റഷ്യക്കെതിരായ യു.എസ് ഉപരോധം ഡോളറിന്റെ അപ്രമാദിത്വം ഇല്ലാതാവുമെന്ന് ഐ.എം.എഫ്
വാഷിങ്ടൺ
റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയത് ആഗോള വിപണിയിൽ യു.എസ് ഡോളറിന്റെ അപ്രമാദിത്വം കുറയാൻ ഇടയാക്കുമെന്ന് ഐ.എം.എഫ്.
റഷ്യൻ ബാങ്കുകൾക്കുമേൽ പടിഞ്ഞാറൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവും സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ടുള്ള നടപടികളും അന്താരാഷ്ട്ര നാണയവ്യവസ്ഥ ശിഥിലമാകാൻ ഇടയാക്കുമെന്നും ഐ.എം.എഫ് പ്രഥമ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടർ ഗീത ഗോപിനാഥ് മുന്നറിയിപ്പു നൽകി.
ഈയൊരൂ അവസ്ഥയിലും ഡോളർ പ്രധാന ആഗോള കറൻസിയായി തുടരും.
എന്നാൽ ചെറിയ അളവിലുള്ള ശൈഥില്യത്തിന് ഉപരോധം ഇടയാക്കുമെന്ന് അവർ പറഞ്ഞു.
റഷ്യയിൽ നിന്ന് പ്രകൃതിവാതകം വാങ്ങുന്ന പടിഞ്ഞാറൻ രാജ്യങ്ങൾ ഏപ്രിൽ ഒന്നുമുതൽ വില റഷ്യൻ റൂബിളിൽത്തന്നെ നൽകണമെന്ന് പ്രസിഡന്റ് പുടിൻ ഉത്തരവിറക്കിയിരുന്നു.
ഇതിനായി അവർ റഷ്യൻ ബാങ്കുകളിൽ അക്കൗണ്ട് തുറക്കണമെന്നും ഈ അക്കൗണ്ടിൽ നിന്ന് പ്രതിഫലം നൽകണമെന്നും പുടിൻ നിർദേശിച്ചിട്ടുണ്ട്.
യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള റഷ്യയുടെ പദ്ധതിയുടെ ഭാഗമായാണിത്.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ആഗോള വിപണിയിൽ യു.എസ് കറൻസിയുടെ അപ്രമാദിത്വം പതിയെ കുറഞ്ഞുവരുകയാണ്. വിവിധ രാജ്യങ്ങളുടെ കരുതൽധന നിക്ഷേപം യു.എസ് ഡോളറിലാകുന്നത് 20 വർഷത്തിനിടെ 12 ശതമാനം കുറഞ്ഞു. 1999ൽ 71 ശതമാനമെന്നത് 2021ഓടെ 59 ശതമാനമായി.
യൂറോ, ജപ്പാന്റെ യെൻ, ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിങ് എന്നിവയിൽ 1.2 ലക്ഷം കോടി ഡോളറിന്റെ വിദേശനിക്ഷേപമാണ് നിലവിലുള്ളത്.
2021ൽ ആകെ കരുതൽ ധനത്തിന്റെ 10 ശതമാനം ഈ കറൻസികളിലാണ്.
ഇതിനു പുറമെ,അടുത്തിടെ സഊദി ചൈനയുമായുള്ള എണ്ണ വ്യാപാരം ഡോളറിനു പകരം ചൈനീസ് കറൻസിയായ യുവാനിലാക്കുമെന്ന് അറിയിച്ചിരുന്നു. ഇതും യു.എസിന്റെ മേൽക്കോയ്മക്കു തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."