HOME
DETAILS
MAL
പ്രതികളുടെ ആത്മഹത്യകള്‍ എന്തുകൊണ്ട്?
backup
April 13 2021 | 04:04 AM
പെരിങ്ങത്തൂര്‍ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി കൂലോത്ത് രതീഷിന്റെ ആത്മഹത്യയും തുടര്‍ന്നു പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വലിയൊരു ഗൂഢാലോചനയുടെ ചുരുളുകളായിരിക്കും അഴിക്കുക. ആത്മഹത്യയെന്ന പൊലിസിന്റെ പ്രാഥമിക നിഗമനം തള്ളിക്കളഞ്ഞുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രതീഷിന്റെ മരണം കൊലപാതകമാണെന്നതിലേക്കാണ് നയിക്കുന്നത്. എങ്കില്‍ ആരായിരിക്കാം കൊല ചെയ്തിട്ടുണ്ടാവുക. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രതീഷിനെ പാര്‍ട്ടി സംരക്ഷിക്കുന്നതിനു പകരം കൊല ചെയ്യപ്പെടാനുള്ള സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പിന്നിലെ താല്‍പര്യം എന്തായിരിക്കാം. ആരായിരിക്കാം രതീഷിന്റെ മരണത്തിന്റെ ഗുണഭോക്താവ്? ആരായിരിക്കാം ആസൂത്രകന്‍?
ആത്മഹത്യ ചെയ്യുമ്പോഴുണ്ടാകുന്ന ആന്തരിക ക്ഷതത്തിനപ്പുറം ഗുരുതരമായ പരുക്കേറ്റിട്ടുണ്ട് രതീഷിന്റെ ആന്തരികാവയവങ്ങളില്‍. തൂങ്ങിമരണത്തിലുണ്ടാകുന്ന ശ്വാസംമുട്ടലല്ല, അതിനു മുന്‍പേ ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന സൂചന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, രതീഷ് തൂങ്ങിമരിക്കുകയായിരുന്നില്ല, കൊല്ലപ്പെടുകയായിരുന്നു എന്ന സാധ്യതയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അങ്ങനെയാണെങ്കില്‍ സമാന രീതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ രാഷ്ട്രീയക്കൊലപാതകങ്ങളിലെ പ്രതികളുടെ മരണങ്ങളും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
രതീഷിന്റെ ദുരൂഹ മരണത്തെക്കുറിച്ചു അന്വേഷിക്കാന്‍ വടകര റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതോടൊപ്പം നേരത്തെ രാഷ്ട്രീയക്കൊലക്കേസില്‍പെട്ട പ്രതികളുടെ ആത്മഹത്യകളും അന്വേഷിക്കപ്പെടേണ്ടതുണ്ട്.
സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന രാഷ്ട്രീയക്കൊലപാതകങ്ങളിലാണ് ഏറെയും ആത്മഹത്യകളും കൊലപാതകങ്ങളും സംഭവിക്കുന്നതെന്നാണ് കണക്കുകളില്‍നിന്നു വ്യക്തമാകുന്നത്. ആറ് കൊലപാതകങ്ങളിലായി പത്ത് പ്രതികള്‍ ഈ വിധം കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യപ്പെടുകയോ ഉണ്ടായിട്ടുണ്ട്. അതിലേറെയും കണ്ണൂര്‍ ജില്ലയിലാണുതാനും. യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി ജയകൃഷ്ണന്‍ കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതി പാട്യം കാരോട്ട് പുറത്തെ കാരായി സജീവനെ 2002 ല്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം പന്തുകളിച്ചുകൊണ്ടിരുന്ന സജീവനെ പ്രാദേശിക സി.പി.എം നേതാവ് വിളിച്ചുകൊണ്ടുപോയി എന്നാണ് പറയപ്പെടുന്നത്. പിന്നീട് കാണുന്നത് തൂങ്ങിമരിച്ച നിലയിലാണ്. മരിക്കാന്‍ തീരുമാനിച്ച ഒരാള്‍ പന്തുകളിക്കാന്‍ പോകുമെന്ന് വിശ്വസിക്കാനാവുന്നില്ല. തളിപ്പറമ്പ് 2012 ഫെബ്രുവരി 20ന് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഇരുപതാം പ്രതി മൊറാഴ കുമ്മനാട് അച്ചാലി സരിഷ് തൂങ്ങിമരിക്കുകയായിരുന്നു. 1994 ഫെബ്രുവരിയില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നെട്ടൂര്‍ ഗോവിന്ദന്‍ കൊലക്കേസിലെ പ്രതി സജീവനും ഒളിവില്‍ കഴിയുന്നതിനിടെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിക്കുകയായിരുന്നു. മറ്റൊരു പ്രതി സദാനന്ദനും ആത്മഹത്യ ചെയ്തു. ഇങ്ങനെ പിന്നെയും പലരും ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.
