ഹൃദയം ശുദ്ധമാക്കുക, റമദാന്‍ വരവേല്‍ക്കാന്‍
പരീക്ഷണമാണ് ജീവിതം. ജീവിതംതന്നെ അതിനുവേണ്ടിയാണ് സ്രഷ്ടാവ് സംവിധാനിച്ചത്. മനുഷ്യനെ സിക്താണ്ഡത്തില്‍നിന്ന് നാം പടച്ചത് ആരാണ് വിജയി, പരാജയി എന്ന് പരീക്ഷിക്കാനാണെന്ന് സൂറതുല്‍ ഇന്‍സാനിലൂടെ അല്ലാഹു പറയുന്നുണ്ട്. ക്ഷമയുടെ ജീവിതപരീക്ഷയാണ് ഒരര്‍ഥത്തില്‍ റമദാന്‍. അതിനുവേണ്ടിയാണ് വ്രതാനുഷ്ഠാനം സംവിധാനിച്ചത്. മുസ്‌ലിം സമൂഹത്തിനു നോമ്പ് എന്ന ആരാധന നിശ്ചയിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വചനം ഈ വസ്തുതകൂടി സൂചിപ്പിച്ചുകൊണ്ടുള്ളതാണ്: ഭസത്യവിശ്വാസികളേ, നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു'(2:183).
എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനം നിലവിലുണ്ടെങ്കിലും പല മതങ്ങളിലും അവ എത്രയെന്നോ എങ്ങനെയെന്നോ വ്യക്തമാക്കപ്പെട്ടിട്ടില്ല. ചില വിശ്വാസങ്ങളില്‍ വ്രതശാസന ചിലര്‍ക്കു മാത്രം ബാധകമാക്കിയത് കാണാം. അമ്പലവാസികള്‍ക്കു മാത്രവും പുരുഷന്മാര്‍ക്കു മാത്രമായും ചില വ്രതങ്ങള്‍ സ്ത്രീകള്‍ക്കു മാത്രമായും കാണാവുന്നതാണ്.
ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനപരമായ നിര്‍ബന്ധ കര്‍മങ്ങളിലൊന്നാണ് നോമ്പ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആരെല്ലാം ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്' (2:185). നബി(സ) പറയുന്നു: ഭഇസ്‌ലാം അഞ്ചു കാര്യങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ലെന്നും മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യംവഹിക്കല്‍, നിസ്‌കാരം മുറപ്രകാരം നിര്‍വഹിക്കല്‍, സകാത്ത് നല്‍കല്‍, ഹജ്ജ് നിര്‍വഹിക്കല്‍, റമദാന്‍ വ്രതമെടുക്കല്‍ എന്നിവയാണവ'(ബുഖാരി).
നോമ്പ് എന്നാല്‍, പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും ഉപേക്ഷിക്കലാണ്. വൈകാരിക നിയന്ത്രണം തന്നെയാണ് വ്രതാനുഷ്ഠാനം. മനുഷ്യജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളാണ് അന്നപാനാദികളും ശരീരത്തിന്റെ മറ്റ് ആവശ്യങ്ങളും. അത്യാവശ്യങ്ങളില്‍ തനിക്ക് വിലപ്പെട്ടതെന്തും അനിവാര്യഘട്ടത്തില്‍ ത്യജിക്കാനുള്ള മനോഭാവമുണ്ടാക്കുന്നതാണ് തഖ്‌വ. വ്രതാനുഷ്ഠാനം വിശ്വാസിയെ അതിന് പാകമാക്കുകയാണ്.
വ്രതാനുഷ്ഠാനം സംവിധാനിച്ചത് പാരത്രിക മോക്ഷം ലക്ഷ്യംവച്ചുതന്നെയാണ്. നബി(സ) പറയുന്നു: ഭസ്വര്‍ഗത്തിന് റയ്യാന്‍ എന്ന ഒരു കവാടമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ നോമ്പുകാരല്ലാതെ ആരും ആ കവാടത്തിലൂടെ പ്രവേശിക്കില്ല. ഭനോമ്പുകാര്‍ എവിടെ' എന്ന ചോദ്യമുണ്ടാകും. അപ്പോള്‍ അവര്‍ എഴുന്നേറ്റുവരും. മറ്റാരും അതുവഴി പ്രവേശിക്കില്ല. നോമ്പുകാര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ വാതില്‍ അടയ്ക്കപ്പെടും'(ബുഖാരി). വ്രതാനുഷ്ഠാനംകൊണ്ട് ലഭിക്കുന്ന മറ്റു ഭൗതിക ഗുണങ്ങളൊക്കെ പിന്നീട് മാത്രമേ പരിഗണനീയമാകൂ. അല്ലാതെ ആരോഗ്യപരിരക്ഷയും തടി നന്നാക്കാനും മാത്രമായാല്‍ പിന്നെ അതേ ലഭിക്കൂ. നിയ്യത്ത് തന്നെയാണ് ഇവിടെയും പരമപ്രധാനം.
