പിന്നില്‍ മുഖ്യമന്ത്രിയെന്ന് ; നടന്നത് ആസൂത്രിതമായ പകപോക്കല്‍: തന്നെ പൂട്ടാനുള്ള തളപ്പ് പിണറായിയുടെ കൈവശമില്ല; വിജിലന്‍സ് കൈവശപ്പെടുത്തിയ പണം തിരിച്ചുതരേണ്ടിവരുമെന്നും കെ.എം ഷാജി
കോഴിക്കോട്: വിജിലന്‍സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന്‍ പകപോക്കുകയാണെന്നു കെ.എം ഷാജി എം.എല്‍.എ. 16 മണിക്കൂര്‍ നീണ്ട വിജിലന്‍സ് റെയ്ഡിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.എം. ഷാജി. പിണറായി വിജയന്റെ വിജിലന്‍സ് നടത്തിയത് താന്‍ പ്രതീക്ഷിച്ച നാടകമാണ്. ആസൂത്രിതമായ വേട്ടയാലടിന്റെ മറ്റൊരധ്യായം. സി.പി.എം അഞ്ചുകൊല്ലം കെട്ടിപ്പൊക്കിയ കള്ളങ്ങള്‍ പൊളിഞ്ഞു.
അതിനുള്ള പക വീട്ടലാണിത്. ഇതോടെ ഒരുകാര്യം ഉറപ്പായി. താന്‍ അഴീക്കോട് വിജയിക്കും. പിണറായി വിജന്റെ കാലാവധി മെയ് രണ്ടുവരേയേയുള്ളൂ. അതു കഴിഞ്ഞും കെ.എം.ഷാജി എം.എല്‍.എയായി നിയമസഭയിലുണ്ടാകും. തന്നെ പൂട്ടാനുള്ള തളപ്പൊന്നും പിണറായി വിജയന്റെ കയ്യിലില്ല. തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ട്. മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.
എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലിസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്.
ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ് നടത്തുന്നത്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.
അനധികൃത സ്വത്തു സമ്പാദനം എന്നാണ് പറയുന്നത്. ഇത്രകാലമായിട്ടും രണ്ടേക്കര്‍ ഭൂമിയും വീടും ഇതാണ് അനധികൃത സ്വത്തെന്നു പറയുന്നത്. ഇതുകൊണ്ടൊന്നും തന്നെ പൂട്ടാനാവില്ല. ഇടതുപക്ഷവും അതിന്റെ നേതാക്കളും നടത്തുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരേ നിരന്തരം ശബ്ദിച്ചതിനുള്ള തിരിച്ചടിയാണിത്. സാംസ്‌കാരിക നായകരെയും വിമര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം ആസൂത്രിത നീക്കങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ഷാജി പറഞ്ഞു. കോടതി എപ്പോള്‍ ആവശ്യപ്പെടുന്നുവോ അപ്പോള്‍ രേഖ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."