ദേശീയപാതയിൽ പഞ്ചായത്തിന് എന്തധികാരം; ചുരത്തിലെ യൂസർ ഫീ ഈടാക്കൽ; സാങ്കേതികത്വം മറികടന്നെന്ന് ആക്ഷേപം
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വാഹനങ്ങളിൽനിന്ന് യൂസർഫീ ഈടാക്കാനുള്ള പുതുപ്പാടി പഞ്ചായത്തിന്റെ നീക്കം സാങ്കേതികത്വം മറികടന്നെന്ന് ആക്ഷേപം. ദേശീയപാതയിൽ പഞ്ചായത്തുകൾക്ക് യാതൊരുവിധ അധികാരവുമില്ലെന്നിരിക്കെയാണ് ചുരം സംരക്ഷണത്തിന് ഫണ്ട് കണ്ടെത്തുകയെന്ന ലക്ഷ്യത്തിൽ പഞ്ചായത്ത് ഭരണസമിതി വാഹനങ്ങളിൽനിന്ന് യൂസർഫീ വാങ്ങാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. നിലവിൽ ദേശീയപാതയിൽ ടാക്‌സി വാഹനങ്ങൾക്കുള്ള സ്റ്റാന്റ് പോലും നിയമവിരുദ്ധമാണെന്നിരിക്കെ പഞ്ചായത്ത് എടുത്ത തീരുമാനം വരുംദിവസങ്ങളിൽ ദേശീയപാത അതോറിറ്റിയും പഞ്ചായത്തും തമ്മിലുള്ള നിയമ പ്രശ്‌നങ്ങളിലേക്ക് വരെ എത്തിക്കാനാണ് സാധ്യത.
ചുരത്തിൽ പാർക്കിങ് നിരോധിച്ച ജില്ലാ കലക്ടർമാരുടെ ഉത്തരവിനും വിഘാതമാണ് പഞ്ചായത്തിന്റെ തീരുമാനം. അതിനുപുറമെ ചുരത്തിൽ യൂസർഫീ നൽകി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഉണ്ടാക്കുന്ന ഗതാഗത തടസങ്ങളും പഞ്ചായത്ത് പരിഹരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം പതിവാണ്. വയനാട്ടിൽനിന്ന് കോഴിക്കോട് ലക്ഷ്യമാക്കി പോകുന്ന ആംബുലൻസുകളടക്കം ഗതാഗത തടസങ്ങളിൽപെടുന്നതും പതിവാണ്. ഒരു വാഹനം തകരാർ സംഭവിച്ചാൽ പോലും ചുരത്തിലെ ഗതാഗതം മണിക്കൂറുകളോളം നിലക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ചുരത്തിൽ പണം നൽകി വാഹനം പാർക്ക് ചെയ്യാനുള്ള അവസരമൊരുക്കാൻ പുതുപ്പാടി പഞ്ചായത്ത് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാനാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
അതേസമയം, ചുരത്തിൽ ഈടാക്കുന്നത് പാർക്കിങ് സൗകര്യം അനുവദിക്കുന്നതിനുള്ള ഫീസല്ലെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് അറിയിച്ചു. തുക 'അഴകോടെ ചുരം' എന്ന കർമ്മപദ്ധതിയുടെ ഭാഗമായി താമരശ്ശേരി ചുരം പൂർണ മാലിന്യ മുക്തപ്രദേശമായി നിലനിർത്തുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള 'അഴകോടെ ചുരം' കാംപയിനിന്റെ ഭാഗമായാണ് ചുരത്തിൽ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് യൂസർഫീ ഏർപ്പെടുത്താനൊരുങ്ങുന്നത്. ചുരത്തിൽ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽനിന്ന് ഇന്നു മുതൽ വാഹനമൊന്നിന് 20 രൂപയാണ് ഈടാക്കുക. ഇതിനായി വ്യൂപോയിന്റിലും വിനോദ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകർമസേനാംഗങ്ങളെ നിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യനിർമാർജനത്തിന് വിശദമായ ഡി.പി.ആർ തയാറാക്കി സർക്കാരിനു സമർപ്പിക്കാനും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചൻ അധ്യക്ഷയായി.
പഞ്ചായത്ത് അധികാരികൾ തീരുമാനം മാറ്റണമെന്ന ആവശ്യവുമായി ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയടക്കമുളളവർ രംഗത്തുവന്നു. ഗ്രാമപഞ്ചായത്തിന് ഫീസ് വാങ്ങാൻ അധികാരമില്ലെന്നാണ് കരുതുന്നതെന്നും ചുരം യാത്ര സുഗമമാക്കാനുള്ള സംവിധാനമൊരുക്കാനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കേണ്ടതെന്നുമാണ് വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."