുമെന്ന് ഉറപ്പാക്കണമെന്ന ഉപാധിയോടെയാണ് ലോകബാങ്ക് എ.ആർ.ടി.എഫ് ഫണ്ട് വിട്ടുനൽകാൻ സന്നദ്ധമായത്. അതാണ് താലിബാൻ സർക്കാരിന്റെ നടപടികൾ മൂലം മുടങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."