മക്കയില്‍ ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് ഒരുങ്ങി; ഹിറ ഗുഹയെ അനുകരിക്കുന്ന ഹാളും പ്രവാചക ചരിത്ര പ്രദര്‍ശനവും ഖുര്‍ആന്‍ മ്യൂസിയവും തയ്യാര്‍
മക്ക: പുണ്യനഗരിയായ മക്കയിലെ ഹിറ പര്‍വതത്തിന്റെ ചുവട്ടില്‍ സ്ഥിതിചെയ്യുന്ന ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ് മക്ക അമീറും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍ റബീഅയും മറ്റ് നിരവധി പ്രമുഖരും പങ്കെടുത്തു.
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം അടയാളപ്പെടുത്തുന്ന സ്മാരക ഫലകം അനാച്ഛാദനം ചെയ്ത മക്ക അമീര്‍, വിശുദ്ധ ഖുര്‍ആനിന്റെ പ്രദര്‍ശനം ഉള്‍പ്പെടുന്ന 'വെളിപാട് ഗാലറി' സന്ദര്‍ശിച്ചു. ഹിറ ഗുഹയെ അനുകരിക്കുന്ന ഹാളും അദ്ദേഹം സന്ദര്‍ശിച്ചു. സ്വാഭാവിക അനുപാതത്തില്‍ നിര്‍മിച്ച ഗുഹയുടെ ഒരു മാതൃകയും ഹാളിലുണ്ട്.
ടൂറിസം-സാംസ്‌കാരിക രംഗത്തെ നാഴികക്കല്ലായ ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റില്‍ ഹിറ പര്‍വതവുമായും ഹിറ ഗുഹയുമായും ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വാക്യങ്ങള്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)ക്ക് അല്ലാഹു വെളിപ്പെടുത്തി നല്‍കിയ സ്ഥലമെന്ന നിലയില്‍ ഹിറാ ഗുഹക്ക് ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഹൃദയത്തില്‍ ആദരണീയ സ്ഥാനമാണുള്ളത്. സന്ദര്‍ശകനെ അറിവിന്റെ യാത്രയിലേക്ക് കൊണ്ടുപോകുന്ന പ്രദര്‍ശനം നൂതന ഓഡിയോ, വിഡിയോ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആസ്വദിക്കാം.
ഗുഹ സന്ദര്‍ശിക്കാന്‍ ഹിറ മലകയറുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സൈന്‍ ബോര്‍ഡുകളും സുരക്ഷാ മാര്‍ഗങ്ങളും സജ്ജീകരിച്ച പാത നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കഫേകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് സേവന-വാണിജ്യ സൗകര്യങ്ങള്‍ എന്നിവയുള്ള ഹിറാ പാര്‍ക്കും ഒരുങ്ങുന്നുണ്ട്. 67,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള പ്രദേശത്താണ് പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.
അല്ലാഹുവിന്റെ അവസാന ദൂതന്‍ വരെയുള്ള പ്രവാചകന്മാരുടെ വെളിപാടിന്റെ കഥ പറയുന്ന പ്രദര്‍ശനം കാഴ്ചക്കാരെ സമ്പന്നമാക്കുന്ന ദൃശ്യ-ശ്രാവ്യ യാത്രയിലേക്ക് കൊണ്ടുപോകും. വിശുദ്ധ ഖുര്‍ആനിന്റെ ഒരു മ്യൂസിയവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. റോയല്‍ കമ്മീഷന്‍ ഫോര്‍ മക്ക സിറ്റി ആന്‍ഡ് ഹോളി സൈറ്റ്‌സിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ നിക്ഷേപ കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."