ബജറ്റ് 2023: പ്രവാസികൾക്കുനേരെ കണ്ണടച്ചെന്ന് പുത്തൂർ റഹ്‌മാൻ
ദുബൈ: അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ബജറ്റാണ് നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് കെ.എം.സി.സി ദേശീയ പ്രസിഡന്റ് പുത്തൂർ റഹ്‌മാൻ. പ്രവാസികളെ സംബന്ധിച്ച് പ്രത്യേക പരാമർശങ്ങളൊന്നും തന്നെയില്ല. വിദേശ നിക്ഷേപം എന്ന ഗണത്തിൽ പ്രവാസി വരുമാനം രാജ്യത്തേക്ക് ആകർഷിക്കാനുള്ള താൽപര്യം മാത്രമാണ് പ്രകടിപ്പിച്ചുകാണുന്നത്. ബജറ്റുകളിൽ തുക വകയിരുത്തലുകളല്ല, വാഗ്ദാനങ്ങളാണ് ഇപ്പോൾ കേന്ദ്രസ്ഥാനത്ത് വരുന്നത്. അത് ഇത്തവണയും ആവർത്തിച്ചു.
പ്രധാനമായും മൂന്നു കാര്യങ്ങളാണ് കഴിഞ്ഞ ബജറ്റിലെ ജനക്ഷേമപദ്ധതികളെന്ന് കെ.എം.സി.സി നേതാവ് ചൂണ്ടിക്കാട്ടി. എല്ലാവർക്കും വീട് എന്ന പദ്ധതിയായിരുന്ന അതിലൊന്ന്. പ്രധാനമന്ത്രി ആവാസ് യോജന മോദി സർക്കാരിന്റെ പ്രധാന ക്ഷേമപദ്ധതികളിൽ ഒന്നാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും അർഹരായ ഗുണഭോക്താക്കൾക്കായി എട്ട് ദശലക്ഷം വീടുകൾ നിർമിക്കുന്നതിന് 480 ബില്യൻ രൂപ അനുവദിച്ചതായാണ് കഴിഞ്ഞ ബജറ്റിലെ പരാമർശം. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന മന്ത്രാലയങ്ങൾ ലക്ഷ്യം കൈവരിക്കാനാവാതെ സമയപരിധി നീട്ടാൻ ആവശ്യപ്പെടുകയാണുണ്ടായത്. ഇത്തവണ അക്കാര്യം ബജറ്റിലേയില്ല.
38 ദശലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാൻ ധനമന്ത്രി കഴിഞ്ഞ ബജറ്റിൽ 600 ബില്യൺ രൂപ അനുവദിച്ചു. ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 17 ദശലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് പൈപ്പ് വാട്ടർ കണക്ഷൻ നൽകിയത്. കഴിഞ്ഞ ബജറ്റിൽ ദേശീയപാത ശൃംഖല 25,000 കിലോമീറ്റർ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നത് 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 5,774 കിലോമീറ്റർ വികസനം മാത്രമാണ് സാധിച്ചതെന്നാണ്. ലക്ഷ്യം പ്രാപിക്കാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റുകളിൽ എഴുന്നള്ളിക്കുന്നതെന്നും റഹ്‌മാൻ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."