ആവശ്യത്തിന് ക്ലാസുകള്‍ നല്‍കാതെ പരീക്ഷ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം; സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഇന്നലെ അവസാന വര്‍ഷ പരീക്ഷ ബഹിഷ്‌കരിച്ചു. 2017 ബാച്ചുകാരുടെ അവസാന വര്‍ഷ പരീക്ഷ ആയിരുന്നു ഇന്നലെ ആരംഭിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 80 പേരാണ് പരീക്ഷ എഴുതിയത്. 120 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് എത്തിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 216 വിദ്യാര്‍ഥികളില്‍ 20 പേരും തൃശൂരില്‍ 60 പേരും മാത്രമാണ് പരീക്ഷക്കെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ 150 പേരില്‍ 55 പേര്‍ പരീക്ഷ എഴുതിയില്ല. ആവശ്യത്തിന് ക്ലാസുകള്‍ നല്‍കാതെ പരീക്ഷ നടത്തിയതില്‍ പ്രതിഷേധിച്ചാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. പരീക്ഷ എഴുതാന്‍ എത്തുന്ന കുട്ടികളുടെ എണ്ണം നോക്കി, പരീക്ഷ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരേ വ്യാപക പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സിലബസ് പ്രകാരം ഒരു വര്‍ഷം കൊണ്ട് മാത്രം തീര്‍ക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ് തീര്‍ത്തത്. കൊവിഡ് സാഹചര്യത്തില്‍ കൂടുതലും ഓണ്‍ലൈന്‍ പഠനമായിരുന്നു. രോഗിയെ കണ്ട് പഠിക്കേണ്ട ക്ലിനിക്കല്‍ വിഷയങ്ങളിലെ പഠനം തീരെ കുറഞ്ഞു.
ഇത് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചക്ക് കാരണമാകുമെന്നും വൈദഗ്ധ്യമില്ലാത്ത ഒരു പുതു തലമുറ ഡോക്ടര്‍മാര്‍ പുറത്തിറങ്ങുമെന്നുമുള്ള ആശങ്ക വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരുന്നു. വേണ്ടത്ര സ്റ്റഡി ലീവ് പോലും ലഭിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. കൂടുതല്‍ ക്ലാസുകള്‍ നല്‍കുന്നതിനായി സര്‍വകലശാല പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് മെഡിക്കല്‍ കോളജ് തലവന്മാര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും പരീക്ഷ നടത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്ന് പറഞ്ഞ് ആരോഗ്യ സര്‍വകലാശാല കൈമലര്‍ത്തുകയായിരുന്നു.
അതേസമയം, ദേശീയ മെഡിക്കല്‍ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് എടുത്ത തീരുമാനപ്രകാരമായിരുന്നു പരീക്ഷയെന്നാണ് ആരോഗ്യ സര്‍വകലാശാലയുടെ വിശദീകരണം. പരീക്ഷ വേഗം നടത്തി ഫലപ്രഖ്യാപനവും അതിവേഗത്തിലാക്കാനായിരുന്നു സര്‍വകലാശാലയുടെ തീരുമാനം. ഡിജിറ്റല്‍ വാല്യുവേഷന്‍ നടത്തി ഉടന്‍ ഫലം പ്രഖ്യാപിക്കാനാകുമെന്നും സര്‍വകലാശാല വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."