പീഡനക്കേസ്; ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടതിനെതിരേ കന്യാസ്ത്രീയും സർക്കാരും അപ്പീൽ നൽകി
സ്വന്തം ലേഖകൻ
കൊച്ചി
കന്യാസ്ത്രിയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും ഇരയാക്കപ്പെട്ട കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ നൽകി.
കോട്ടയം സെഷൻസ് കോടതിയുടെ ഉത്തരവിനെതിരേ പീഡനത്തിന് ഇരയായ കന്യാസ്ത്രി സ്വന്തം നിലയ്ക്കും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരും അപ്പീൽ നൽകുകയായിരുന്നു. തെളിവുകൾ ശരിയായ വിധം വിലയിരുത്താതെ വിചാരണക്കോടതി വസ്തുതകളും നിയമങ്ങളും തെറ്റായി വ്യാഖ്യാനിച്ചാണ് പ്രതിയെ അനർഹമായി കുറ്റവിമുക്തനാക്കിയിരിക്കുന്നതെന്ന് അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. വിചാരണക്കോടതിയുടെ ഉത്തരവ് പൂർണമായും തെറ്റും തലതിരിഞ്ഞതുമായിരുന്നു. കഴിഞ്ഞ ജനുവരി 14 നായിരുന്നു ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സെഷൻസ് കോടതിയുടെ ഉത്തരവ്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി ബിഷപ്പ് ഫ്രാങ്കോയെ കുറ്റക്കാരനായി പ്രഖ്യാപിക്കണം എന്നാണ് അപ്പീലിൽ ആവശ്യപ്പെടുന്നത്. കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ലെന്ന് വിലയിരുത്തിയായിരുന്നു ബിഷപ്പ് ഫ്രാങ്കോയെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്. നെല്ലും പതിരും വേർതിരിച്ചെടുക്കാനാകുന്നില്ലെന്ന് വിലയിരുത്തി വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത് ഏറേ ഗൗരവതരമാണ്.ബിഷപ്പ് ഫ്രാങ്കോ തന്നെ 13 തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ ആരോപണം. ഇരയായ കന്യാസ്ത്രീ അടക്കമുള്ളവരുടെ മൊഴികളിൽ നിന്ന് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് വ്യക്തമാണ്. പ്രകൃതിവിരുദ്ധ പീഡനത്തിനും കന്യാസ്ത്രീ ഇരയായിട്ടുണ്ട്. ഇരയ്ക്ക് പുറമെ രണ്ട് മുതൽ ഒമ്പത് വരെയുള്ള പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴിയും ആരോപണം തെളിയിക്കുന്നുണ്ട്. പീഡനം നടന്നതായി പറയുന്ന ദിവസങ്ങളിൽ ബിഷപ്പ് ഇവിടെ ഉണ്ടായിരുന്നതിനും തെളിവുണ്ട്. ആദ്യം നൽകിയ സ്റ്റേറ്റുമെന്റിൽ പരാതിക്കാരി എല്ലാ വിവരങ്ങളും നൽകിയില്ലെന്നതിന്റെ പേരിൽ വിചാരണക്കോടതി കേസ് നിസാരമായി തള്ളിക്കളയുകയായിരുന്നെന്നും അപ്പീലിൽ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."