ദേശസുരക്ഷാ നിയമം വേട്ടയുപകരണമാവുമ്പോള്‍
അഭിപ്രായസ്വാതന്ത്ര്യം നമ്മുടെ രാജ്യത്ത് മൗലികാവകാശമാണ്. സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും വോട്ടിന് വിധേയമാക്കേണ്ട വിഷയങ്ങളേയല്ല. ഇവയൊന്നും തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചാകരുത്. നിര്‍ഭാഗ്യവശാല്‍ മൗലികാവകാശങ്ങളും രാജ്യത്തെ മൗലികനിയമങ്ങളും ഇവിടെ ചവിട്ടിമെതിക്കപ്പെടുകയാണ്. ഒരു വ്യക്തിയെ യാതൊരു കുറ്റവും ചുമത്താതെ തന്നെ ഒരു വര്‍ഷംവരെ തടവിലിടാന്‍ കഴിയുന്നതാണ് ദേശസുരക്ഷാ നിയമം. നിലവിലെ നിയമങ്ങള്‍ പ്രകാരം ഏതെങ്കിലും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലിസ് കസ്റ്റഡിയിലാകുന്നവര്‍ക്ക് ലഭിക്കുന്ന നിയമപരമായ അവകാശങ്ങളെല്ലാം നിഷേധിക്കുന്നുവെന്നതാണ് ദേശസുരക്ഷാ നിയമത്തിന്റെ പ്രത്യേകത. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കപ്പെട്ടതാണ് ഈ നിയമം. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കസ്റ്റഡി നിയമങ്ങളില്‍ ഇളവ് നേടുന്നതിനായി 1980-ലാണ് ഇത്തരമൊരു നിയമം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന് ഹാനികരമായ രീതിയിലോ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടാകുന്ന രീതിയിലോ അല്ലെങ്കില്‍ ദേശസുരക്ഷയ്ക്ക് തന്നെ അപകടം ഉണ്ടാക്കുന്ന രീതിയിലോ പ്രവര്‍ത്തിച്ചാല്‍ ഈ നിയമമനുസരിച്ച് ഒരാളെ പൊലിസിന് കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാം. ജാമ്യം നല്‍കേണ്ട ആവശ്യമില്ല.
ദേശസുരക്ഷാ നിയമത്തിന്റെ വ്യാപകമായ ദുരുപയോഗം ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. 2018-ജനുവരി മുതല്‍ 2020-ഡിസംബര്‍വരെ അലഹബാദ് ഹൈക്കോടതി പരിഗണിച്ച് വിധിപറഞ്ഞ ഹേബിയസ് കോര്‍പ്പസ് ഹരജികള്‍ ആധാരമാക്കി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തുടക്കംമുതല്‍ സംസ്ഥാനത്തുണ്ടാകുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുമ്പോഴാണ് ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം വഴി നിരപരാധികള്‍ ജയിലില്‍ അടയ്ക്കപ്പെടുന്നതിന്റെ തെളിവുകളും പുറത്തുവരുന്നത്. 2018 മുതലുള്ള മൂന്ന് വര്‍ഷക്കാലം ദേശസുരക്ഷാ നിയമം പ്രയോഗിച്ച് ജയിലില്‍ അടച്ചത് സംബന്ധിച്ച് 120 ഹേബിയസ് കോര്‍പ്പസ് ഹരജികളാണ് അലഹബാദ് ഹൈക്കോടതിയുടെ മുമ്പാകെ എത്തിയത്. 32 ജില്ലാ മജിസ്‌ട്രേറ്റുമാരുടെ ഉത്തരവ് പ്രകാരം ജയിലില്‍ അടച്ചിരുന്ന 94 പ്രതികളെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 41 പേര്‍ക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത് പശുക്കളെ കൊന്നുവെന്ന 'അതീവ ഗുരുതരമായ' കുറ്റമാണ്. ഗോ സംരക്ഷണത്തിനു വേണ്ടി ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഗോവധത്തിന്റെ പേരില്‍ പിടിയിലാകുന്നവര്‍ക്കെതിരേ ദേശീയസുരക്ഷാ നിയമലംഘനംകൂടി ചാര്‍ത്തിയാണ് ജയിലില്‍ അടയ്ക്കുന്നത്. ഗോവധത്തിന് മാത്രം പത്ത് വര്‍ഷം കഠിനതടവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. മനുഷ്യനേക്കാള്‍ വില യു.പിയില്‍ ഗോക്കള്‍ക്കാണ്.
അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്ന കേസുകളിലെ എഫ്.ഐ.ആര്‍ രേഖകള്‍ മിക്കതും പകര്‍പ്പുകള്‍ പോലുള്ളവയായിരുന്നു. പലരുടെയും കുറ്റപത്രവും സമാനമായിരുന്നു. ചാര്‍ജ്ഷീറ്റുകളുടെ കാര്‍ബണ്‍ കോപ്പികള്‍. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ പുറപ്പെടുവിച്ചിരിക്കുന്ന പല തടങ്കല്‍ ഉത്തരവുകള്‍ക്കും യാതൊരു നീതീകരണവും ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. പ്രതികള്‍ക്ക് ന്യായമായി ലഭിക്കേണ്ട നിയമപരിരക്ഷ നിഷേധിക്കുകയും മനഃപൂര്‍വം ജാമ്യം നിഷേധിക്കുവാന്‍ അനാവശ്യ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ഗോവധ കേസില്‍ ഉള്‍പ്പെട്ടവരെല്ലാം മതന്യൂനപക്ഷങ്ങളും ദലിതരും പിന്നോക്കക്കാരുമായിരുന്നു. 41 ഗോവധ കേസില്‍ 30 എണ്ണത്തിലും ഉത്തര്‍പ്രദേശ് ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചാണ് ഹൈക്കോടതി പ്രതികളെ നിരുപാധികം വിട്ടയക്കാന്‍ ഉത്തരവിട്ടത്. ബാക്കി പതിനൊന്ന് കേസുകളില്‍ ഗോവധ കുറ്റം റദ്ദാക്കിയില്ലെങ്കിലും പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യം നിഷേധിക്കുന്നതിന് നീതീകരണമില്ലെന്ന് കോടതി എടുത്തുപറയുകയും ചെയ്തു.
അധികാരത്തിലേറിയ നാള്‍ മുതല്‍ തന്നെ സംസ്ഥാനത്തെ ക്രിമിനല്‍ മുക്തമാക്കുമെന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലിസിന് ക്രിമിനല്‍ വേട്ടയ്ക്ക് നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടലുകളില്‍ ക്രിമിനലുകള്‍ കൊല്ലപ്പെട്ടാല്‍ നേതൃത്വം നല്‍കിയ പൊലിസ് സംഘത്തിന് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന പ്രഖ്യാപനവുമുണ്ടായി. എത്ര ഭംഗിയായ നീതി നടപ്പാക്കല്‍! എന്തായാലും ഇതിനെതിരായി കടുത്ത വിമര്‍ശനമാണുണ്ടായത്. പൊലിസ് വ്യാജ ഏറ്റുമുട്ടലുകള്‍ നിരന്തരമായി സൃഷ്ടിക്കുന്നുവെന്ന പരാതി സാര്‍വത്രികമായി ഉണ്ടാവുകയും ചെയ്തു. ഭരണം ആറ് മാസമായപ്പോഴേക്കും 420 ഏറ്റുമുട്ടലുകളും 15 കൊലപാതകങ്ങളുമാണ് യു.പിയിലുണ്ടായത്. 16 മാസത്തിനിടെ 3200 ഏറ്റുമുട്ടലുകളും 79 കൊലപാതകങ്ങളുമുണ്ടായി. 2019- ഡിസംബര്‍ ആറിന് സംസ്ഥാന പൊലിസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പ്രഖ്യാപിച്ചത് 5178 ഏറ്റുമുട്ടലുകളിലായി 103 പേര്‍ കൊല്ലപ്പെട്ടുവെന്നും 1859 പേര്‍ക്ക് പരുക്കേറ്റെന്നുമാണ്. ഇത്തരത്തില്‍ പൊലിസ് നടത്തുന്ന നരനായാട്ടിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളെ മുഖവിലക്കെടുക്കാന്‍ അധികാരികള്‍ തയാറായിട്ടില്ല. ഇതിനിടയിലാണ് ദേശസുരക്ഷാ നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്.
