ബേപ്പൂര്‍ പുലിമുട്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും
ഫറോക്ക്: വിനോദ സഞ്ചാര കേന്ദ്രമായ ബേപ്പൂര്‍ പുലിമുട്ട് തീരത്തിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. തീരത്തെ തകര്‍ന്നുകിടക്കുന്ന നിര്‍മിതികള്‍ അറ്റകുറ്റപ്പണി നടത്തി വെളിച്ചവും വെളളവുമൊരുക്കി സജ്ജീകരിക്കുന്നതിന് അമ്പത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ് അറ്റകുറ്റപ്പണികളുടെ ചുമതല.
നിരവധി വിനോദസഞ്ചാരികളെത്തുന്ന ബേപ്പൂര്‍ പുലിമുട്ട് തീരത്ത് അറ്റകുറ്റപ്പണി നടത്താത്തത് കാരണം എല്ലാം തകര്‍ന്നു കിടക്കുകയാണ്. കോടി കണക്കിനു രൂപ ചെലവഴിച്ചു നവീകരിച്ച തീരത്തെ നിര്‍മാണങ്ങളെല്ലാം നശിച്ചിട്ടുണ്ട്.
വിനോദ സഞ്ചാരികള്‍ക്ക് കയറി നില്‍ക്കാനൊരിടം പോലും ഇന്നു തീരത്തില്ല. ഈ ശോച്യാവസ്ഥയില്‍ നിന്നും തീരത്തെ മാറ്റിയെടുക്കാനാണ് പ്രാഥമിക ഘട്ടമെന്ന നിലയില്‍ 50 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികള്‍ തിങ്കളാഴ്ച ആരംഭിക്കുന്നത്.
ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിനു വിനോദസഞ്ചാരികള്‍ ദിനംപ്രതിയെത്തുന്ന തീരത്ത് സമ്പൂര്‍ണ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്താനും പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നുണ്ട്. പൊലിസിന്റെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കും. തിരക്കേറിയ സീസണുകളില്‍ കൂടുതല്‍ പൊലിസുകാരെ നിയോഗിക്കും. തീരവാസികള്‍ക്ക് ദോശകരമല്ലാത്ത രീതിയില്‍ പുലിമുട്ട് തീരത്തേക്കുളള സന്ദര്‍ശന സമയം രാവിലെ അഞ്ചു മുതല്‍ രാത്രി പത്തുവരെയായി നിശ്ചയിക്കും.
തീരശുചീകരണം ഫലപ്രദമയി നടത്തുന്നതിനായി തൊഴിലാളികള്‍ക്ക് പ്രത്യേകം മേഖല തിരിച്ചു നല്‍കും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി ജൈവം, അജൈവത്തിനായി രണ്ട് തരം വേസ്റ്റ് ടബുകള്‍ സ്ഥാപിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറിയുടെ ചുമതലയുളള സബ്കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായി.
തീരത്തെ വികസന പ്രവൃത്തികള്‍ വിലയിരുത്തിന്നതിനും നിര്‍മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ജനപപ്രതിനിധികളും സംഘടനാ പ്രതിനിധികളുമടങ്ങിയ 15 അംഗ കമ്മിറ്റി രൂപീകരിച്ചു.
ശുചീകരണം, സാമൂഹ്യ വിരുദ്ധരുടെ കടന്നുകയറ്റം തുടങ്ങിയ പ്രശ്‌നങ്ങളില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ മോണിറ്ററിംഗ് കമ്മിറ്റി ഇടപെടാനും നിശ്ചയിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് സ്ഥലത്തിനു മുമ്പിലായി പ്രത്യേകം കവാടം നിര്‍മ്മിച്ചു അനധികൃത പ്രവേശനം നിയന്ത്രിക്കും.
കേന്ദ്രത്തിലെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീയും പുനക്രമീകരിച്ചു. കാറുകള്‍ക്ക് 50, മിനി ബസ് 50, ബസ് 100 രൂപ എന്നിങ്ങിനെയാണ് നിരക്കുകള്‍. പുതുക്കിയ നിരക്കുകള്‍ അടുത്തമാസം ഒന്നിന് പ്രാബല്യത്തില്‍ വരും.
യോഗത്തില്‍ വി.കെ.സി.മമ്മദ്‌കോയ എം.എല്‍.എ. അധ്യക്ഷം വഹിച്ചു. വികസന പ്രവര്‍ത്തനങ്ങളെകുറിച്ചു എം.എല്‍.എ വിശദീകരിച്ചു.
പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, കൗണ്‍സിലര്‍മാരായ പി.പി.ബീരാന്‍ കോയ, പി.അനില്‍കുമാര്‍, പേരോത്ത് പ്രകാശന്‍, എന്‍.സതീശന്‍, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മോഹന കൃഷ്ണന്‍, എം.എം.മുഹമ്മദ്‌കോയ, ടി.കെ.അബദുല്‍ ഗഫൂര്‍, കെ.പി.ഹുസൈന്‍, കരിച്ചാലി പ്രേമന്‍, ഡി.ടി.പി.സി മാനേജര്‍ ശ്രീനിവാസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."