അദാനി ഗ്രൂപ്പിന്റെ ഓഹരി സൂചികകളില്‍ ഇന്നും ഇടിവ്
മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരി സൂചികകളില്‍ ഇന്നും ഇടിവ്. അദാനി എന്റര്‍പ്രൈസസ് ഒഴികെയുളള 13 ഓഹരി സൂചികകളും നഷ്ടത്തില്‍ തുടരുകയാണ്. രാവിലെ ഓഹരി വിപണിയില്‍ ഉണര്‍വ് അനുഭവപ്പെട്ടിരുന്നെങ്കിലും സെന്‌സെക്‌സും നിഫ്റ്റിയും വീണ്ടും കൂപ്പുകുത്തി.
ഓഹരി വിലയില്‍ കൃത്രിമം കാട്ടിയെന്ന ഹിന്‍ഡന്‍ബെര്‍ഗിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി സൂചികകള്‍ കനത്ത തിരിച്ചടി നേരിടുന്നത്. കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തില്‍ 4.17 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്.
അതിനിടെ ഇന്ന് ഓഹരി വിപണിയുടെ വ്യവഹാരം ആരംഭിച്ചതിന് പിന്നാലെ അദാനിക്ക് നേരിയ ആശ്വാസം നല്‍കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്ടും കനത്ത നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ പിന്നീടുളള മണിക്കൂറുകളില്‍ അദാനി പോര്‍ട്‌സും നഷ്ടത്തിലായി.ആകെ 14 ഓഹരി സൂചികകളില്‍ അദാനി എന്റര്‍പ്രൈസസ് മാത്രമാണ് ലാഭത്തിലുളളത്.
ഇന്ന് രാവിലെ ഓഹരി വിപണിയില്‍ വ്യവഹാരം ആരംഭിച്ച ഘട്ടത്തില്‍ ബോംബേ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സും നാഷണല് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റിയും ലാഭത്തിലായിരുന്നു. എന്നാല്‍ പിന്നീട് സെന്‍സെക്‌സ് 560 പോയിന്റ് ഇടിഞ്ഞത് വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 10.73 ലക്ഷം കോടിയുടെ നഷ്ടമാണ് രാജ്യത്തെ നിക്ഷേപകര്‍ നേരിട്ടിരുന്നത്. ഇതില്‍ നിന്ന് കരകയറാനാകാത്തതും വന്‍ തിരിച്ചടിയാണ്.
തിരിച്ചടികള്‍ക്കു പിന്നാലെ ലോകശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്നും അദാനി പിന്തള്ളപ്പെട്ടിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഇപ്പോള്‍ എട്ടാം സ്ഥാനത്താണ് പട്ടികയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."