ആത്മാര്‍ഥമായ കര്‍മങ്ങളിലൂടെ സ്രഷ്ടാവിലേക്ക് അടുക്കാനും സ്വര്‍ഗപ്രവേശനവും സാധ്യമാകും. 'റമദാന്‍ മാസത്തില്‍ ആരെങ്കിലും വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതമെടുത്താല്‍ അയാളുടെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് '(ബുഖാരി) പ്രവാചകന്‍ ഉണര്‍ത്തിയത് കാണാം.
തഖ്‌വയെക്കുറിച്ച് ഖുര്‍ആന്‍ പലസ്ഥലത്തും ഉണര്‍ത്തിയത് കാണാം: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; നേരെ ചൊവ്വായ വാക്കുപറയുകയും ചെയ്യുവിന്‍; എങ്കില്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കിത്തരുകയും നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആര് അനുസരിക്കുന്നുവോ, തീര്‍ച്ചയായും അവന്‍ വമ്പിച്ച ഭാഗ്യം പ്രാപിച്ചു(ഖുര്‍ആന്‍: 33 70,71). ഇത് ഓരോ വ്യക്തിയുടെയും കഴിവനുസരിച്ച് വ്യത്യസ്തമാകും. കഴിയുന്നത്ര അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് സാധ്യമായ പ്രകാരം നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍(ഖുര്‍ആന്‍: 6416). ജനങ്ങളിലെ അത്യുത്തമന്‍ ഭക്തിയുള്ളവനാണെന്ന് തിരുനബി(സ) പറഞ്ഞത് കാണാം: അബൂ ഹുറൈറ(റ) നിവേദനം: ജനങ്ങളിലേറ്റവും മാന്യന്‍ ആരാണെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറയുകയുണ്ടായി: അവരില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്തുന്നവനാകുന്നു(മുതഫഖുന്‍ അലൈഹി).
അലി(റ) പറഞ്ഞു: തഖ്‌വ എന്നാല്‍ അല്ലാഹുവിനെ ഭയപ്പെടലും അവന്‍ ഇറക്കിയ ഖുര്‍ആന്‍കൊണ്ട് കര്‍മങ്ങള്‍ ചെയ്യലും മടങ്ങിപ്പോക്കിന്റെ നാളിനായി തയാറാകലുമാകുന്നു. ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്(റ) പറഞ്ഞു: 'പകലില്‍ നോമ്പെടുക്കാലോ രാത്രിയില്‍ നിസ്‌കരിക്കലോ അല്ല തഖ്‌വ. അതു രണ്ടിനും ഇടയില്‍ കൂട്ടിക്കലര്‍ത്തലുമല്ല.അല്ലാഹുവിനുള്ള തഖ്‌വ എന്നാല്‍ അല്ലാഹു നിഷിദ്ധമാക്കിയത് ഒഴിവാക്കലും അവന്‍ നിര്‍ബന്ധമാക്കിയത് പ്രവര്‍ത്തിക്കലും ആകുന്നു. അതിനെ തുടര്‍ന്ന് ആര്‍ക്കെങ്കിലും നന്മ ലഭിച്ചാല്‍ അതു നന്മയുടെ മേലെയുള്ള നന്മയാകുന്നു'.
തഖ്‌വ എന്നത് ജീവിതത്തില്‍ പരീക്ഷിച്ച് വിജയിക്കേണ്ടതാണ്. പറയാനും പ്രസംഗിക്കാനും എഴുതാനും എളുപ്പമാണ്. ജീവിതത്തില്‍ പ്രയോഗവത്കരിക്കാന്‍ അല്‍പം ബുദ്ധിമുട്ട് തന്നെയാണ്. മനുഷ്യന്‍ ഒരു നിമിഷം പോലും സ്രഷ്ടാവിന്റെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാകുന്നില്ല. ആ ബോധമാണ് നമ്മെ നയിക്കേണ്ടത്. അതിനുള്ള പരിശീലനം വിശുദ്ധ റമദാനിലൂടെ നാം നേടുന്നു. അതാണ് നേടേണ്ടത്. അത് നാം നേടുന്നില്ലെങ്കില്‍ നമ്മുടെ റമദാന്‍ ലക്ഷ്യം കണ്ടില്ലെന്ന് കരുതേണ്ടിവരും. അതിനാല്‍ ഇനിയുള്ള രാപ്പകലുകള്‍ ആത്മീയോന്നതിക്കുള്ളതാണ്. സംശുദ്ധമായ ജീവിതത്തിലേക്കുള്ള പാകപ്പെടുത്തല്‍. റമദാനിനെ വരവേല്‍ക്കാന്‍ മനസ് പാകപ്പെടുത്തുക. ഓര്‍ക്കുക; നല്ല ഹൃദയത്തിലേ നല്ല നിയ്യത്ത് ഉണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."