ആനവണ്ടിയില്‍ ഒരു ഓര്‍ഡിനറി ഗവിയാത്ര
ഗവി എന്നു കേള്‍ക്കുമ്പോള്‍ തന്നെ മലയാളി മനസിലേക്ക് ഓടിവരുന്നത് ചുവപ്പും വെള്ളവും നിറമുള്ള ആനവണ്ടിയും കുന്നിന്‍ചെരുവുകളിലെ മനോഹര ദൃശ്യങ്ങളും നമുക്ക് സമ്മാനിച്ച ഓര്‍ഡിനറി എന്ന സിനിമയാണ്. എന്നാല്‍ സിനിമയില്‍ കാണിക്കുന്നതുപോലെ ഗ്രാമമോ ജനവാസമോ അവിടെയില്ല എന്നതാണ് യാഥാര്‍ഥ്യം.
യാത്ര തുടങ്ങാം
പത്തനംതിട്ടയില്‍ നിന്ന് 110 കിലോമീറ്റര്‍ ദൂരമുണ്ട് ഗവിയിലേക്ക്. പെരിയാര്‍ നാഷണല്‍ പാര്‍ക്കിലൂടെ കാടിന്റെ തണുപ്പും പച്ചപ്പവും വന്യതയും ആസ്വാദിച്ചുകൊണ്ടുള്ള യാത്ര. ഗവി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ലത് കെ.എസ്.ആര്‍.ടി.സി തന്നെ. കേരളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓര്‍ഡിനറി സര്‍വീസ് കൂടിയാണിത്. വീതികുറഞ്ഞ ചെങ്കുത്തായ റോഡിലൂടെയുള്ള ബസ് യാത്ര സാഹസികം തന്നെയാണ്.
പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്ന് രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നുമാണ് ബസുകളുള്ളത്. കുറഞ്ഞ സീറ്റുകളുള്ള കുഞ്ഞന്‍ ബസ് ഏതാണ്ട് സ്റ്റാന്റില്‍ നിന്ന് തന്നെ യാത്രികരെക്കൊണ്ട് നിറയും. വനത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ആങ്ങമൂഴി എന്ന കവലയിലാണ് അവസാന സ്റ്റോപ്പ്. അവിടെ നിന്ന് ഭക്ഷണവും വെള്ളവും കരുതി യാത്ര തുടരാം. പിന്നീടങ്ങോട്ട് വനാന്തരത്തിലൂടെയുള്ള യാത്രയാണ്.
അണക്കെട്ടുകള്‍ അനവധി
അണക്കെട്ടുകള്‍ ഇഷ്ടപോലെ കാണുക മാത്രമല്ല, അതിനുമുകളിലൂടെയുള്ള യാത്ര കൂടി ഗവി യാത്ര സമ്മാനിക്കും. മൂഴിയാര്‍, കക്കി, ആനത്തോട് തുടങ്ങി ഏഴോളം ഡാമുകള്‍ യാത്രയ്ക്കിടയില്‍ കടന്നുപോകും. മൂഴിയാര്‍ ഡാമില്‍ നിന്ന് പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്കുകളും കാണാം.
കക്കി ഡാമിലെ സ്‌റ്റോപ്പ്
ആങ്ങമൂഴിയില്‍ നിന്ന് വിടുന്ന ബസ് പിന്നെ നിര്‍ത്തുക കക്കി ഡാമിന്റെ കാഴ്ച കാണാനാണ്. കക്കി ഡാമിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും താഴ്‌വാരക്കാഴ്ച ആസ്വദിക്കാനും വേണ്ടി അഞ്ചു മിനിറ്റ് നേരം നിര്‍ത്തിത്തരും.
ഗവിയില്‍ എന്തുണ്ട്?
പിന്നെയും യാത്ര തുടരുന്ന ബസ് പമ്പ ഡാമും കൊച്ചുപമ്പയും കടന്ന് ഗവി ഡാമിന് സമീപത്തെ കെ.എഫ്.ഡി.സി ഓഫിസിനു മുന്നില്‍ നിര്‍ത്തും. അതാണ് ഗവി സ്റ്റോപ്പ്. കൊച്ചുപമ്പയില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ബോട്ടിങ്, കുട്ടവഞ്ചി സഫാരി എന്നിവ ലഭ്യമാണ്. തെളിഞ്ഞ ജലാശയം, ചുറ്റും വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുംകാട്, ആനത്താരകളില്‍ നിന്ന് മറുകര കടക്കുന്ന ആനകള്‍... ജലയാത്ര മറ്റൊരനുഭവം തന്നെയായിരിക്കും.
ആനയുണ്ടോ? ഇഷ്ടംപോലെ...
വനത്തിലുടനീളമുള്ള യാത്ര തണുപ്പിന്റെ അകമ്പടിയോടെയായിരിക്കും. ഇടയ്ക്ക് കോടമഞ്ഞ് വന്ന് കാഴ്ചകളെ മൂടും. കുളിര് കോരിയുള്ള യാത്രയ്ക്കിടയില്‍ നിരവധി മൃഗങ്ങളെയും കാണാം. വഴിയിലേക്ക് ഇറങ്ങിനില്‍ക്കുന്ന കാട്ടുപോത്തുകള്‍, കാടകത്തു നിന്ന് മരങ്ങള്‍ക്കിടയിലൂടെ ഒളികണ്ണെറിഞ്ഞ് യാത്രക്കാരെ നോക്കുന്ന കാട്ടാനകള്‍, ചില്ലകളില്‍ നിന്ന് ചില്ലകളിലേക്ക് ചാടിക്കയറുന്ന ഹനുമാന്‍ കുരങ്ങുകള്‍, അധികം ദൂരയല്ലാതെ, പുല്‍മേടുകളില്‍ മേഞ്ഞുനടക്കുന്ന മാനുകള്‍, നാട്ടില്‍ പതിനായിരം വിലയുള്ള കരിങ്കോഴികള്‍, മ്ലാവ്, അപൂര്‍വ്വയിനം പക്ഷികള്‍ അങ്ങനെ ഒരുപാട് പക്ഷിമൃഗങ്ങളെ യാത്രയില്‍ ദര്‍ശിക്കാം.
ശ്രദ്ധിക്കാന്‍
ഗവിയെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി കണ്ട്, യാത്രയിലുടനീളം ഉറങ്ങാമെന്ന ധാരണയോടെ പോയാല്‍ നഷ്ടമായിരിക്കും. ഗവിയില്‍ പ്രത്യേകിച്ചൊന്നും കാണാനില്ല, കാഴ്ചകളത്രയും യാത്രയില്‍ തന്നെ.
സ്വന്തം വാഹനത്തിലും ഗവി യാത്ര പോവാമെങ്കിലും നിയന്ത്രണമുണ്ട്. ദിനംപ്രതി മുപ്പതു വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളൂ. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രത്തിലൂടെയുള്ള റോഡായതിനാല്‍ അപകടസാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ബൈക്ക് യാത്ര അനുവദിക്കുന്നില്ല.
മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഗവിയില്‍ താമസസൗകര്യം ലഭിക്കും. അല്ലാത്തവര്‍ക്ക് കുമളി, തേക്കടി യാത്രകളിലേക്ക് കുതിക്കാം. അല്ലെങ്കില്‍ വണ്ടിപ്പെരിയാറില്‍ ഇറങ്ങി മറ്റു വഴികൡലൂടെ മടക്കയാത്രയുമാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."