കാരാത്തോട് വഖ്ഫ് ഭൂമി മുജാഹിദ് വിഭാഗത്തിന്റെ ഹരജി ഹൈക്കോടതി തള്ളി
സ്വന്തം ലേഖകൻ
മലപ്പുറം
ഊരകം വില്ലേജ് കാരാത്തോട് സുന്നി വഖ്ഫ് ഭൂമിയിൽ മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നിർമിച്ച കെട്ടിടം പൊളിക്കാനും നിലവിലെ മുതവല്ലിയെ അയോഗ്യനാക്കിയുമുള്ള സംസ്ഥാന വഖ്ഫ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യുന്നതിന് മുജാഹിദ് വിഭാഗം ഫയൽ ചെയ്ത ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ എസ്.വി ഭാട്ടി, വസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. സുന്നി വഖ്ഫ് ഭൂമിയിൽ മുജാഹിദ് വിഭാഗം കെട്ടിടം നിർമിച്ചത് അനധികൃത നിർമാണമാണെന്ന് ഹൈക്കോടതി കണ്ടെത്തി. നേരത്തെ മുജാഹിദ് വിഭാഗം വഖ്ഫ് ട്രിബ്യൂണലിൽ ഫയൽ ചെയ്തിരുന്ന ഒ.എ 16,2022 നമ്പർ കേസ് പിൻവലിച്ചിരുന്നു. നിലവിൽ വഖ്ഫ് ബോർഡ് ഇൻസ്‌പെക്ടർ മഹാനുദ്ധീൻ ആണ് താൽക്കാലിക മുതവല്ലിയായി നിയമിക്കപ്പെട്ടത്. കെട്ടിടം പൊളിക്കാൻ വഖ്ഫ് ബോർഡ് ക്വട്ടേഷൻ ക്ഷണിച്ചിരുന്നു.
1893 മുതൽ നിലവിലുള്ള ഊരകം വില്ലേജ് റി.സ.404/5ൽ 18 ആർ സുന്നി വഖ്ഫ് ഭൂമിയിലാണ് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ അനധികൃത സ്ഥാപനം നിർമിച്ചത്. ഭൂമിയുടെ ഇപ്പോഴത്തെ കൈവശക്കാരായ വ്യക്തികൾ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ജാമിഅ അൽ ഹിന്ദ് ഭാരവാഹികളുമായുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സ്ഥലം വിട്ട് നൽകിയത്. ദിനേന ഒമ്പത് ജുസ്അ് ഖുർആൻ പാരായണം ചെയ്യണമെന്നാണ് വഖ്ഫ് ചെയ്തയാളുടെ ലക്ഷ്യം. എന്നാൽ ഇതിന് വിരുദ്ധമായാണ് മരിച്ചവർക്ക് ഖുർആൻ പാരായണം ചെയ്യുന്ന രീതിയിൽ വിശ്വാസമില്ലാത്ത വിഭാഗത്തിന് സ്ഥാപനത്തിനായി ഭൂമി കൈമാറിയത്. ഇതിനെതിരേ നാട്ടുകാർ വഖ്ഫ് ബോർഡിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് വഖ്ഫ് ബോർഡ് അന്വേഷണം നടത്തി കെട്ടിടം പെളിക്കാനും മുതവല്ലിയെ സസ്‌പെന്റ് ചെയ്തും ഉത്തരവിട്ടത്. കേരളത്തിൽ വ്യാപകമായി വഖ്ഫ് ഭൂമികൾ കൈയേറ്റം ചെയ്യപ്പെടുന്നുണ്ടെന്നും പരാതി നൽകാൻ പ്രാദേശികമായി ആളുകൾ മുന്നോട്ടുവരേണ്ടതുണ്ടെന്നും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."