വെട്ടിമാറ്റാനാവില്ല ടിപ്പുവിനെയും
ഹുസൈൻ രണ്ടത്താണി
ഈ വേട്ട അവസാനിക്കില്ല. മുസ്‌ലിംകൾ എന്തു ചെയ്താലും മഹത്വവത്കരിക്കരുത് എന്നത് സംഘ്പരിവാറിന്റെ രക്തത്തിൽ കലർന്ന വിരോധമാണ്. മലബാർ സമരത്തിലെ മാപ്പിള രക്തസാക്ഷികളെ വെട്ടിമാറ്റിയ വാളുകൊണ്ട് ടിപ്പുവിനെ വീണ്ടും വെട്ടുകയാണ്. ടിപ്പുവിനെ ഇനി മഹത്വവത്കരിക്കേണ്ടെന്ന് കർണാടകയിലെ ബി.ജെ.പി സർക്കാർ വിളംബരം ചെയ്തിരിക്കുന്നു. ടിപ്പുവിനെ മൈസൂർ സിംഹം എന്ന വിളിച്ചുകൂടാ. ദേശാഭിമാനിയെന്ന് പറയരുത്. ബ്രിട്ടീഷുകാർക്കെതിരേ പടക്കളത്തിൽ പൊരുതിമരിച്ച ഒരേയൊരു ഇന്ത്യൻ ഭരണാധികാരിയെന്ന വസ്തുത ലോകമറിയരുതെന്ന്. തങ്ങൾക്ക് സ്വാധീനമുള്ള 'ഠ' വട്ടത്തിൽവച്ച് ഇവരങ്ങനെ വിളിച്ചുകൂവുകയാണ്. ഇവർ വരക്കുന്നതല്ല ലോകഭൂപടമെന്ന് എന്നാണിവരറിയുക? ടിപ്പു ഹിന്ദുക്കളെ കൂട്ടമായി മതപരിവർത്തനം നടത്തിയെന്ന പഴകിയ ആരോപണമാണ് ഇന്നും വിളമ്പുന്നത്. അതേസമയം, ലോക ചരിത്രകാരന്മാർ ടിപ്പുവിനെ ആധുനികനായ ഭരണാധികാരിയെന്ന് കൂടുതൽ ഉച്ചത്തോടെ വിളിച്ചുപറയുന്നത് ഇവർ കേൾക്കുന്നില്ല.
ഇന്ത്യയെ ആധുനികവത്കരിക്കുകയായിരുന്നു ടിപ്പു. ജാതിയെ വെല്ലുവിളിച്ച് താണജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യമൊരുക്കി, സംബന്ധം തുടങ്ങിയ അനാചാരങ്ങളെ ഇല്ലാതാക്കി, മാറ് മറക്കാൻ സ്വാതന്ത്ര്യം നൽകി, ആധുനിക യുദ്ധോപകരണങ്ങൾ നിർമിച്ചു, ജന്മിമാരുടെ ചൂഷണം അവസാനിപ്പിച്ചു തുടങ്ങി നിരവധി പരിഷ്കരണങ്ങൾ കൊണ്ടുവന്നു. അനിയന്ത്രിതമായ സംബന്ധ സമ്പ്രദായം കണ്ടപ്പോൾ അതിനെതിരായ നിയമങ്ങൾക്ക് ടിപ്പു ശുപാർശ ചെയ്തത് ഹിന്ദുമത വിരോധം കൊണ്ടാണോ? സ്ത്രീകളോട് മാറുമറക്കാൻ പറഞ്ഞതും കോടതിയിലേക്ക് വരാൻ എല്ലാവരോടും കൽപിച്ചതും ജാതി സമ്പ്രദായത്തെ വിമർശിച്ചതുമെല്ലാം മതഭ്രാന്ത് കൊണ്ടാണോ? അങ്ങനെയെങ്കിൽ ഇതേ ലക്ഷ്യത്തിനു മുന്നിട്ടുനിന്ന ഹൈന്ദവ പരിഷ്‌കർത്താക്കളെ നിങ്ങൾ എന്തുവിളിക്കും? ഹൈന്ദവരിൽനിന്നുതന്നെ വരേണ്ട മതപരിഷ്‌കരണം ടിപ്പു എന്ന മുസൽമാൻ ഏറ്റെടുത്തത് ശരിയായില്ല എന്നാണഭിപ്രായമെങ്കിൽ അത് സമ്മതിക്കാം. എണ്ണിയാലൊടുങ്ങാത്ത പരിഷ്‌കരണങ്ങൾ ഹ്രസ്വകാലത്തിനുള്ളിൽ ചെയ്തുതീർത്ത മഹാനായ ഒരു ഭരണാധികാരിയെ കൊഞ്ഞനം കുത്തിയാൽ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ല.
