ദുബൈ എക്സ്പോ2020 മാമാങ്കത്തിന് കണ്ണഞ്ചിപ്പിക്കുന്ന സമാപനം; ഇത് അവസാനമല്ല തുടക്കമെന്ന് ശൈഖ് മുഹമ്മദ്
അഷറഫ് ചേരാപുരം
ദുബൈ:ദുബൈയുടെ ആറുമാസക്കാലത്തെ മാമങ്കത്തിന് സമാപനം. ലോകശ്രദ്ധ പിടിച്ചു പറ്റിയ എക്സ്പോ 2020യാണ് ഇന്നലെ സമാപിച്ചത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോ കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളോടെ ഇന്നലെ സമാപനം കുറിക്കുകയായിരുന്നു. 180 ദിവസങ്ങളിലാണ് ലോകരാജ്യങ്ങള്‍ പങ്കെടുത്ത എക്സ്പോ ദുബൈയില്‍ നടന്നത്. 96 ഇടങ്ങളിലായി 30,000ത്തിലേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതോടനുബന്ധിച്ച് അരങ്ങേറിയത്. രണ്ടു കോടിയില്‍ പരം ആളുകള്‍ ഇവിടെ സന്ദര്‍ശകരായെത്തിയെന്നാണ് കണക്ക്. ലോകം ഇതുവരെ കാണാത്ത ദൃശ്യവിരുന്നാണ് സമാപന ചടങ്ങില്‍ നടന്നത്.
ഇന്നലെ വൈകീട്ട് യു.എ.ഇ സമയം ഏഴ് മണി മുതല്‍ അല്‍ വാസല്‍ പ്ലാസയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400ലേറെ കലാകാരന്‍മാര്‍ അണിനിരന്ന വിസ്മയ പരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ വീക്ഷിക്കുന്നതിനായി എക്‌സ്‌പോ നഗരിയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു.എക്‌സ്‌പോ ഉദ്ഘാടന ചടങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ഇന്ത്യന്‍ പെണ്‍കുട്ടി മിറാ സിങ് തന്നെയായിരുന്നു സമാപന ചടങ്ങിനും തുടക്കം കുറിച്ചത്. ചടങ്ങില്‍ എക്‌സ്‌പോ പതാക 2025ലെ മേളയുടെ ആതിഥേയരായ ജപ്പാന് കൈമാറി. ജപ്പാനിലെ ഒസാകയില്‍ 2025 ഏപ്രില്‍ 13 മുതല്‍ ഒക്ടോബര്‍ 13 വരെയാണ് അടുത്ത എക്‌സ്‌പോ. എ.ആര്‍ റഹ്‌മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തില്‍ യു.എ.ഇയുടെ ദേശീയഗാനം മുഴങ്ങിക്കേട്ടു.
ഗ്രാമി ജേതാവായ സെലിസ്റ്റ് യോ യോ മാ മില്ലേനിയം ആംഫി തിയേറ്ററില്‍ സംഗീത പരിപാടി അവതരിപ്പിച്ചു. പോപ്പ് സംഗീത ഇതിഹാസം ക്രിസ്റ്റീന് അഗ്വിലേറ ജൂബിലിയും എത്തിയിരുന്നു.പുലര്‍ച്ചെ മൂന്നു മണി വരെ എക്‌സ്‌പോയുടെ സമാപന ചടങ്ങുകള്‍ നീണ്ടു. വെടിക്കെട്ടും വെള്ളിവെളിച്ചം വിതറിയും ആവേശക്കൊടുമയിലെത്തിയ സമാപനം കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. സന്ദര്‍ശകര്‍ക്ക് എത്താന്‍ രാത്രി മുഴുവന്‍ ദുബൈ മെട്രോ സര്‍വീസ് നടത്തി. വിവിധ മേഖലകളില്‍ നിന്നുള്ള എക്‌സ്‌പോ റൈഡര്‍ ബസുകള്‍ക്കും പുറമെ ടൂറിസ്റ്റ് ബസുകളും സര്‍വീസ് നടത്തി. വിവിധ രാജ്യങ്ങളുടെ പവലിയനുകളില്‍ സൗദി അറേബ്യ സ്വര്‍ണവും സ്വിറ്റ്സര്‍ലന്റ് വെള്ളിയും ചൈന വെങ്കലവും നേടി. ഇന്ത്യന്‍ പവലിയന്റെ സാന്നിധ്യവും ഏറെ ശ്രദ്ധാര്‍ഹമായിരുന്നു. ഇത് അവസാനമല്ല, പുതിയ തുടക്കമാണെന്ന് എക്‌സ്‌പോയുടെ തിരശീല വീഴുന്ന ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ പ്രധാമമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."