പാഠ്യപദ്ധതി ചട്ടക്കൂട്: രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം; ശുഐബുല്‍ ഹൈതമി
ജിദ്ദ: കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പാഠ്യപദ്ധതി ചട്ടക്കൂടിനെപ്പറ്റി രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വാഗ്മിയും യുവ പണ്ഡിതനുമായ ശുഐബുല്‍ ഹൈതമി പറഞ്ഞു. പാഠപുസ്തകങ്ങള്‍ വഴിയും പള്ളിക്കൂടങ്ങള്‍ വഴിയും മത വിരുദ്ധമായ ജന്‍ഡര്‍ ന്യുട്രാലിറ്റി അടക്കമുള്ള ലിബറല്‍ ആശയങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ചെറുത്തു തോല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ 'ഇസ്‌ലാം ബൗദ്ധികം, സമഗ്രം, സംവാദാത്മകം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശുഐബുല്‍ ഹൈതമി.
മനുഷ്യര്‍ ആണും പെണ്ണുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ആണിനെ പെണ്ണാക്കാനോ പെണ്ണിനെ ആണാക്കാനോ പാടില്ലാത്തതാണ്. വ്യക്തിയാണ് ഒരാളുടെ ശരിയും തെറ്റും തീരുമാനിക്കുന്നത് എന്ന ആധുനിക വാദം ഏറെ അപകടകാരമാണെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങളില്‍ ഇത്തരം ചിന്താഗതി വളര്‍ന്നു വരുന്നത് കാരണം ഇപ്പോള്‍ ക്യാമ്പസുകളില്‍ വളരെ അപകടകരമായ അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
വേദ ഗ്രന്ഥമായ ഖുര്‍ആന്‍ ഹിജാസിന്റെ ആസ്ഥാനമായ മക്കയില്‍ അവതരിച്ചത് നിരവധി തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു. പുരാതന കാലം മുതല്‍ സഞ്ചാര പ്രിയരായിരുന്ന അറബികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളെപ്പറ്റി നല്ല അറിവ് ഉണ്ടായിരുന്നു. അവരിലൂടെയാണ് ഖുര്‍ആനിന്റെ സന്ദേശം ലോകം മുഴുവന്‍ പ്രചരിച്ചത്. മനുഷ്യന്റെ എല്ലാ അഭിരുചികളും തൃപ്തിപ്പെടുത്തുന്ന വിഭവങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലമേറെ കഴിഞ്ഞിട്ടും മാറുന്ന ലോകത്ത് ഖുര്‍ആന്‍ ഒരു മാറ്റവും കൂടാതെ നിലനില്‍ക്കുന്നത് അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തത് കൊണ്ടാണെന്നു ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഷറഫിയ്യ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി എസ് ഐ സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. എസ് ഐ സി ജിദ്ദ ചെയര്‍മാന്‍ നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി.
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ജാമിഅഃ നൂരിയ അറബിക്കോളേജ് പ്രൊഫസറുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ 'ഖുര്‍ആന്‍ പഠന പര്യടനം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എസ് ഐ സി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിക്ക് പ്രവാസികളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യുക്തി വാദികളും നാസ്തികരും ഖുര്‍ആനിനെ ദുര്‍ വ്യാഖ്യാനം ചെയ്യുമ്പോള്‍ ശരിയായ രീതിയിലുള്ള ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ ശരിയായ രീതിയില്‍ വായിക്കുകയും അതനുസരിച്ച് വിവിധ വിഷയങ്ങളില്‍ പഠനങ്ങള്‍ നടത്തുകയും ചെയ്ത പലരും ലോക പ്രശസ്തരായതായും അവരില്‍ പലരും അമുസ്‌ലിംകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ എസ് ഐ സി മക്ക പ്രൊവിന്‍സ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എസ് ഐ സി ജിദ്ദ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി സൈനുദ്ധീന്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു. സയ്യിദ് ഹാഷിം തങ്ങള്‍ വേങ്ങര സംബന്ധിച്ചു.
ഉസ്മാന്‍ എടത്തില്‍, മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, എ. ടി ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ജാബിര്‍ നാദാപുരം, അബ്ദുല്‍ മുസവ്വിര്‍ കോഡൂര്‍, വിഖായ വളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."