രാജിവെച്ചത് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായതോടെയെന്ന് പി.കെ ഫിറോസ്: മുഖ്യമന്ത്രിയും കൂട്ടുപ്രതി; യു.ഡി.എഫ് വന്നാല്‍ കേസ് വിജിലന്‍സിന് കൈമാറുമെന്നും ഫിറോസ്
കോഴിക്കോട്: രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണ് രാജിയെന്ന കെ.ടി ജലീലിന്റെ വാദം തെറ്റാണെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ധാര്‍മികത ഉണ്ടെങ്കില്‍ ജലീല്‍ നേരത്തെ രാജി വെക്കണമായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജി വെച്ചത്. അവസാന നിമിഷവും നുണ പറയാനാണ് ജലീല്‍ ശ്രമിച്ചതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേസ് വിജിലന്‍സിന് കൈമാറും. എന്നാല്‍ ഇപ്പോള്‍ അഴിമതിയുമായി ബന്ധപ്പെട്ട കേസ് വിജിലന്‍സിന് കൈമാറാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് ഫിറോസ് ചോദിച്ചു. നിയമ മന്ത്രിക്ക് നിയമമറിയാത്തത് കൊണ്ടാകണം രാജി വെക്കേണ്ടതില്ലെന്ന് പറഞ്ഞത്? രാജി വെക്കാതെ ഹൈക്കോടതിയെ സമീപിച്ചത് തന്നെ തെറ്റാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ താന്‍ ജലീലിനെതിരെ ഉന്നയിച്ച എല്ലാ വിഷയങ്ങളും അന്വേഷിക്കും. ജലീലിന്റെ രാജി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ലോബിക്കേറ്റ തിരിച്ചടിയാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
ലോകായുക്ത വിധി അംഗീകരിക്കേണ്ടതില്ലെന്ന് ജലീല്‍ ആദ്യ ഘട്ടത്തില്‍ പറഞ്ഞു. തനിക്കെതിരെ വ്യക്തിപരമായ ആരോപണവും കളിയാക്കലുമുണ്ടായി. ഹൈക്കോടതിയില്‍ നിന്ന് നേരത്തെ ഫിറോസിനെതിരെ വിധി വന്നെന്ന് മന്ത്രി കളവ് പറഞ്ഞു. ഹൈക്കോടതി തള്ളിയ കേസാണെന്നും നുണ പറഞ്ഞു.
മന്ത്രിയുടെ രക്തം ഊറ്റിക്കുടിക്കാന്‍ ആരും ശ്രമിച്ചില്ല, പൊതു ജനത്തിന്റെ നികുതി പണം ഊറ്റാനാണ് മന്ത്രി ശ്രമിച്ചത്. അദ്ദേഹം ചെയ്ത എല്ലാ സ്വജനപക്ഷപാതത്തിനും മുഖ്യമന്ത്രി കൂട്ടുനിന്നു. ഇ.പി ജയരാജന് ലഭിക്കാത്ത ആനുകൂല്യം ഇത്രയും കാലം ജലീലിന് കിട്ടി. മുഖ്യമന്ത്രിക്കും തെറ്റില്‍ പങ്കുണ്ട്. അദ്ദേഹവും കൂട്ടുപ്രതിയാണ്. ജലീല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്ഥിതിക്ക് മുഖ്യമന്ത്രിയും കുറ്റക്കാരനാണ്. മുഖ്യമന്ത്രിയുടെ അടുത്ത നീക്കമറിയാന്‍ പൊതു ജനത്തിന് താല്‍പര്യമുണ്ട്.
ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."