വിശുദ്ധ ഖുര്‍ആനിലെ 26 സുക്തങ്ങള്‍ നീക്കം ചെയ്യണമെന്ന്: അരലക്ഷംരൂപ പിഴയിട്ട് സംഘ്പരിവാര്‍ സഹയാത്രികന്റെ ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ ചില സുക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ ശീഈ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും സംഘ്പരിവാര്‍ സഹയാത്രികനുമായ വസീം രിസ്‌വി നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.
ഹരജി തീര്‍ത്തും ബാലിശമാണെന്നു ചൂണ്ടിക്കാട്ടി വസീം രിസ്‌വിക്ക് അരലക്ഷംരൂപ പിഴയിട്ടാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ നടപടി.
ഹരജി പരിഗണനയ്‌ക്കെടുത്ത നരിമാന്റെ ബെഞ്ച് വാദത്തിലേക്ക് പോലും കടക്കാതെയാണ് തള്ളിയത്. ഹരജി എടുത്ത ശേഷം നിങ്ങളിത് കാര്യമായിട്ട് തന്നെയാണോ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. നിങ്ങള്‍ ഹരജിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ഇതു പരിഗണിക്കണോയെന്നും കോടതി ചോദിച്ചു.
ഹരജിക്കാരന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ വാദത്തിലേക്ക് കടക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച കോടതി ഹരജി തള്ളുകയായിരുന്നു.
ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസമാണ് രിസ്വി സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ഇദ്ദേഹത്തിന്റെ വാദം നേരത്തെ ശീഈ നേതാക്കളും ബി.ജെ.പിയും തള്ളിയിരുന്നു. ഏതെങ്കിലും മതവിഭാഗത്തിന്റെ ഗ്രന്ഥങ്ങളെ അവഹേളിക്കുന്നവര്‍ക്കൊപ്പം ബി.ജെ.പി നില്‍ക്കില്ലെന്നായിരുന്നു ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞത്. ഖുര്‍ആനില്‍നിന്ന് ഒരു വാക്കോ കോമയോ കുത്തോ പോലും നീക്കംചെയ്യാനാവില്ലെന്നായിരുന്നു ശീഈ വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാന യാസുബ് അബ്ബാസ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."