യു.എ.പി.എയും ദേശസുരക്ഷാ നിയമവും രാജ്യദ്രോഹ നിയമവുമെല്ലാം വ്യാപകമായി നമ്മുടെ രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യദ്രോഹ നിയമമനുസരിച്ച് നൂറുകണക്കിന് പേരെയാണ് ഓരോ സംസ്ഥാനത്തും അറസ്റ്റ്‌ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്. ഇതില്‍ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലുള്ളവരെല്ലാം ഉള്‍പ്പെടുന്നു. ഇന്ത്യന്‍ പീനല്‍കോഡിലെ രാജ്യദ്രോഹ നിയമമായ 124(എ) യില്‍ സര്‍ക്കാരിന്റെ ഭരണപരമോ മറ്റ് വിധത്തിലുള്ളതോ ആയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതികൂല അഭിപ്രായം പ്രകടിപ്പിച്ചുള്ള വിമര്‍ശനങ്ങള്‍ ഈ വകുപ്പ് പ്രകാരമുള്ള കുറ്റമാകുന്നില്ലെന്ന് അടിവരയിട്ട് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയ എതിരാളികളെ ഈ വകുപ്പനുസരിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ഇവിടത്തെ ഒരു സര്‍ക്കാരും വിമുഖത കാട്ടുന്നില്ല. നീതീകരണമില്ലാത്ത ഈ വകുപ്പ് ഉപയോഗിച്ചുള്ള അറസ്റ്റിനെതിരായി രാജ്യത്തെ പരമോന്നത കോടതിതന്നെ പലപ്രാവശ്യം വിധി പ്രസ്താവം നടത്തിയിട്ടുള്ളതുമാണ്.
ദേശസുരക്ഷാ ഭേദഗതി നിയമവും യു.എ.പി.എ ഭേദഗതി നിയമവും രാജ്യദ്രോഹ നിയമവും മറ്റും ഉപയോഗിച്ച് പ്രതിപക്ഷത്തുള്ളവരെ വിചാരണചെയ്യാതെ ജയിലില്‍ അടയ്ക്കല്‍ നിത്യേന നടക്കുന്ന സംഭവമാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ദേശസുരക്ഷാ നിയമവും യു.എ.പി.എ നിയമവും എല്ലാം കൂടുതല്‍ കര്‍ക്കശമാക്കി ഭേദഗതി ചെയ്തത് നിലവിലുള്ള മോദി സര്‍ക്കാരാണ്. ഈ നിയമ ഭേദഗതികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ യോജിച്ചുനിന്ന് ഇതിനെതിരായി ശബ്ദിക്കാന്‍ പോലും നമ്മുടെ രാജ്യത്തെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലായെന്നത് മറ്റൊരു ദയനീയ വസ്തുതയാണ്. ഇന്ത്യന്‍ പീനല്‍കോഡിലെ രാജ്യദ്രോഹ കുറ്റം 124 (എ) ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ള പലനേതാക്കളും ഉയര്‍ത്തിയിരുന്നുവെങ്കിലും ബ്രിട്ടിഷുകാരുടെ കാലത്തെ ഈ കരിനിയമം ഇപ്പോഴും ആ നിലയില്‍ തന്നെ നിലനില്‍ക്കുകയാണ്. നമ്മുടെ ഭരണകൂടങ്ങള്‍ ഇത്തരം കരിനിയമങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് ശ്രമിക്കുന്നതും.
കരിനിയമങ്ങളുടെ ഇരകള്‍ രാജ്യത്തെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങളാണ്. സമ്പന്ന വര്‍ഗവും സവര്‍ണ വിഭാഗവുമൊന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല. ന്യൂനപക്ഷ പിന്നോക്ക-ദലിത് വിഭാഗങ്ങളുമാണ് വിചാരണ കൂടാതെ ജയിലുകളില്‍ അടയ്ക്കപ്പെട്ടിട്ടുള്ള ആയിരങ്ങള്‍. ഇക്കൂട്ടര്‍ക്ക് വേണ്ടി കോടതിയില്‍ കേസ് നടത്താനും നിരപരാധിത്വം തെളിയിക്കാനും ആരുമില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.
ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരേ പ്രതികരിക്കുന്നവരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന ഭരണാധികാരികള്‍ക്കെതിരായി പല രാജ്യങ്ങളിലും ശക്തമായ ജനകീയ പ്രതിഷേധം അലയടിക്കുന്ന സമയമാണിത്. ജനവികാരം മാനിക്കാതെ ദേശസുരക്ഷാ നിയമംപോലുള്ള കരിനിയമങ്ങളുടെ തണലില്‍ അധികാരത്തില്‍ തുടരാനുള്ള സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരേ നമ്മുടെ രാജ്യത്തും ശക്തമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."