കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് യുവാക്കള്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
തിരുവനന്തപുരം: കുഴല്‍മന്ദത്ത് കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ തുടരന്വേഷണത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് തട്ടി പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് മാവുങ്കാല്‍ ഉദയന്‍ കുന്ന് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഒരു കാറിന്റെ ഡാഷ് ബോര്‍ഡിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ പങ്ക് വ്യക്തമായത്. റോഡിന്റെ ഇടത് ഭാഗത്ത് ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും ബസ് വലത്തോട്ട് വെട്ടിച്ച് എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അപകട ദൃശ്യങ്ങള്‍, പുറത്തുവന്നതോടെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മന: പൂര്‍വ്വം അപകടമുണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."