ദിവസവും കാണുന്നവരോ, സുഹൃത്തുക്കളോ, രാഷ്ട്രീയ തിമിരം ബാധിക്കുന്നതിന് മുന്‍പുള്ള കളിക്കൂട്ടുകാരോ ആയിരിക്കും ഇത്തരം കൊലപാതകങ്ങളിലെ ഇരകളും പ്രതികളും. സ്വന്തം കളിക്കൂട്ടുകാരന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കാന്‍, കരളുറപ്പോടെ, യാതൊരു മനഃശ്ചാഞ്ചല്യവും പ്രകടിപ്പിക്കാത്ത കൊലപാതകി, കൊല കഴിഞ്ഞ് ദുര്‍ബലനായിത്തീര്‍ന്ന് ആത്മഹത്യയില്‍ അഭയം തേടുന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
കൊല്ലിക്കാന്‍ പറഞ്ഞയച്ച ആസൂത്രകന്‍, പൊലിസ് അന്വേഷണത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ തന്റെ കൈയില്‍ കൊലക്കത്തി ഏല്‍പിച്ച് പറഞ്ഞയച്ച നേതാവിന്റെ പേരെങ്ങാനും വെളിപ്പെടുത്തിയേക്കുമോ എന്ന മാനസിക പിരിമുറുക്കത്തെത്തുടര്‍ന്നായിരിക്കില്ലേ കൊല ചെയ്തവനെയും കൊല്ലാന്‍ ആളെ വിട്ടിട്ടുണ്ടാവുക. അതല്ലെങ്കില്‍ രാഷ്ട്രീയ എതിരാളികള്‍ കൊല ചെയ്യപ്പെടുന്ന കേസുകളിലൊക്കെയും പ്രതികളും ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം.
ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരനെ കൊന്നവര്‍ പ്രെഫഷണല്‍ കൊലപാതകികളായിരുന്നു. അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം പോലെ സംഘടിതരായി വന്നു. അമ്പത്തൊന്ന് വെട്ട് വെട്ടി അവര്‍ പോയി. ഒരാളുടെ ശരീരവും മുഖവും വികൃതമാകും വിധം വെട്ടി തീര്‍ക്കണമെങ്കില്‍ രക്തം കണ്ട് മരവിച്ചവര്‍ക്കേ കഴിയൂ. അതുകൊണ്ടായിരിക്കാം ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളില്‍ ഒരാളും ആത്മഹത്യ ചെയ്യാതിരുന്നത്. ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെടാതിരുന്നത്. എന്നിട്ടും പൊലിസ് കൊല ചെയ്യിച്ചവരിലേക്ക് എത്തി. അതോടെ അന്വേഷണം സി.പി.എം പ്രാദേശിക നേതാവ് കുഞ്ഞനന്തനില്‍ തടഞ്ഞു നില്‍ക്കുകയും ചെയ്തു.
ഏതെങ്കിലുമൊരു ഘട്ടത്തില്‍ അന്വേഷണം ഉന്നതരിലേക്ക് എത്തിയേക്കുമോ എന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഭയാശങ്കകളായിരിക്കാം കൊല്ലിച്ചവര്‍, കൊല്ലാന്‍ അയച്ചവനെയും കൊലപ്പെടുത്തുന്നതിലേക്ക് എത്തുന്നുണ്ടാവുക. അവിടെ അവന്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് അപരനെ കൊന്നതെന്ന പാര്‍ട്ടി ചിന്തയൊന്നും ഉന്നത നേതാവിനെ അലട്ടുന്നുണ്ടാവില്ല. പരിചയക്കാരാണെങ്കില്‍ കൂടി അപരനെ ശത്രുവിനെപ്പോലെ കാണണമെന്ന് പറയുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോവില്‍ ഉണ്ടായിരിക്കണം കൊലപാതകങ്ങളും കൊന്നവനെ ആത്മഹത്യ മുദ്രകുത്തി കൊലപ്പെടുത്തുന്നതും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന്.
കൊലപാതകങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്നത് പരിഷ്‌കൃത ലോകത്തിന് അപമാനമാണ്. ഇതിന് അറുതി വരണമെങ്കില്‍ ആസൂത്രകരെ പിടികൂടുക തന്നെ വേണം. രാഷ്ട്രീയ സംഘര്‍ഷത്തിനിടയില്‍ അബദ്ധത്തിലുണ്ടായ കൊലപാതകമല്ല മന്‍സൂറിന്റേത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടടുത്ത നിമിഷം മന്‍സൂര്‍ കൊല ചെയ്യപ്പെടണമെങ്കില്‍ അതിനു പിന്നില്‍ പഴുതുകളില്ലാത്ത ആസൂത്രണമുണ്ടായിരിക്കണം. പ്രതിയോഗികളെ കൊല്ലുന്നത് തെറ്റായി കാണാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍ക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്. അപരന്റെ ജീവനെടുക്കുന്നവര്‍ക്ക് എങ്ങനെയാണ് സാധാരണ മനുഷ്യന്റെ വേദന മനസിലാവുക. കൊലപാതകികളെന്ന് കോടതി കണ്ടെത്തിയവരെപ്പോലും നേതാക്കള്‍ ജയിലില്‍ ചെന്ന് ആശ്വസിപ്പിക്കുന്നത് ഏതൊരു പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കാനാവില്ല.
ഇതിനൊരവസാനം ഉണ്ടാകണമെങ്കില്‍ കൊല ആസൂത്രണം ചെയ്യുന്ന, കൊന്നവനെയും കൊല്ലിക്കുന്ന ഉന്നത നേതാവിന്റെയും കൈകളില്‍ വിലങ്ങുവീഴുക തന്നെ വേണം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അതുണ്ടാകുമെന്ന് പൊതുസമൂഹം പ്രതീക്ഷിച്ചു. പക്ഷെ ഉണ്ടായില്ല. ഇപ്പോഴിതാ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ സംശയാസ്പദമായ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ വടകര റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നിയോഗിക്കപ്പട്ടിരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രതീഷ് കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞാല്‍, പിന്നില്‍ ചരട് വലിച്ച ഉന്നതരാരെന്നു വ്യക്തമായാല്‍ അതോടെ അവസാനിക്കും കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതക പരമ്പരകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."