ഐ.പി.എല്ലില്‍ ചാംപ്യന്മാരെ വീഴ്ത്തി ലക്നൗ
മുംബൈ
ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന ഐ.പി.എല്‍ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ലക്നൗ സൂപ്പര്‍ ജയന്റ്സിന് ത്രസിപ്പിക്കുന്ന ജയം. ചെന്നൈയുടെ വെടിക്കെട്ട് ബാറ്റിങ്ങിന് അതേനാണയത്തില്‍ മറുപടി നല്കിയ ലക്നൗ ആറു വിക്കറ്റിനാണ് ജയം അക്കൗണ്ടിലാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ ലക്നൗ വിജയലക്ഷ്യം മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കേ മറികടന്നു. ക്വിന്റണ്‍ ഡി കോക്ക് (45 പന്തില്‍ 61), എവിന്‍ ലെവിസ് (23 പന്തില്‍ 55), നായകന് കെ.എല്‍ രാഹുല്‍ (26 പന്തില്‍ 40) എന്നിവരുടെ പ്രകടനമാണ് ലക്നൗവിന് മിന്നും ജയം സമ്മാനിച്ചത്. അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി ടീമിനെ വിജയത്തിലെത്തിച്ച ലെവിസാണ് കളിയിലെ താരം. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
രാഹുലും ഡി കോക്കും ചേര്‍ന്ന് ഓപ്പണിങ്ങില്‍ നടത്തിയ മികച്ച പ്രകടനമാണ് ലക്നൗയുടെ വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും ചേര്‍ന്ന് 10.2 ഓവറില്‍ അടിച്ചെടുത്തത് 99 റണ്‍സ്. മനീഷ് പാണ്ഡെ(5) ഇത്തവണയും നിരാശപ്പെടുത്തി. തുടര്‍ന്ന് ദീപക് ഹൂഡയ്ക്കും (8 പന്തില്‍ 13), ആയുഷ് ബദോനിക്കുമൊപ്പം (9 പന്തില്‍ പുറത്താവാതെ 19) രക്ഷാപ്രവര്‍ത്തനം നടത്തിയ ലെവിസ് ലക്നൗവിന് സ്വപ്നജയം സമ്മാനിച്ചു. ചെന്നൈക്കു വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് രണ്ടും ഡ്വെയ്ന്‍ ബ്രാവോയും തുഷാര്‍ ദേശ്പാണ്ഡെയും ഒരുവീതം വിക്കറ്റും വീഴ്ത്തി.
നേരത്തേ റോബിന് ഉത്തപ്പയുടെയും (27 പന്തില്‍ 50) ശിവം ദുബെയുടെയും (30 പന്തില്‍ 49) മോയിന്‍ അലിയുടെയും(22 പന്തില്‍ 35) ഇന്നിങ്സാണ് ചെന്നൈ സ്കോര്‍ 200 കടത്താന്‍ സഹായിച്ചത്. അമ്പാട്ടി റായിഡു (20 പന്തില്‍ 27), രവീന്ദ്ര ജഡേജ (ഒന്‍പത് പന്തില്‍ 17) എന്നിവര്‍ ചെന്നൈ കുതിപ്പിന് കരുത്തേകി. പുറത്താവാതെ ആറ് പന്തില്‍ 16 റണ്‍സ് അടിച്ചുകൂട്ടി ധോണിയും വെടിക്കെട്ട് തീര്‍ത്തപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. പവര്‍പ്ലേയില്‍ റോബിന് ഉത്തപ്പയുടെ വെടിക്കെട്ടില്‍ കുതിച്ച ചെന്നൈയ്ക്ക് മധ്യ ഓവറുകളില്‍ ശിവം ദുബെ കരുത്തു പകര്‍ന്നു. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയും ധോണിയും ചേര്‍ന്ന് ചെന്നൈയെ 200 കടത്തി. പവര്‍ പ്ലേയില്‍ 73 റണ്‍സാണ് ചെന്നൈ അടിച്ചെടുത്തത്. ലക്നൗ നിരയില്‍ ആവേശ് ഖാനും രവി ബിഷ്നോയിയും ആന്ഡ്ര്ൂ ടൈയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."