'ശത്രുക്കളായ നിരവധി തടവുകാരെ മതം മാറാമെന്ന ഉപാധിയിൽ ടിപ്പു സ്വതന്ത്രരാക്കി. ഇവരിൽ പലരെയും ഉന്നത ഉദ്യോഗങ്ങളിൽ നിയമിച്ചു. പലരെയും സാധാരണ പട്ടാളക്കാരാക്കി. ബ്രിട്ടീഷുകാരെഴുതിവച്ച കണക്കുപ്രകാരവും വ്യാജമായി നിർമിച്ച വിളംബരങ്ങൾ പ്രകാരവും ആയിരക്കണക്കിന് പേരെയാണ് ടിപ്പു മതം മാറ്റിയതത്രേ'. അങ്ങനെ ഒരു വാദമുണ്ടെങ്കിൽ ആ കുടുംബങ്ങളുടെ ഒരു സർവേ നടത്തി കാണിക്കണം. ഇതുപോലെ, എവിടെ ക്ഷേത്രങ്ങൾ പൊളിഞ്ഞുകിടക്കുന്നത് കണ്ടാലും അവയെല്ലാം കെട്ടിവയ്ക്കുന്നത് ടിപ്പുവിന്റെ തലയിൽ. നമ്പൂതിരിമാരുടെ കൊള്ളരുതായ്മമൂലം ജീർണിച്ച നിരവധി ക്ഷേത്രങ്ങളുണ്ട്. പലതും ഇപ്പോൾ പുനരുജ്ജീവിപ്പിക്കുന്നുണ്ട്. ആളുകളെ വികാരം കൊള്ളിക്കാൻ അവയൊക്കെ ടിപ്പു നശിപ്പിച്ചതാണെന്ന കണ്ടുപിടിത്തവും. അതിനു ചരിത്രമെഴുത്തുകാരായ കുറേ തമ്പുരാക്കൻമാരുടെ പിന്തുണയും. മതം മാറാതെ തന്നെ കഴിവുള്ള തടവുകാർക്ക് മോചനം നൽകി അവരെ ടിപ്പു വ്യത്യസ്ത ജോലികളിൽ നിയമിച്ചത് കാണാം. ടിപ്പുവിന്റെ സൈന്യത്തിൽ തന്നെ മേധാവികളായും പട്ടാളക്കാരായും ഹിന്ദുക്കൾ നിരവധിയുണ്ടായിരുന്നു. അവരിൽ നിരവധി പേർ മറാത്തക്കാരുടെയും തിരൂവിതംകൂറിന്റെയും നൈസാമിൻ്റെയും ബ്രിട്ടീഷുകാരുടെയും കരങ്ങളാൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ശത്രുവിന്റെ മതം നോക്കി എതു രാജാവാണ് യുദ്ധം ചെയ്യുക? ഹിന്ദുവായാലും മുസൽമാനായാലും ശത്രു ശത്രുതന്നെ. ടിപ്പുതന്നെ നൈസാമിനെതിരേ യുദ്ധം ചെയ്ത് എത്രയോ മുസ്‌ലിം പട്ടാളക്കാരെ കൊന്നിട്ടുണ്ട്. ആർക്കാട്ട് നവാബും നൈസാം രാജാവും ബ്രിട്ടീഷുകാരോടൊപ്പം ചേർന്ന് ടിപ്പുവിന്റെ സൈന്യത്തിലെ എത്രയോ മുസ്‌ലിംകളെയും ഹിന്ദുക്കളെയും കൊന്നു. ഇതൊക്കെ മതവും ജാതിയും നോക്കിയാണോ വിലയിരുത്തുക? സാമൂതിരി കൊന്ന വള്ളുവനാട്ടിലെ നായൻമാർക്ക് കൈയും കണക്കുമുണ്ടോ? അധികാരക്കൊതിയുടെ മാമാങ്കത്തിൽ എത്ര നായർ ചാവേറുകളെയാണ് സാമൂതിരി അരിഞ്ഞുവീഴ്ത്തിയത്? ശിവാജിയുടെ സൈന്യം മുഗൾ സൈന്യത്തിലെയും ബീജാപൂരിലെയും നിരവധി മുസ്‌ലിംകളെയും ഹിന്ദുക്കളെയും കൊന്നു. അപ്പേരിൽ ശിവാജി ഹിന്ദുവിരോധിയോ മുസ്‌ലിംവിരോധിയോ ആകുമോ? ഇന്ത്യയിൽ രജപുത്രൻമാർ തമ്മിൽ തല്ലി കൊന്നവരെത്ര!
