സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തിലെന്ന് പരാതി വിഷു സ്‌പെഷല്‍ കിറ്റ് ലഭിച്ചത് 14 ലക്ഷം പേര്‍ക്കു മാത്രം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍ എന്നു പരാതി. ഈ നിലയില്‍ പോയാല്‍ വിഷുവിനു മുന്‍പായി കിറ്റ് വിതരണം പോലും പൂര്‍ത്തിയാകില്ലെന്നു റേഷന്‍ വ്യാപാരികള്‍ പറയുന്നു.
വിഷു എത്തിയെങ്കിലും സര്‍ക്കാരിന്റെ സ്‌പെഷല്‍ കിറ്റ് എത്തിയത് ആകെയുള്ള 90 ലക്ഷത്തില്‍ പരം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 14.71 ലക്ഷം പേരുടെ വീട്ടില്‍ മാത്രമാണ്.
തെരഞ്ഞെടുപ്പിനു മുന്‍പ് ഈസ്റ്റര്‍ സ്‌പെഷല്‍ കിറ്റിനെക്കുറിച്ച് കൊട്ടിഘോഷിച്ചു പ്രചാരണം നടത്തിയെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണത്തിന്റെ താളംതെറ്റി. മാര്‍ച്ച് മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയാകാതെയാണ് ഏപ്രില്‍ മാസത്തെ സ്‌പെഷല്‍ കിറ്റ് വിതരണം ആരംഭിച്ചത്. നിലവില്‍ രണ്ടു കിറ്റുകളും ആവശ്യത്തിനു റേഷന്‍ കടകളില്‍ എത്തുന്നില്ല.
തെരഞ്ഞെടുപ്പ് കാലത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു കിറ്റ് നല്‍കിയതിനെക്കുറിച്ച് എല്‍.ഡി.എഫ് വ്യാപക പ്രചാരണം നടത്തിയിരുന്നു.
ഏപ്രിലിലെ സ്‌പെഷല്‍ കിറ്റ് വാങ്ങണമെന്നു ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശവും നല്‍കി. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടകളില്‍ വന്‍ തിരക്കും അനുഭവപ്പെട്ടു. വോട്ടെടുപ്പ് കഴിഞ്ഞതോടെ കിറ്റുമില്ല, തിരക്കുമില്ല എന്ന സ്ഥിതിയാണ്.
തെരഞ്ഞെടുപ്പു കമ്മിഷന്‍ വിലക്കിയതിനെതിരേ നിയമയുദ്ധം നടത്തി വിതരണത്തിന് അനുമതി നേടിയെടുത്ത സ്‌പെഷല്‍ അരിയുടെ വിതരണവും സ്തംഭിച്ച മട്ടാണ്. മുന്‍ഗണന ഇതര വിഭാഗങ്ങളില്‍ വരുന്ന നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് കിലോയ്ക്ക് 15 രൂപയ്ക്ക് 10 കിലോ അരി നല്‍കുമെന്നാണു പ്രഖ്യാപനം. രണ്ടു വിഭാഗങ്ങളിലും കൂടി 50 ലക്ഷത്തില്‍ പരം കാര്‍ഡ് ഉടമകള്‍ ഉണ്ടെങ്കിലും ഇതു വരെ അരി കിട്ടിയത് 1.94 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കു മാത്രം.
ഉത്സവകാല സ്‌പെഷല്‍ അരിയും ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടതായി സംഘടനാ നേതാക്കള്‍ ആരോപിച്ചു. സെര്‍വര്‍ തകരാറ് പലപ്പോഴും റേഷന്‍ വിതരണത്തെ ബാധിക്കുന്നുണ്ട്. ഉത്തരവാദിത്വം ആരും എല്‍ക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കഴിഞ്ഞ ഏഴു മാസത്തെ കിറ്റ് വിതരണത്തിന്റെ കമ്മിഷന്‍ പല റേഷന്‍ വ്യാപാരികള്‍ക്കും നല്‍കിയിട്ടില്ല. മൂന്നു മാസം കൊണ്ടു വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്നു പറഞ്ഞെങ്കിലും മാറ്റമുണ്ടായില്ലെന്നും ആരോപണമുയരുന്നുണ്ട്. ഭക്ഷ്യസുരക്ഷ അട്ടിമറിക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."