കെ.കെ ഷാഹിന മഅ്ദനിയുടെ ബന്ധുവെന്ന്: കര്‍ണാടകയുടെ സത്യവാങ്മൂലത്തില്‍ നിറയെ കള്ളങ്ങളെന്ന് പി.ഡി.പി
ന്യൂഡല്‍ഹി: ബംഗ്‌ളൂരു സ്‌ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നല്‍കിയ ഹരജി പരിഗണിക്കവെ കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിറയെ കള്ളങ്ങളെന്ന് പി.ഡി.പി.
തെഹല്‍ക ലേഖികയായിരുന്ന കെ.കെ ഷാഹിന മഅ്ദനിയുടെ ബന്ധുവാണെന്നും ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മഅ്ദനിക്കെതിരേ കേസുണ്ടെന്നും ഉള്‍പ്പെടെ നിരവധി വസ്തുതാപരമായി തെറ്റുകളാണ് സത്യവാങ്മൂലത്തിലുള്ളത്. ഷാഹിനയുമായി യാതൊരു കുടുംബബന്ധവും മഅ്ദനിക്കില്ല. തെഹല്‍കയില്‍ ജോലിചെയ്യുന്നതിനിടെ മഅ്ദനിക്കെതിരേ മൊഴി നല്‍കിയ കുടകിലെ പ്രഭാകരന്‍ എന്ന ആര്‍.എസ്.എസ് നേതാവിന്റെതുള്‍പ്പെടെയുള്ള അഭിമുഖം ഷാഹിന എടുത്തിരുന്നു.
മഅ്ദനിയെ അറിയില്ലെന്നും പൊലിസിന് അങ്ങനെയൊരു മൊഴി നല്‍കിയില്ലെന്നും പ്രഭാകരന്‍ തെഹല്‍ക്കയോട് പറഞ്ഞിരുന്നു. ഈ അഭിമുഖം ബന്ധുവായതിനാല്‍ മഅ്ദനി നിര്‍ദേശിച്ചത് പ്രകാരം എടുത്തതാണെന്നാണ് ഇപ്പോള്‍ കര്‍ണാടക പ്രചരിപ്പിക്കുന്നത്.
ആന്ധ്രപ്രദേശിലെ വിജയവാഡ ടൗണ്‍ സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 35398 ആയി മഅ്ദനിക്കെതിരേ കേസുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍, മഅ്ദനിക്കെതിരേ അങ്ങനെയൊരു കേസില്ല. കൂടാതെ 2007ല്‍ കോയമ്പത്തൂര്‍ കേസില്‍ കുറ്റവിമുക്തനായ ശേഷം മഅ്ദനിക്കെതിരേ കേരളത്തില്‍ നിരവധി കേസുകളെടുത്തെന്നും കര്‍ണാടക പറയുന്നുണ്ട്. എന്നാല്‍ മഅ്ദനിക്കെതിരേയുള്ള കേസുകളെല്ലാം 90 കളുടെ തുടക്കത്തില്‍ ബാബരി മസ്ജിദ് സംബന്ധിച്ച പ്രസംഗത്തിന്റെ പേരിലാണെന്നും അതെല്ലാം തീര്‍പ്പായതാണെന്നും പി.ഡി.പി നേതാവ് മുഹമ്മദ് റജീബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."