മംഗളൂരുവിലെ ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാർക്കൊപ്പം കൂടി ടിപ്പുവിനെതിരേ തിരിഞ്ഞു. ആ പ്രദേശത്തുള്ള ക്രിസ്ത്യാനികളെ മാറ്റിപ്പാർപ്പിക്കാൻ ടിപ്പു പദ്ധതി തയാറാക്കി. പിന്നീടവർക്ക് മാപ്പു നൽകി. ഇതൊക്കെ ക്രിസ്ത്യൻ വിരോധത്തിന്റെ പേരിലാണോ? ടിപ്പു ക്രിസ്ത്യൻ രാജ്യമായ ഫ്രാൻസിനെയാണ് മാതൃകയാക്കിയത്. ടിപ്പുവിനെ സഹായിക്കാനും യുദ്ധമുറ അഭ്യസിപ്പിക്കാനും ഫ്രാൻസിൽ നിന്ന് വിദഗ്ധരെ വരുത്തി. അവർക്ക് പ്രാർഥിക്കാൻ ഒന്നാന്തരം ചർച്ച് ടിപ്പു തന്റെ നാട്ടിൽ നിർമിച്ചുകൊടുത്തു. മലബാറിൽ വന്ന ടിപ്പു ഏറ്റവും കൂടുതൽ സഹായം നൽകിയത് ഹിന്ദു ക്ഷേത്രങ്ങൾക്കാ ണ്. 1791ൽ മറാത്ത സേനാപതി പട്‌വർധൻ ശൃംഗേരി മഠം കൊള്ളയടിച്ച് വിഗ്രഹം മോഷ്ടിച്ചു. ശൃംഗേരി മഠം ടിപ്പുവിനെ പിന്തുണക്കുന്നു എന്നതായിരുന്നു ഒരു കാരണം. ഇംഗ്ലീഷുകാരെയും മറാത്തരെയും നൈസാമിനെയും തോൽപിക്കുന്നതിന് ശൃംഗേരി മഠത്തിൽ സുൽത്താനുവേണ്ടി ശതചണ്ഡീ ഹോമവും സഹസ്ര ചണ്ഡീ ജപവും നടത്തിയിരുന്നു. ശൃംഗേരി മഠാധിപതികളും ബ്രാഹ്മണരും പ്രത്യേകം പ്രാർഥിച്ചു. ഹിന്ദുക്കൾ ടിപ്പുവിനോടൊപ്പമായിരുന്നു എന്ന് വ്യക്തം. സംഘ്പരിവാറിന് ഇതെങ്ങനെ സഹിക്കാനാണ് ? 1785മുതൽ ശൃംഗേരി മഠത്തിന് അദ്ദേഹം പലവക ദാനങ്ങൾ ചെയ്തുവന്നു. അവിടത്തെ മഠാധിപതിക്ക് സർവ മാന്യ എന്ന ബഹുമതി നാമം ടിപ്പു നൽകി. മഠം പുനർനിർമിച്ചുകൊടുത്തു. മൈസൂരിലെ ക്ഷേത്രങ്ങൾക്ക് ഇനാം ഭൂമി നൽകിയതിന്റെ 34 സനദുകൾ കണ്ടെടുത്തിട്ടുണ്ട്. ക്ഷേത്രങ്ങൾക്ക് സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള കപ്പുകൾ സുൽത്താൻ ദാനം നൽകാറുണ്ടായിരുന്നു. പല ക്ഷേത്രങ്ങളിലും ഇപ്പോഴുമവ ആദരവോടെ സൂക്ഷിക്കുന്നു. നഞ്ചഗുഡിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് ടിപ്പു നൽകിയ രത്‌നം പതിച്ച കപ്പ് ഉത്സവവേളകളിൽ പ്രദർശിപ്പിക്കുന്നു. തന്റെ കൊട്ടാരത്തിനടുത്തുള്ള ക്ഷേത്രങ്ങളിലേക്ക് അദ്ദേഹം വഴിപാടുകൾ കൊടുത്തയക്കുമായിരുന്നു.
