ഹാട്രിക്കുകൾ കണക്ക് പറയുന്ന ഫുട്ബോൾ ലോകകപ്പ്
ഖത്തർ ഫുട്ബോൾ ലോകകപ്പിന് ഇനി 235 ദിനങ്ങൾ ബാക്കിനിൽക്കേ, പുതിയ രാജാക്കൻമാർ ആരാകുമെന്ന കണക്കുകൂട്ടലിലാണ് ഫുട്ബോൾ പ്രേമികൾ. അവസാനിച്ചതും വരാനിരിക്കുന്നതുമായ ഓരോ ലോകകപ്പുകളിലെയും ഹാട്രിക് നേട്ടങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് നൽകുന്ന സന്തോഷം ചെറുതൊന്നുമല്ല. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 52 ഹാട്രിക് ആഘോഷങ്ങൾക്കാണ് കാണികൾ സാക്ഷ്യം വഹിച്ചത്. അതിൽ മാജിക്കൽ ഗോളുകളും ബൈസിക്കിൾ ഗോളുകളുമൊക്കെ നിറഞ്ഞുനിന്നു.
അമേരിക്കക്കാരനായ ബെർട്ട് പടനോഡാണ് ഒരു ലോകകപ്പ് മത്സരത്തിൽ മൂന്ന് ഗോളുകൾ നേടി ആദ്യമായി ഈ നേട്ടം ആഘോഷിച്ചത്. ഇതിഹാസ താരം പെലെയാണ് ചെറിയ പ്രായത്തിൽ ഹാട്രിക് റെക്കോഡ് സ്വന്തമാക്കിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 17 വർഷവും 244 ദിവസവും കൊണ്ട് ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ പെലെയുടെ ആ റെക്കോഡ് നേട്ടത്തിന് ഇന്നും അനക്കമില്ല. പ്രായം കൂടിയവരുടെ കാര്യത്തിൽ മറ്റൊരു ഇതിഹാസവും ഏറ്റവും കൂടുതൽ ഗോളുകൾക്കുടമയുമായ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് മുൻപന്തിയിൽ. റഷ്യയിൽ സ്പെയിനിനെതിരേ മൂന്ന് ഗോളുകൾ നേടുമ്പോൾ റോണോയ്ക്ക് വയസ്സ് 33 വർഷവും 130 ദിവസവും.
ഏറ്റവും വേഗമേറിയ ഹാട്രിക്ക് മുൻ ഹംഗേറിയൻ മുന്നേറ്റ താരം ലാസ്ലോ കിസിന്റെ പേരിലാണ്. മൂന്ന് ഗോളുകൾ നേടുന്നതിന് ലാസ്ലോ കിസെടുത്തത് വെറും ഏഴ് മിനിറ്റ് മാത്രം. അതേസമയം, ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടിയത് ഒരേയൊരു താരം മാത്രം- ഇംഗ്ലണ്ടിന്റെ ജോർജ്ജ് ഹർസ്റ്റ്. 1966ലെ ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ നടന്ന ഈ മത്സരത്തിൽ ഹർസ്റ്റിന്റെ ഹാട്രിക്കിൽ ഇംഗ്ലണ്ട് വിജയിക്കുകയും കിരീടം ചൂടുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹാട്രിക്ക് കൂടിയാണിത്. യഥാക്രമം നാലാമത്തെയും 120ാം മിനിറ്റിലുമാണ് അദ്ദേഹത്തിന്റെ ഒന്നും മൂന്നും ഗോളുകൾ പിറന്നത്. വരാനിരിക്കുന്ന ഖത്തർ ലോകകപ്പ് ചിലരുടെ റെക്കോഡുകൾ പഴങ്കഥയാക്കാനുള്ള അവസരമാണ്. അതിനായുള്ള പുറപ്പാടിലാണ് ഓരോ ടീമും. റെക്കോഡുകൾ എന്നും തിരുത്താനുള്ളതാണ്, അതിനായി നമുക്കും കാത്തിരിക്കാം....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."