മുംബൈയെ ബൗളര്‍മാര്‍ രക്ഷിച്ചു
ചെന്നൈ: ബൗളര്‍മാര്‍ പിടിമുറുക്കിയ ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. 10 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 10 വിക്കറ്റിന് 152 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തയുടെ പോരാട്ടം ഏഴിന് 142 റണ്‍സില്‍ അവസാനിച്ചു. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ മുംബൈ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങ്ങാണ് ടീമിന് വിജയം സമ്മാനിച്ചത്. മുംബൈക്ക് വേണ്ടി രാഹുല്‍ ചഹര്‍ നാലും ട്രെന്റ് ബോള്‍ട്ട് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ നായകന് രോഹിത് ശര്‍മയ്ക്കും (32 പന്തില്‍ 43) സൂര്യകുമാര്‍ യാദവിനും(36 പന്തില്‍ 56) മാത്രമാണ് തിളങ്ങാനായത്. രണ്ട് സിക്സറും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്സ്. 10.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീമിനെ 86ലെത്തിച്ച് പിരിഞ്ഞ ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് ടീം സ്കോറിങ് ഉയര്‍ത്തുന്നതില്‍ തിരിച്ചടിയായി. കൊല്‍ക്കത്തയ്ക്കു വേണ്ടി ആന്ദ്രേ റസ്സല്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കുമ്മിന്‍സ് രണ്ടും പിഴുതു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിതീഷ് റാണയും(47 പന്തില്‍ 57) ശുഭ്മാന്‍ ഗില്ലും (24 പന്തില്‍ 33)ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത് 8.5 ഓവറില്‍ 72 റണ്‍സ്. പക്ഷേ, പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാന്‍ കഴിയാതെ വന്നതോടെ കൊല്‍ക്കത്തയ്ക്ക് 10 റണ്‍സിന്റെ പരാജയം സമ്മതിക്കേണ്ടി വന്നു. അവസാന ഓവറിലേക്ക് മത്സരം ദീര്‍ഘിപ്പിച്ച് കളി ജയിക്കാമെന്ന ദിനേശ് കാര്‍ത്തികിന്റെയും(11 പന്തില്‍ 8) റസ്സലിന്റെയും(15 പന്തില്‍ 9) പ്ലാനിങ്ങിനെ പൊളിച്ചടക്കിയ ബൗളര്‍മാര്‍ മുംബൈക്ക് ടൂര്‍ണമെന്റിലെ ആദ്യ ജയവും സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."