1930ൽ മഹാത്മാഗാന്ധി യങ് ഇന്ത്യയിൽ ടിപ്പുവിനെക്കുറിച്ചെഴുതി: 'ടിപ്പു ക്ഷേത്രങ്ങൾക്ക് നിരവധി സഹായങ്ങൾ നൽകി. തന്റെ തലസ്ഥാനത്തിന് സമീപമുള്ള ശ്രീവെങ്കിട്ടരമണ, ശ്രീരങ്കനാഥ, ശ്രീനിവാസ എന്നിവയ്ക്കും മറ്റു ക്ഷേത്രങ്ങൾക്കും അദ്ദേഹം സഹായം നൽകി'. അദ്ദേഹത്തിന്റെ വിശാലമായ സഹിഷ്ണുതയ്ക്ക് ഇവ ഇന്നും സാക്ഷിയാണ്. സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ കാര്യത്തിൽ ടിപ്പു ഒരു തികഞ്ഞ രക്തസാക്ഷി തന്നെയാണ്. ക്ഷേത്രമണികളിൽ നിന്നുള്ള ശബ്ദം അദ്ദേഹത്തിന്റെ പ്രാർഥനകളെ ഒരിക്കലും അലോസരപ്പെടുത്തിയിരുന്നില്ല. എഴുത്തുകാരൻ പ്രൊഫസർ മഹേഷ് ചന്ദ്ര ഗുരു എഴുതി: 'ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം 1857ലേതല്ല; അത് 1798ലെ നാലാം ആംഗ്ലോ മൈസൂർ യുദ്ധമാണ്. ഈ യുദ്ധത്തിലാണ് ടിപ്പു യുദ്ധം ചെയ്ത് രക്തസാക്ഷിയായത്'.
ടിപ്പുവിന്റെ കാലത്ത് മൈസൂരുവിലെ ഹിന്ദുക്കളാരും അദ്ദേഹത്തോട് മതത്തിന്റെ പേരിൽ ഒരു വിരോധവും പുലർത്തിയിട്ടില്ല. ഇതൊക്കെ പിൽക്കാലത്ത് ബ്രിട്ടീഷുകാരും ജന്മിമാരും ഒപ്പിച്ചെടുത്ത പണിയാണ്. ടിപ്പു രക്തസാക്ഷിയായപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തെ വേലൂരിലും പിന്നീട് കൊൽക്കത്തയിലും പാർപ്പിച്ചു. അവരെക്കൊണ്ടുതന്നെ നിർബന്ധിച്ച് കള്ളക്കഥകളെഴുതിച്ചു. ടിപ്പുവിന്റെ ജീവചരിത്രകാരൻ കിർമാനിക്ക് പോലും കള്ളക്കഥ മെനയേണ്ടിവന്നു. മൈസൂർ കൊട്ടാരത്തിലെ രേഖകളെല്ലാം ഇംഗ്ലണ്ടിലേക്ക് കടത്തി. ഭാഗ്യത്തിന് അതൊന്നും കത്തിച്ചുകളഞ്ഞില്ല.
സർക്കാർ കാര്യങ്ങൾ പേർഷ്യൻ രീതിയിലാണ് ടിപ്പു നടപ്പാക്കിയത്. ഇന്ത്യയിലിപ്പോഴും പേർഷ്യൻ രീതി തന്നെ തുടരുന്നു. മലബാറിലും മൈസൂരിലും ടിപ്പുവിന്റെ നയങ്ങൾ തന്നെയാണ് ഇപ്പോഴുമുള്ളത്. ബ്രിട്ടീഷുകാരും അത് കടമെടുക്കുകയായിരുന്നു. സർക്കാർ എന്ന പദം തന്നെ മൈസൂരിൽ ടിപ്പുവിന്റെ വകയാണ്. താലൂക്കും ജില്ലയും നികുതിയും രശീതും മുൻസിഫുമെല്ലാം ടിപ്പുവിന്റെ പാരമ്പര്യം നൽകിയതാണ്. ടിപ്പുവിനെ ഇല്ലാതാക്കാൻ എത്ര ആയുസു മുഴുവൻ ശ്രമിച്ചാലും സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."