ലക്ഷദ്വീപില്‍ ഭരണകൂട ഭീകരത: മുഹമ്മദ് ഫൈസല്‍ എം.പി
നിരോധനാജ്ഞക്കെതിരേ ഹൈക്കോടതിയെ സമീപിക്കും
കൊച്ചി; ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസല്‍. ദ്വീപ് ജനത എന്തിനെയാണോ ഭയന്നത് അത് സംഭവിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ സമരപരിപാടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലക്ഷദ്വീപുകാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ വരെ ലംഘിക്കുന്ന നടപടികളാണ് ഭരണകൂടം നടത്തുന്നത്. അനീതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ പോലും അനുവദിക്കാത്ത അവസ്ഥയാണുള്ളത്. ദ്വീപ് നിവാസികള്‍ മാര്‍ച്ച് 21ന് നടത്താനിരുന്ന പ്രതിഷേധ റാലി 144 പ്രഖ്യാപിച്ച് അടിച്ചൊതുക്കി.
ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ ഐ.ഒ.സിയുടെ ഓയില്‍ സ്റ്റോറേജ് ടാങ്കറുകളുടെയും പെട്രോള്‍ പമ്പിന്റെയും ഉദ്ഘാടന സമ്മേളനം നടന്നത്. വിദ്യാര്‍ഥികളുടെ പരീക്ഷ പോലും മാറ്റി വച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഒരു ഔട് റീച്ച് പരിപാടിയാക്കി മാറ്റി ദ്വീപ് ജനത തന്നോടൊപ്പമാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് നടത്തിയത്. അഡ്മിനിസ്‌ട്രേഷന്റെ ക്രൂരനയങ്ങള്‍ക്കെതിരേ വിയോജിപ്പ് പ്രകടിപ്പിച്ച് താന്‍ വേദി ബഹിഷ്‌കരിക്കുകയായിരുന്നു. ഈ സമയത്ത് പ്രതികരിക്കാനുള്ള സന്ദര്‍ഭം ജനങ്ങള്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിരോധനാജ്ഞക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. ജനവാസ മേഖലയില്‍ ഉള്‍പ്പെടെ 52 ലക്ഷം മീറ്റര്‍ ഭൂമി ഏറ്റെടുക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ വിജ്ഞാപനമിറക്കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. യാതൊരു മാനദണ്ഡവുമില്ലാതെ ഭൂമി ഏറ്റെടുക്കാനാണ് ദ്വീപ് ഭരണകൂടം ശ്രമിക്കുന്നത്. അതംഗീകരിക്കാന്‍ കഴിയില്ല. 2400 ഓളം താത്കാലിക തസ്തികകള്‍ നിര്‍ത്തലാക്കി. ഇതോടെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും ഫൈസല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."